ബോബി ചെമ്മണൂരിനെതിരെ കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം; പരിപാടികളിൽനിന്നു പിന്മാറിയതിൽ അവഹേളിച്ചെന്ന് ഹണി റോസ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ബിഎൻഎസ് 75 (4) വകുപ്പും ഐടി ആക്ടിലെ 67–ാം വകുപ്പും ചുമത്തി. സെൻട്രൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല സംഭാഷണത്തിനെതിരെ ചുമത്തുന്നതാണ് ഭാരതീയ ന്യായസംഹിതയിലെ 75 (4) വകുപ്പ്.
.
ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഉള്ളതാണ് ഐടി ആക്ടിലെ 67 വകുപ്പ്. പരിശോധനകൾക്കു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കണമെങ്കിൽ അതും ഉൾപ്പെടുത്തും. ദ്വയാർഥ പ്രയോഗങ്ങളിലൂടെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും തന്നെ നിരന്തരമായി അപമാനിക്കുന്നു എന്നു കാണിച്ചാണ് ഹണി റോസ് ഇന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
.
2024 ഓഗസ്റ്റിൽ ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിനു ചെന്നപ്പോൾ സംഭവിച്ച കാര്യങ്ങള്‍ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനെത്തുടർന്ന് ബോബി ചെമ്മണൂരുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകളിൽ നിന്ന് താൻ പിന്മാറിയതും പരാതിയിൽ പറയുന്നു. പിന്നീടും ദ്വയാർഥ പ്രയോഗങ്ങളിലൂടെ നിരന്തരം അവഹേളിക്കാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങളും പരാതിയിലുണ്ട്.
ഒരു വ്യവസായിയിൽ നിന്നു താൻ നിരന്തരം അധിക്ഷേപം നേരിടുന്നുവെന്ന് കാട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെ ഹണി റോസ് വലിയ തോതിലുള്ള അധിക്ഷേപത്തിന് ഇരയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ 30 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനു ശേഷവും ബോബി ചെമ്മണൂർ അവഹേളനം തുടർന്നതോടെയാണ് പരാതി നൽകാൻ നടി തീരുമാനിച്ചത്.
.
അതേസമയം അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് പരാതി നല്‍കിയ സംഭവത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു. മോശമായ വാക്കുകളോ കാര്യങ്ങളോ അവരോട് പറഞ്ഞിട്ടില്ല. തന്റെ വാക്കുകൾ ആളുകൾ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാറാണെന്നും ബോബി പറഞ്ഞു.
.
‘ഞാന്‍ രണ്ട് പ്രാവശ്യമാണ് അവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുള്ളത്. അതിനിടെ, കുന്തീദേവിയുമായി ഞാന്‍ അവരെ ഉപമിച്ചിരുന്നു. അതൊക്കെ കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളായി. മോശമായ വാക്കുകളോ കാര്യങ്ങളോ ഞാന്‍ പറഞ്ഞിട്ടില്ല. വളരെ മര്യാദയോടെയാണ് ഹണിയുടെ അടുത്ത് പെരുമാറിയിട്ടുള്ളത്. അവരും അങ്ങിനെ തന്നെയായിരുന്നു. ഇപ്പോള്‍ പെട്ടെന്ന് ഇങ്ങനെ ഒരു പരാതി വന്നിരിക്കുന്നു. എന്നോട് വ്യക്തിവൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല.
.
ഞാന്‍ ഇങ്ങനെ പറഞ്ഞത് ആളുകള്‍ വളച്ചൊടിച്ച് സംസാരിച്ചത് അവര്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. പലരുടെ അടുത്തും ഇങ്ങനെ പറയാറുണ്ട്. ഇനിയിപ്പോള്‍, ഒരാള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യത്തിലേക്ക് പോകില്ല. ഇടയ്ക്ക് ഇതുപോലുള്ള തമാശകളൊക്കെ പറയും. വേറെ ഉദ്ദേശമൊന്നും അതിലില്ല’, ബോബി പറഞ്ഞു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.