കരാർ വൈകുന്നു: ബന്ദികളുടെ പട്ടിക ഹമാസ് നൽകിയില്ല; ഗസ്സയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ
15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിക്കുമെന്നു കരുതിയ ഗാസ വെടിനിർത്തൽ കരാർ അവസാന നിമിഷം നടപ്പായില്ല. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത പിന്മാറ്റം. പ്രാദേശികസമയം ഇന്നു രാവിലെ 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണു മധ്യസ്ഥരായ ഖത്തർ അറിയിച്ചിരുന്നത്. ഇതിനായി ലോക രാജ്യങ്ങളും കാത്തിരിക്കുകയായിരുന്നു.
.
മോചിപ്പിക്കുന്നവരുടെ പട്ടിക ഹമാസ് നൽകിയില്ലെന്നും അതു നൽകുംവരെ ഗാസയിൽ വെടിനിർത്തൽ തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരുമെന്നും ഐഡിഎഫ് വ്യക്തമാക്കി. സാങ്കേതിക പ്രശ്നം കാരണമാണു പട്ടിക കൈമാറാൻ വൈകിയതെന്നാണു ഹമാസിന്റെ പ്രതികരണം.
.
വെള്ളിയാഴ്ച 6 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേലിന്റെ പൂർണ മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അന്തിമ അംഗീകാരം നൽകിയത്. നേരത്തേ സുരക്ഷാ കാബിനറ്റും അനുമതി നൽകിയിരുന്നു. 3 ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തിൽ വിട്ടയയ്ക്കും. ആദ്യ ദിവസം 3 സ്ത്രീ ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക; ഏഴാം ദിവസം 4 പേരെയും. തുടർന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും.
ഗാസയിലുള്ള ഇസ്രയേൽ സൈനികർ അതിർത്തിയോടു ചേർന്ന ബഫർ സോണിലേക്കു പിൻവാങ്ങുന്നതോടെ, നേരത്തേ പലായനം ചെയ്ത പലസ്തീൻകാർക്കു മടങ്ങിപ്പോകാനാകും. ഒന്നാംഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിർത്തലിന്റെ രണ്ടാംഘട്ടം ചർച്ച ചെയ്തു തീരുമാനിക്കും. ഈ 16 ദിവസം നടപടികൾ സുഗമമല്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിരുന്നു. ഗാസയിൽ പ്രവേശിക്കാനായി സഹായവിതരണത്തിനുള്ള നൂറുകണക്കിനു ട്രക്കുകൾ ഈജിപ്ത് അതിർത്തിയിലെ റഫാ ഇടനാഴിയിൽ എത്തിയിട്ടുണ്ട്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.