ഇനി കളി വേറെ ലെവൽ: പി.വി.അൻവർ മമതയുടെ തൃണമൂലിനൊപ്പം ചേർന്നു; അംഗത്വം നൽകി അഭിഷേക് ബാനർജി

കൊൽക്കത്ത ∙ നിലമ്പൂർ എംഎൽഎയും ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പി.വി.അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽ‌കിയത്. കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍വെച്ചാണ് പാര്‍ട്ടി അംഗത്വമെടുത്തത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.
.
ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു. സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ അന്‍വര്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയില്‍ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടനയുണ്ടാക്കി. എന്നാല്‍, സി.പി.എമ്മുമായി നല്ല ബന്ധം തുടരുന്ന ഡി.എം.കെ. അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തയ്യാറായില്ല. പിന്നീട് ഡല്‍ഹിയിലെത്തിയ അന്‍വര്‍ തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. തൃണമൂലില്‍ ചേരാനുള്ള ശ്രമം വഴിമുട്ടിയെന്നും പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ഉപതിരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്തയുണ്ടായിരുന്നു. എന്നാൽ ഇത് കോണ്‍ഗ്രസ് നേതാക്കള്‍ തള്ളി.

.

.
കഴിഞ്ഞ ദിവസം നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ ഒരുദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ അന്‍വര്‍ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍, അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമായത്.
.

ജയിൽ മോചിതനായ ശേഷം അൻവർ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചിരുന്നു. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നിൽക്കുമെന്നു മുസ്‍ലിം ലീഗ് അറിയിച്ചു. എന്നാൽ കോൺഗ്രസ് നേതാക്കളെ കാണാൻ ലക്ഷ്യമിട്ട് അൻവർ തിരുവനന്തപുരത്തു കഴിഞ്ഞദിവസം എത്തിയെങ്കിലും ആരും അൻവറിനു സമയം നൽകിയിരുന്നില്ല. സമരത്തിന്റെ പേരിൽ എംഎൽഎയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള പ്രതികരണത്തെ, അൻവറിനു പിന്തുണ നൽകുന്നതായി ദുർവ്യാഖ്യാനം ചെയ്തെന്നാണു യുഡിഎഫ് നേതാക്കൾ പറയുന്നത്.
.
പഴയ അനുയായി എന്ന നിലയിൽ കെ.സുധാകരന് അൻവറിനോടു താൽപര്യമുണ്ടായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചിട്ടുള്ള അൻവറിനെ സ്വീകരിക്കുന്നതിൽ കോൺഗ്രസിൽ അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല. കേരളത്തിൽ രാഷ്ട്രീയ മേൽവിലാസം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ്, ദേശീയ രാഷ്ട്രീയത്തിലെ ശക്തമായ പ്രതിപക്ഷ സാന്നിധ്യമായ തൃണമൂലിനൊപ്പം അൻവർ ചേർന്നത്. അൻവറിൻ്റെ അപ്രതീക്ഷിതമായ നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!