‘പറഞ്ഞതെല്ലാം പുരാണത്തിലെ കാര്യങ്ങള്‍, കുറ്റം ചെയ്തിട്ടില്ല’: ബോബിയെ ഇന്ന് കോടതിയിൽ ഹാജരാക്കും, ബോബിക്ക് വേണ്ടി ഹാജരാകുന്നത് രാമൻപിള്ള അസോസിയേറ്റ്സ്

കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്നു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡിയപേക്ഷയും ഇതിനൊപ്പം നൽകാനാണു സാധ്യത. താൻ കുറ്റം ചെയ്തിട്ടില്ലെന്നാണു പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബോബി ആവർത്തിച്ചു പറഞ്ഞത്. പരാമർശങ്ങൾ ദുരുദ്ദേശ്യപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും ബോബി പൊലീസിനോടു പറഞ്ഞു. നാല് മാസം മുൻപുണ്ടായ കാര്യങ്ങളിൽ ഇപ്പോൾ പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബൊച്ചെയുടെ മൊഴി.

ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതിയിൽ ഹാജരാക്കുക. ഇതിന്റെ ഭാ​ഗമായി ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ വീണ്ടും വൈദ്യപരിശോധന നടത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഇന്നലെ രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു. കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ വൈദ്യ പരിശോധനയ്ക്ക് എത്തിയത്.തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ല എന്നും ആവർത്തിച്ച ബോബി ചെമ്മണ്ണൂർ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
.
എറണാകുളം ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരിച്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് രാത്രി ഏഴുമണിയോടെയാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്.
.

ഇന്നലെ രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കർ’ എസ്റ്റേറ്റിൽനിന്നു പുറത്തേക്കു വരുമ്പോൾ വാഹനം വളഞ്ഞ് എറണാകുളം സെൻട്രൽ പൊലീസ് ബോബിയെ പിടികൂടുകയായിരുന്നു. പൊലീസ് വാഹനത്തിലെ ഒരു പകൽ നീണ്ട യാത്രയ്ക്കൊടുവിലാണു ബോബിയെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. രാത്രി 7നു സ്റ്റേഷനിലേക്കു കയറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സമയം 7.30 കഴിഞ്ഞു. രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്തു. തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന.
.
ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 6–7ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാൽ പ്രതിക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹണി റോസ് ഇന്നലെ മൊഴി നൽകി. ഇതിന്റെ പകർപ്പും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും. പകർപ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. രാമൻപിള്ള അസോഷ്യേറ്റ്സാണു ബോബിക്കു വേണ്ടി ഹാജരാകുന്നത്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരെക്കണ്ടു പരാതിയറിയിച്ച ഹണിറോസിന് സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുള്ള പിന്തുണ ഉറപ്പു കിട്ടിയിരുന്നു.
.

Share
error: Content is protected !!