കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സത്രീയായി ഗ്രീഷ്മ; പ്രതികരണമില്ലാതെ ഗ്രീഷ്മ കോടതിയിൽ, പൊട്ടികരഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ (24). കേരളത്തില്‍ വധശിക്ഷ ലഭിച്ച രണ്ടാമത്തെ വനിത കൂടിയാണിവര്‍. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീക്ക ബീവിയ്ക്കാണ് ഇതിന് മുന്‍പ് തൂക്കുകയര്‍ ലഭിച്ചത്. 2024 മെയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ തന്നെയാണ് ഈ രണ്ട് കേസുകളിലും ശിക്ഷ വധിച്ചത്.
.
സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീക്ക ബിവി കൊലപ്പെടുത്തിയത്. കൂട്ടുപ്രതികളായ വള്ളിക്കുന്നത്തു വീട്ടില്‍ അല്‍ അമീന്, മൂന്നാം പ്രതി റഫീക്കയുടെ മകന് ഷെഫീക്ക് എന്നിവര്‍ക്കും വധശിക്ഷ ലഭിച്ചു. കേരളത്തില്‍ മുപ്പത്തിയൊമ്പത് പേരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഷാരോണ്‍ കേസിലെ വിധി ഇന്ന് വന്നതോടെ ഗ്രീഷ്മ നാല്‍പ്പതാമത്തെ പ്രതിയായി.
.
നെയ്യാറ്റിൻകര സെഷൻസ് കോടതി വധശിക്ഷ വിധിച്ചപ്പോൾ പ്രതികരണമില്ലാതെ കോടതി മുറിയിൽ നിൽക്കുകയായാരുന്നു ഗ്രീഷ്മ. കുറ്റബോധമോ മരവിപ്പോ എന്തെന്ന് മനസിലാക്കാൻ കഴിയാത്തവിധം തികഞ്ഞ മൗനത്തിലായിരുന്നു ഗ്രീഷ്മ. തുടക്കത്തിൽ ഗ്രീഷ്മയുടെ കണ്ണുകൾ നനഞ്ഞെങ്കിലും പിന്നീട് നിർവികാരയാവുകയായിരുന്നു. ഒടുവിൽ മകന്റെ മരണത്തിൽ നീതി ലഭിച്ചപ്പോൾ ആ അമ്മയും കുടുംബവും കോടതിയിൽ പൊട്ടികരഞ്ഞു.
.
ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണെന്നും ആന്തരിക അവയവങ്ങൾ ഒക്കെ അഴുകിയ നിലയിലായിരുന്നുവെന്നും നിരീക്ഷിച്ച കോടതി സമർത്ഥമായ കൊലപാതകമാണ് നടന്നതെന്നും വിധിപ്രസ്താവത്തിൽ ചൂണ്ടികാട്ടിയിരുന്നു. ഇത്തരം കേസിൽ പരമാവധി ശിക്ഷ നൽകരുത് എന്ന് നിയമം ഒന്നുമില്ലെന്നും നിരീക്ഷിച്ചാണ് 48 സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തൂക്കുകയർ വിധിച്ചത്.
.
ഷാരോൺ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി വിധിപ്രസ്താവത്തിൽ ചൂണ്ടികാട്ടി.
.
പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായരെ മൂന്ന് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താന്‍ ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവന് നിര്‍മലകുമാരനെതിരേയുമുള്ള കുറ്റം.
.
586 പേജുള്ള വിധിപ്രസ്താവമാണുള്ളത്. ദൃസാക്ഷികള്‍ ഇല്ലാത്തൊരു കേസില്‍ സാഹചര്യതെളിവുകളെ അതിസമര്‍ത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാന്‍ അന്വേഷണസംഘത്തിനായെന്നു പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു.
പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ഒന്നും രണ്ടും പ്രതികളായ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞിരുന്നു.
.
ആണ് സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.
.
കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.
വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.