പൊതുസമൂഹത്തെ കൂട്ടുപിടിച്ച് മാത്രമേ ലീഗ് മുന്നോട്ട് പോകൂ: കേക്ക് വിഷയത്തിൽ ഹമീദ് ഫൈസിയെ തള്ളി കുഞ്ഞാലിക്കുട്ടി
കൊച്ചി: കേക്ക് മുറി വിവാദത്തിൽ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് ഉയർത്തി പിടിക്കുന്ന പാരമ്പര്യമാണ് സാദിക്കലി തങ്ങളും ഉയർത്തി പിടിച്ചതെന്ന് ചൂണ്ടിക്കാണിച്ച കുഞ്ഞാലിക്കുട്ടി പൊതു സമൂഹത്തെ കൂട്ടു പിടിച്ച് മാത്രമേ പാർട്ടി മുന്നോട്ട് പോകൂ എന്നും വ്യക്തമാക്കി. അല്ലാത്തതൊക്കെ വിഭാഗീയതയോ വർഗീയതയോ ആണ്. ആര് പറഞ്ഞാലും ലീഗ് അത് അവജ്ഞയോടെ തള്ളി കളയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഹമീദ് ഫൈസിയുടെ പ്രസ്താവനയെ പൊതു സമൂഹം വില കുറഞ്ഞ രീതിയിലാണ് കാണുക. അത്തരം കാര്യങ്ങൾ നിർത്തുകയാണ് നല്ലത്. ഇത്തരക്കാരെ നിയന്ത്രിക്കേണ്ടത് സമസ്ത നേതൃത്വത്തിൻ്റെ ഉത്തരവാദിത്തമാണ്. നിരന്തരം ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൻ്റെ ഉദ്ദേശം വേറെയാണ്. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകളെ കേരളം അവജ്ഞയോടെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
.
ക്ലിമീസ് ബാവയും സാദിഖലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച നല്ല കാര്യമാണെന്നും സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം കേരളത്തിന്റെ പാരമ്പര്യമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു. കേരള കോൺഗ്രസ് മറ്റൊരു മുന്നണിയിൽ നിൽക്കുകയാണ്. അവർ നിലപാട് പറയാതെ യാതൊരു ചർച്ചയ്ക്കും സാധ്യതയില്ല. ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
.
എസ്ഡിപിഐ പിന്തുണ സംബന്ധിച്ച വിഷയത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആര് ആരെ സഹായിച്ചു എന്ന് ഗവേഷണം നടത്താനാവില്ല. ഞങ്ങൾ യുഡിഎഫ് ആയാണ് മത്സരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സാമ്പാർ മുന്നണിയായി യുഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിച്ചവരുണ്ട്. ആ സാമ്പാറിലെ കഷ്ണങ്ങൾ തപ്പി നോക്കിയാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.
നേരത്തെ ക്രിസ്മസ് ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിനെ സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധനേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചിരുന്നു. വിശ്വാസമില്ലെങ്കിലും ഇതരമതാചാരങ്ങളിൽ പങ്കെടുക്കരുതെന്നായിരുന്നു അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ചൂണ്ടിക്കാണിച്ചിരുന്നത്. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു. സൗഹാർദത്തിന് കേക്ക് മുറിയ്ക്കാം എന്ന മറുപടിയുമായി സമസ്തയിലെ മുസ്ലിം ലീഗ് അനുകൂല വിഭാഗത്തിൻ്റെ നേതാവായ അബ്ദു സമദ് പൂക്കോട്ടൂരും രംഗത്തെത്തിയിരുന്നു.
സമസ്തയിൽ തർക്കപരിഹാരത്തിന് ഉപസമിതി രൂപീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും പുതിയൊരു വിഷയത്തിൽ വീണ്ടും ഭിന്നാഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തവണയും വിവാദത്തിലേക്ക് സാദിഖലി തങ്ങളെയാണ് വലിച്ചിഴക്കുന്നതെന്നും ശ്രദ്ധേയമാണ്.
.
ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ഈ വിഷയമാണ് ഇപ്പോൾ സമസ്തയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിന് വഴിതെളിച്ചിരിക്കുന്നത്. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് നേരത്തെ സന്ദർശനത്തിന് ശേഷം തങ്ങൾ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ ആശംസകൾ അറിയിക്കാനായി തങ്ങൾ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദർശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം. മുസ്ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീർ എംഎൽഎ, ഉമർ പാണ്ടികശാല, പി ഇസ്മായിൽ, ടിപിഎം ജിഷാൻ, എൻ സി അബൂബക്കർ എന്നിവരും സാദിഖലി തങ്ങൾക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.