ബോബി ചെമ്മണ്ണൂർ റിമാൻഡിൽ; പിന്നാലെ തലകറങ്ങി വീണു

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി.

റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ കോടതി മുറിയിൽ തലകറങ്ങി വീണു. ജഡ്ജി ഉത്തരവ് വായിച്ച് കഴിഞ്ഞതോടെ ബോബി ചെമ്മണൂർ ബെഞ്ചിലേയ്ക്ക് ഇരിക്കുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി, റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. രക്തസമ്മര്‍ദം ഉയർന്നതിനെത്തുടര്‍ന്നാണ്‌ വീണതെന്നാണ്‌ വിവരം. ബോബി ഇപ്പോൾ കോടതിയില്‍ വിശ്രമത്തിലാണ്. ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബോബി മാധ്യമങ്ങളോട് പറഞ്ഞത്. വൈദ്യപരിശോധനക്ക് ശേഷം അദ്ദേഹത്തെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.
.
12.30-ഓടെയാണ് ബോബിയെ കോടതിയില്‍ ഹാജരാക്കിയത്. രണ്ടുമണിയോടെ വാദം തീര്‍ന്നു. ഏതാണ്ട് മൂന്നുമണിക്കൂറോളം ബോബി കോടതിക്കുള്ളില്‍ തന്നെയായിരുന്നു. വാദം അവസാനിച്ചപ്പോള്‍ ബോബിയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു. പിന്നീട് ഉച്ചക്ക് ശേഷമാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുന്നതായി കോടതി വിധി പറഞ്ഞത്.
.
അതേ സമയം നാളെ തന്നെ ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് ബോബിയുടെ അഭിഭാഷകർ പറഞ്ഞു.
.
ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും, ബോബി ചെമ്മണ്ണൂർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നെന്നും, അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ലെന്നും, താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ബോബിയുടെ കോടതിയിലെ പ്രധാനവാദങ്ങൾ. തെളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങൾ നൽകാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോൾ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്ട്രേറ്റ് തീരുമാനം എടുക്കുകയായിരുന്നു.
.
മഹാഭാരതത്തിലെ കുന്തി ദേവിയോട് ആണ് ഉപമിച്ചത് എന്ന പ്രതിഭാഗത്തിന്റെ പരിഹാസ്യമായ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. മഹാഭാരതത്തിൽ കുന്തിദേവിയായി അഭിനയിച്ച നടിയുടെ സാമ്യം ഹണി റോസിന് ഉണ്ടെന്നായിരുന്നു താൻ ഉദ്ദേശിച്ചത് എന്നും, ഹണി റോസിന്റെ വസ്ത്രധാരണ രീതി അത്തരത്തിലായിരുന്നു എന്നും കോടതിയിൽ പ്രതിഭാഗം വാദിച്ചു. മാർക്കറ്റിംഗ് & പ്രൊമോഷൻ പരിപാടിക്ക് വേണ്ടിയാണ് ഹൈലി പെയ്ഡ് ഗസ്റ്റിനെ വിളിച്ചത്. താൻ നടിയെ കയറി പിടിച്ചിട്ടില്ല, ഹണി റോസിന്റെ സമ്മതത്താടെയാണ് ശരീരത്തിൽ സ്പർശിച്ചത്, പരിപാടി കഴിഞ്ഞപ്പോൾ നടി തന്നെ അഭിനന്ദിച്ചു എന്നും കോടതിയിൽ പ്രതിഭാഗം പറഞ്ഞു. നടി തന്നെ അവരുടെ ഫെയ്സ്ബുക്കിൽ തന്നോടൊപ്പമുള്ള ഉദ്ഘാടന ദൃശ്യങ്ങൾ പങ്കുവെച്ചെന്നും, ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കും കോടതിയിൽ ഹാജരാക്കി. നടിയുടെ പരാതിയിൽ ദുരുദ്ദേശമുണ്ടെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഒരുപാട് പേർക്ക് ജോലി നൽകുന്ന തന്റെ കക്ഷി 30 മണിക്കൂറിലേറെയായി പൊലീസ് കസ്റ്റഡിയിലാണെന്ന് അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ പറഞ്ഞു. ജാമ്യം നൽകിയാൽ കേസിനെ ബാധിക്കില്ലെന്നും, അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും പ്രതിഭാഗം കോടതിയിൽ ഉറപ്പ് നൽകി.
.

കൂടുതൽ ഡിജിറ്റൽ തെളിവുകളും, ഹണി റോസിന്റെ രഹസ്യമൊഴിയുടെ പകർപ്പും, നിർണായക തെളിവുകളും നിരത്തിയായിരുന്നു കോടതിയിൽ ബോബി ചെമ്മണ്ണൂരിനെ അന്വേഷണ സംഘം പ്രതിരോധിച്ചത്. മൊബൈൽ ഫോൺ അടക്കം കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കി. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിർബന്ധമില്ല എന്നും, ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും കോടതിയിൽ അന്വേഷണ സംഘം വ്യക്തമാക്കി. ഒരു സ്ത്രീയ്ക്ക് എതിരെ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയെന്നും, അവരുടെ ജോലിയെ പോലും അപമാനിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.’മാലയുടെ പിൻവശം കാണൂ എന്ന് പറഞ്ഞത് ദ്വായർത്ഥ പ്രയോഗമാണ്’ അത്തരമൊരു പരാമർശത്തിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. നിരവധി തവണ ആ വീഡിയോ മോശം രീതിയിൽ പ്രചരിച്ചു. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിലും ബോബി അശ്ലീലച്ചുവയോടെ നടിക്ക് എതിരെ പരാമർശം നടത്തി എന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചത് തെറ്റാണെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും, ഒളിവിൽ പോകാൻ സാധ്യത ഉണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!