സെയ്ഫിനെ ആക്രമിച്ചത് ബംഗ്ലാദേശ് സ്വദേശി; ഇന്ത്യയിൽ കഴിഞ്ഞത് വ്യാജരേഖ ഉപയോഗിച്ച്
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
.
പ്രതി ബംഗ്ലാദേശിയാണെന്ന് അനുമാനിക്കാന്‍ പ്രാഥമിക തെളിവുകളുണ്ടെന്നും ഇയാളുടെ കൈവശം സാധുവായ ഇന്ത്യന്‍ രേഖകളൊന്നുമില്ലെന്നും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗേദാം പറഞ്ഞു. ഇയാള്‍ ബംഗ്ലാദേശി പൗരനാണെന്ന് സൂചിപ്പിക്കുന്ന ചിലത് പിടിച്ചെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ പ്രതി ബംഗ്ലാദേശിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഇയാള്‍ തന്റെ പേര് മാറ്റി. വിജയ് ദാസ് എന്ന പേരാണ് പ്രതി നിലവില്‍ ഉപയോഗിച്ചിരുന്നത്. അഞ്ച്- ആറ് മാസം മുമ്പാണ് അയാള്‍ മുംബൈയിലെത്തിയത്. കുറച്ചുകാലം മുംബൈയില്‍ താമസിച്ചു- ഡിസിപി പറഞ്ഞു.
.
ഇന്ന് പുലര്‍ച്ചെയാണ് സംഭവത്തിലെ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത്. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു നിലവില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. താനെ വെസ്റ്റില്‍ നിന്ന് പിടിയിലായ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.