പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; നഗരസഭാ ചെയര്‍പഴ്‌സനടക്കം 9 കൗൺസിലർമാർ രാജിക്ക് ഒരുങ്ങുന്നു

പാലക്കാട്: സംഘടനാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കാനിരിക്കെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. പ്രശാന്ത് ശിവനെ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റാക്കുന്നതിനെതിരേ ഒരു വിഭാഗം രംഗത്തെത്തി. കൃഷ്ണകുമാര്‍ പക്ഷത്തിനെതിരേ വിമര്‍ശനമുയര്‍ത്തിക്കൊണ്ട് നഗരസഭാ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും നാല് കൗണ്‍സിലര്‍മാരുമടക്കം 9 പേര്‍ രാജിവെക്കാനുള്ള നീക്കത്തിലാണ്. ഇവർ നാളെ ബിജെപി സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കുമെന്നാണ് സൂചന. അധ്യക്ഷനെ പ്രഖ്യാപിക്കാൻ മുതിർന്ന നേതാവ് കെ.എസ്.രാധാകൃഷ്ണൻ നാളെ ജില്ലയിലേക്ക് എത്താനിരിക്കെയാണ് നാടകീയ സംഭവങ്ങൾ.
.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റാണ് പ്രശാന്ത് ശിവന്‍. 35 വയസ്സ് മാത്രമാണ് പ്രായമുള്ളത്. പ്രസിഡന്റാവാന്‍ 35 മുതല്‍ 60 വയസ്സ് വരെയാണ് പ്രായപരിധി. നാല് വര്‍ഷമെങ്കിലും ബിജെപിയില്‍ പ്രവര്‍ത്തിക്കണമെന്ന യോഗ്യതയും പ്രശാന്ത് ശിവനില്ല തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്രനേതൃത്വമാണ് പ്രശാന്ത് ശിവനെ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി നിര്‍ദേശിച്ചത്. ജില്ലാ ആസ്ഥാനകേന്ദ്രം ഉള്‍പ്പെടുന്ന പാലക്കാട് മണ്ഡലം അടക്കം ഉള്‍ക്കൊള്ളുന്നതാണ് പാലക്കാട് ഈസ്റ്റ് ജില്ല. തുടക്കത്തില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിലര്‍ പ്രശാന്ത് ശിവന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പാനല്‍ തിരിഞ്ഞ് വോട്ടെടുപ്പ് നടത്തിയപ്പോള്‍ പ്രശാന്തിന്റെ പേരുണ്ടായിരുന്നില്ല. എന്നാല്‍, കേന്ദ്രനേതൃത്വം തയ്യാറാക്കിയ പട്ടികയെന്ന പേരില്‍ അപ്രതീക്ഷിതമായി വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് പാനലില്‍ മത്സരിക്കാത്ത പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്. ഇതുപ്രകാരം പ്രശാന്ത് ശിവന്‍ നാമനിര്‍ദേശം സമര്‍പ്പിച്ചു.
.
സമവായത്തിലൂടെയാണ് ബി.ജെ.പി. ജില്ലാ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍, പാലക്കാട്ടെ സമവായ ചര്‍ച്ചയിലും ആറു പേരുകള്‍ ഉയര്‍ന്നുവന്നതോടെ നിരീക്ഷകരെത്തി രഹസ്യവോട്ടെടുപ്പ് നടത്തി. പ്രത്യക്ഷത്തില്‍ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് പറയുമ്പോഴും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അനുകൂലിക്കുന്ന പാനലായി ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ. ഓമനക്കുട്ടന്‍, മലമ്പുഴ മണ്ഡലത്തിലെ ബി.ജെ.പി. നേതാവ് കെ. ഷണ്‍മുഖന്‍, സി. മധു എന്നിവര്‍ ഒരുപാനലില്‍ മത്സരിച്ചപ്പോള്‍ ജില്ലാ വൈസ് പ്രസിഡന്റും പാലക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായി പി. സ്മിതേഷ്, ജില്ലാ ഭാരവാഹിയും കൗണ്‍സിലറുമായ പി. സാബു, പി. ഭാസി എന്നിവര്‍ എതിര്‍ പാനലിലും മത്സരിച്ചു. ഇവരില്‍ ആരെങ്കിലും ജില്ലാ പ്രസിഡന്റ് ആവുമെന്നായിരുന്നു ജില്ലാനേതൃത്വം പ്രതീക്ഷിച്ചിരുന്നത്.

ഈസ്റ്റ് ജില്ലയില്‍ 60 പേര്‍ക്കാണ് ജില്ലാ പ്രസിഡന്റിനെ രഹസ്യബാലറ്റിലൂടെ നിര്‍ദ്ദേശിക്കാനാവുക. ഔദ്യോഗിക പക്ഷത്തിന് കൂടുതല്‍ സ്വീധീനമുള്ളതിനാല്‍ എ.കെ. ഓമനക്കുട്ടന്‍ ജില്ലാ പ്രസിഡന്റ് ആവുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. മറുപക്ഷത്ത് പി. സ്മിതേഷിനും വോട്ടെടുപ്പില്‍ കൂടുതല്‍ പിന്തുണകിട്ടിയെന്നും സൂചനയുണ്ട്. ഇതിനിടെയാണ് പ്രശാന്ത് ശിവനെ കേന്ദ്രനേതൃത്വം നിര്‍ദേശിക്കുന്നത്. പ്രശാന്ത് ശിവനും ഓദ്യോഗിക പക്ഷത്തിന്റെ ഭാഗമാണ്. ജില്ലയില്‍നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ അടക്കം പിന്തുണയുമുണ്ടാകും.
.
യുവമോര്‍ച്ചയിലെ പ്രവര്‍ത്തനങ്ങളും യുവാവ് എന്ന പരിഗണനയുമാവാം പ്രശാന്ത് ശിവനെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ആലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് വോട്ടുയര്‍ത്തിയിട്ടുമുണ്ട്. അതേസമയം, സംഘടനാതലത്തില്‍ ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കുള്ള അതൃപ്തി രാജിയിലേക്ക് നീങ്ങിയാല്‍ അത് പാലക്കാട് നഗരസഭയില്‍ നിന്ന് ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുപോകുന്ന സ്ഥിതിയിലേക്കും എത്തിയേക്കാം.
.
ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതല്‍ വോട്ട് കിട്ടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തിരഞ്ഞെടുത്തുവെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്. അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന ബിജെപി കൗണ്‍സിലര്‍മാരുമായി കോൺഗ്രസ് നേതാക്കൾ അനൗദ്യോഗിക ചർച്ച നടത്തുന്നുണ്ടെന്നും സൂചനയുണ്ട്

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!