വയനാട്ടില്‍ കടുവയെ പിടിക്കാനിറങ്ങിയ ദൗത്യ സംഘത്തിനു നേരെയും കടുവാ ആക്രമണം; ആര്‍ആര്‍ടി ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
മാനന്തവാടി: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിനു നേരെ കടുവാ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരുക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. ഉൾക്കാട്ടിൽ വച്ചായിരുന്നു ആക്രമണം. കടുവയെ കണ്ടെത്താന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെ വനപ്രദേശങ്ങളിലേക്ക് പോയിരുന്നു. രാധ കൊല്ലപ്പെട്ട തറാട്ടില്‍ എന്ന ഭാഗത്ത് വെച്ചാണ് കടുവ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത്. കൈക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുണ്ട്. ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
.
പിടികൂടാൻ സ്ഥാപിച്ച കൂടിനു സമീപം വരെ കടുവ എത്തിയെങ്കിലും കൂട്ടിലേക്ക് കയറിയിരുന്നില്ല. കടുവയെ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും വെടിവെക്കേണ്ട സാഹചര്യമുണ്ടായാൽ വെടിവെക്കുമെന്നും മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കി.
.
പഞ്ചാരക്കൊല്ലിയിലെ നരഭോജികടുവയെ പിടികൂടാനുള്ള തിരച്ചിൽ വനംവകുപ്പ് തുടരുകയാണ്. 80 അംഗ ആർആർടി സംഘം പ്രദേശത്ത് 8 ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തുകയാണ്. രണ്ടു കൂടുകളും 38 ക്യാമറകളും വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളിൽ ചിലർ കടുവയെ വീണ്ടും കണ്ടെന്ന് പറയുമ്പോഴും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ വനംവകുപ്പിനു കഴിഞ്ഞില്ല. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നും കടുവയ്ക്കായി തിരച്ചിൽ നടത്തും.
.
വനംമന്ത്രി എ.കെ. ശശീന്ദ്രന്‍റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്ന് ഉന്നതതല യോഗം ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികൾ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചർച്ചയാകും. ജില്ലാ കലക്ടർ, പൊലീസ് മേധാവി, വിവിധ ഡിഎഫ്ഒമാർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുക്കും. കടുവയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ബേസ് ക്യാംപിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ എഡിഎം സ്ഥലത്തെത്തി സർവകക്ഷിയോഗം ചേർന്നിരുന്നു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.