ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് 500 രൂപ ഫീസ് നൽകി തെലങ്കാനയിലെ ജയിലില്‍ തടവുകാരനായി; ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ ‘ശരിക്കും’ തടവുകാരൻ
കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ കോടതി ജാമ്യം നിഷേധിച്ചതോടെ വ്യവസായി ബോബി ചെമ്മണൂര്‍ അഴിക്കുള്ളില്‍. 14 ദിവസത്തേക്കാണ് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബോബിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ബോബിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവിട്ടത്. ഇതോടെ ബോബിയെ കാക്കനാട് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. (ചിത്രങ്ങൾ തെലങ്കാനയിലെ ജയിലിൽ താമസിച്ചവേളയിൽ എടുത്തത്).
.
ഒരര്‍ഥത്തില്‍ ഇത് ബോബി ചെമ്മണൂരിന്റെ ആദ്യത്തെ ‘ജയില്‍വാസം’ അല്ല. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് തെലങ്കാനയിലെ ജയിലില്‍ ബോബി ചെമ്മണൂര്‍ ‘തടവുകാരനാ’യിരുന്നു. പക്ഷേ, തെലങ്കാന ജയില്‍വകുപ്പിന്റെ ‘ഫീല്‍ ദി ജയില്‍’ പദ്ധതിയില്‍ ഫീസ് നല്‍കിയാണ് അന്ന് ബോബി ചെമ്മണൂര്‍ ‘ജയില്‍വാസം’ അനുഭവിച്ചത്. ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബോബി ചെമ്മണൂര്‍ ഒരു കേസില്‍പ്പെട്ട് ‘ശരിക്കും’ ജയിലിലായിരിക്കുകയാണ്. നടിക്കെതിരേ അധിക്ഷേപം നടത്തിയ കേസില്‍ കാക്കനാട് ജയിലിലാണ് ബോബിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
.
2018-ലാണ് തെലങ്കാന ജയില്‍വകുപ്പിന്റെ ‘ഫീല്‍ ദി ജയില്‍’ പദ്ധതിയുടെ ഭാഗമായി ബോബി ചെമ്മണൂരും ജയിലില്‍ താമസിച്ചത്. തെലങ്കാന സങ്കറെഡ്ഡിയിലെ സെന്‍ട്രല്‍ ജയിലിലായിരുന്നു അന്നത്തെ താമസം. ഒരു തടവുകാരന് എങ്ങനെയാണോ ജയിലില്‍ കഴിയുന്നത്, അതേരീതിയിലായിരുന്നു ‘ഫീല്‍ ദി ജയില്‍’ പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്കും ജയിലില്‍ താമസമൊരുക്കിയിരുന്നത്.
.
ഒരുദിവസം ജയിലില്‍ കഴിയാന്‍ ഒരാള്‍ക്ക് 500 രൂപയായിരുന്നു അന്ന് തെലങ്കാന ജയില്‍ വകുപ്പ് ഈടാക്കിയിരുന്ന ഫീസ്. 2018-ല്‍ ബോബിക്കൊപ്പം രണ്ട് സുഹൃത്തുക്കളും ഈ പദ്ധതി പ്രകാരം ജയിലില്‍ താമസിച്ചിരുന്നു. ജയിലില്‍ തടവുകാര്‍ക്ക് നല്കുന്ന ഭക്ഷണമായിരുന്നു താമസത്തിനെത്തിയവര്‍ക്കും നല്‍കിയത്. ജയിലിലേതിന് സമാനമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിയന്ത്രണങ്ങളുമുണ്ടായിരുന്നു. തടവുകാര്‍ ജയിലില്‍ ചെയ്യുന്ന ജോലികള്‍ ചെയ്യാനും താമസക്കാര്‍ക്ക് അവസരം ലഭിക്കും.
.
കഴിഞ്ഞ 15 വര്‍ഷമായി ജയില്‍ജീവിതത്തെക്കുറിച്ച് തനിക്ക് ആകാംക്ഷയുണ്ടായിരുന്നെന്നും അത് അനുഭവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നുമാണ് 2018-ലെ ജയിലിലെ താമസത്തിന് ശേഷം ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ”കേരളത്തിലെ പല പോലീസ് ഉദ്യോഗസ്ഥരെയും എനിക്ക് അറിയാം. എന്റെ ആഗ്രഹം ഞാന്‍ അവരോട് പലസന്ദര്ഭങ്ങളിലും പറഞ്ഞിരുന്നു. ഒരുദിവസം ജയില്‍ജീവിതം അനുഭവിക്കാന്‍ സഹായിക്കണമെന്നാണ് അവരോട് പറഞ്ഞത്. പക്ഷേ, കുറ്റംചെയ്താല്‍ മാത്രമേ അത് നടക്കുകയുള്ളൂ എന്നായിരുന്നു അവരുടെയെല്ലാം മറുപടി. അങ്ങനെയിരിക്കെയാണ് പത്രത്തില്‍ സംഗറെഡ്ഡിയിലെ പഴയ ജയിലില്‍ താമസിക്കാനുള്ള അവസരത്തെക്കുറിച്ച് അറിഞ്ഞത്. അതോടെ അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു’, അന്ന് ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
.
220 വര്‍ഷത്തോളം പഴക്കമുള്ള സംഗറെഡ്ഡിയിലെ ജയിലിലാണ് തെലങ്കാന ജയില്‍ വകുപ്പ് ‘ഫീല്‍ ദി ജയില്‍’ പദ്ധതി നടപ്പാക്കിയിരുന്നത്. കൊളോണിയല്‍ കാലത്ത് നിര്‍മിച്ച സംഗറെഡ്ഡി ജയില്‍ പിന്നീട് ഒരു മ്യൂസിയമാക്കി മാറ്റിയശേഷമായിരുന്നു ജയില്‍വകുപ്പ് പദ്ധതി ആരംഭിച്ചത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.