ബോബി ചെമ്മണൂർ അറസ്റ്റിൽ; ഹണിറോസ് രഹസ്യമൊഴി നൽകിയത് 2 മണിക്കൂറോളം

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിൽ. വയനാട്ടിൽനിന്നു രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യംചെയ്യലിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കും.

നടി ഹണി റോസ് നൽകിയ രഹസ്യമൊഴിയിൽ വ്യവസായി ബോബിക്കെതിരെ കൂടുതൽ വിവരങ്ങളുണ്ടോ? നിലവിൽ എടുത്തിരിക്കുന്ന കേസിൽ ബോബി ചെമ്മണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടോ എന്നതിൽ നിർണായകമാവുക ഈ രഹസ്യമൊഴിയായിരിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെയാണ് ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നൽകിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
.

നേരത്തേ താൻ ബോബി ചെമ്മണൂരിൽനിന്ന് നേരിട്ട ദ്വയാർ‍ഥം കലർന്ന ലൈംഗികാധിക്ഷേപങ്ങളും അപകീർത്തിപ്പെടുത്തലുകളും അടക്കമുള്ളവ വ്യക്തമാക്കിയാണ് ഹണി റോസ് പൊലീസിനു പരാതി നല്‍കിയത്. കണ്ണൂർ ആലക്കോട് ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളടക്കം ഹണി റോസ് പരാതിയിൽ വിശദമായി പ്രതിപാദിച്ചിരുന്നു. അതിനു ശേഷം പല വേദികളിലും തന്നെക്കുറിച്ച് നടത്തിയ ലൈംഗികാധിക്ഷേപം കലർന്ന പരാമർശങ്ങളുടെയും മറ്റും ഡിജിറ്റൽ തെളിവുകളും ഹാജരാക്കി.  തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി തംപ്നെയിൽ സൃഷ്ടിച്ച് ഈ പരാമർശങ്ങൾക്ക് പ്രചാരം നൽകിയ ഇരുപതോളം യുട്യൂബ് ചാനലുകൾക്കെതിരെയും ഹണി റോസ് പരാതി നൽകിയിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് ഹണി റോസ് ഇന്ന് മജിസ്ട്രേറ്റ് മുൻപാകെ രഹസ്യമൊഴി നൽ‍കിയത്. ഇതിലെ വിശദാംശങ്ങൾ പുറത്തു വരില്ലെങ്കിലും പൊലീസ് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഏതൊക്കെ കുറ്റങ്ങൾ ഉൾ‍പ്പെടുത്തണം എന്നത് തീരുമാനിക്കുക. നിലവിൽ ലൈംഗികമായി അധിക്ഷേപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന ബിഎൻഎസിലെ 75, ഐടി ആക്ടിലെ 67 വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

.

Share
error: Content is protected !!