പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷമരവിപ്പിച്ച പ്രതികള്‍ ജയിലിന് പുറത്തിറങ്ങി, സ്വീകരിച്ച് പാർട്ടി നേതാക്കൾ
കാസർകോട്: പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇവർ പുറത്തിറങ്ങിയത്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എം കെ ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്. കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അടക്കമുള്ള നിരവധി പ്രവർത്തകർ ഇവരെ ജയിലിന് പുറത്ത് രക്തഹാരം അണിയിച്ച് സ്വീകരിച്ചു. പി ജയരാജനും എം വി ജയരാജനും ഒപ്പമുണ്ടായിരുന്നു. എന്നാൽ കാഞ്ഞങ്ങാട് ടൗണിൽ ഇവർക്ക് നല്‍കാനിരുന്ന പൊതു സ്വീകരണം സിപിഐഎം ഒഴിവാക്കിയിട്ടുണ്ട്.
.
കേസിൽ സിപിഐഎമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണക്കോട്ടകൾ പൊളിഞ്ഞെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍. കേസിൽ തങ്ങളെ പ്രതികളാക്കിയത് പാർട്ടി നേതാക്കളായതിനാലാണെന്നും നീതി ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.
ശിക്ഷ നൽകിയപ്പോൾ ഒരു തരത്തിലും ഞങ്ങൾ പ്രതികരിച്ചിരുന്നില്ല. കാരണം നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഈ ഘട്ടങ്ങളിൽ പാർട്ടി ഞങ്ങൾ നിരപരാധികളാണെന്ന് ഉറച്ചുവിശ്വസിച്ചു. കേരളത്തിലെമ്പാടുമുള്ള പാർട്ടി പ്രവർത്തകർ വലിയ പിന്തുണ നൽകി. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.
.
സിബിഐ വെറും കൂട്ടിലിട്ട തത്തയാണെന്ന് തെളിയിക്കുന്നതായിരുന്നു ഹൈക്കോടതി വിധിയെന്നായിരുന്നു സിപിഐഎം പ്രവർത്തകരെ സ്വീകരിക്കാനെത്തിയ എം വി ജയരാജന്റെ പ്രതികരണം. സിബിഐ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടി പലതും ചെയ്യുമെന്ന് ഒരിക്കൽ കൂടി വ്യക്തമായെന്നും എം വി ജയരാജൻ പറഞ്ഞു.
.
ഇന്നലെയാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം 225-ാം വകുപ്പ് അനുസരിച്ച് ശിക്ഷ അഞ്ച് വർഷമായിരുന്നു പ്രതികൾക്ക് നേരത്തെ നൽകിയിരുന്നത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല, പ്രതികളെ പോലീസ് കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടുപോയി തുടങ്ങിയ കുറ്റങ്ങൾക്കാണ് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചരിരുന്നത്. ഇത് ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്. പ്രതികൾക്ക് ജാമ്യം ലഭിക്കും. ഇന്ത്യൻ ശിക്ഷാ നിയമം 225-ാം വകുപ്പ് മാത്രമല്ലേയുളളൂവെന്ന് കോടതി ചോദിച്ചു. തുടർന്നാണ് ശിക്ഷാ വിധി മരവിപ്പിക്കുന്ന വിധിയിലേക്ക് ഹൈക്കോടതി എത്തിയത്. ചെറിയ കാലയളവിലെ ശിക്ഷ മരവിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്.