പി.വി. അൻവർ എംഎൽ‌എയെ റിമാൻഡ് ചെയ്തു; തവനൂർ സബ് ജയിലിലേക്ക് മാറ്റും

നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ പൊലീസ് അറസ്റ്റ് ചെയ്ത പി.വി. അൻവർ എംഎൽ‌എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അദ്ദേഹത്തെ തവനൂർ സബ് ജയിലിലേക്ക് മാറ്റുന്നു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു മുന്നോടിയായി പി.വി.അൻവറിന്റെ ഒതായിയിലെ വീട്ടിൽ വൻ പൊലീസ് സന്നാഹം തമ്പടിച്ചിരുന്നു. അൻവറിന് പുറമേ ഡിഎംകെ പ്രവർത്തകരായ സുധീർ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാൻഡ് ചെയ്തു. അൻവർ ഉൾപ്പെടെ അഞ്ച് പേരെ ഉടൻ തവനൂർ സബ് ജയിലിലേയ്ക്ക് മാറ്റും. ഭരണകൂട ഭീകരതക്കും വർഗീയതക്കുമെതിരെയുളള പോരാട്ടം ശക്തമായി തുടരുമെന്ന് റിമാൻഡിന് ശേഷം ജയിലിലേക്ക് കൊണ്ടുപോകും വഴി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
.
ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കണമെന്നു അറസ്റ്റിനു മുന്നേ അൻവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മണിയെ ആന ചവിട്ടി കൊന്നതിൽ സ്വാഭാവികമായ പ്രതിഷേധമാണ് നടന്നത്. നിയമത്തിനു വഴങ്ങി ജീവിക്കും, താനൊരു നിയമസഭാ സാമാജികനാണ്. പൊലീസ് നടപടികളിൽ അസ്വാഭാവികതയുണ്ട്. പിണറായിയും ശശിയും തന്നെ കുടുക്കാൻ കാത്തിരിക്കുകയായിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അൻവർ ആരോപിച്ചു. എന്നാൽ‌ അറസ്റ്റ് ചെയ്യാനുള്ള നടപടിയിൽ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
.

ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയ അന്‍വര്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പിണറായി സര്‍ക്കാര്‍ തന്നെ ഭീകരനാക്കിയെന്ന് അന്‍വര്‍ പറഞ്ഞു. കേരള ചരിത്രത്തില്‍ ഇത്രയും മുസ്‌ലിം വിരുദ്ധത കാണിക്കുന്ന ഒരു സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിങ്ങളോട് പിണറായി സര്‍ക്കാരിന് പ്രത്യേക മനോഭാവമാണുള്ളത്. മുസ്‌ലിം വിഭാഗത്തെ വര്‍ഗീയവാദികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പിണറായി വിജയന്‍ നടത്തുന്ന മുസ്‌ലിം വിരുദ്ധതയുടെ അവസാന തെളിവാണ് തന്റെ അറസ്റ്റെന്നും പി വി അന്‍വര്‍ പറഞ്ഞു.
.
ഇപ്പുറത്ത് പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, അപ്പുറത്ത് എഡിജിപി അജിത് കുമാര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പി വി അന്‍വര്‍ ആരോപിച്ചു. പിണറായി വിജയന്‍ ആര്‍എസ്എസിന് വഴങ്ങിക്കൊടുക്കുകയാണ്. പിണറായിയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ ഇതിന് മുന്‍പ് താന്‍ പല സമരങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു നടപടി ആദ്യമാണ്. ഇങ്ങനെ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. താന്‍ രണ്ട് മാസം ജയിലില്‍ കിടന്നാലും മലയോര മനുഷ്യര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്നാണ് പറയാനുള്ളത്. എന്നാല്‍ ഭീകരത സൃഷ്ടിച്ചായിരുന്നു തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് സാധ്യതയുള്ള വകുപ്പുകള്‍ ചുമത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുകയായിരുന്നു. ജയിലില്‍ കിടക്കാന്‍ പാകത്തിന് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പൊലീസ് ചേര്‍ത്തു. ഒരു നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ താന്‍ ഹാജരാകുമായിരുന്നു. നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
.

നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പിക്കുക-ജാമ്യമില്ലാക്കുറ്റം), 132 (ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക- ജാമ്യമില്ലാക്കുറ്റം), 189 (2) (അന്യായമായി സംഘം ചേരല്‍-ജാമ്യം ലഭിക്കാവുന്ന കുറ്റം), 190 (പൊതു ഉദ്ദേശത്തിനായി സംഘം ചേരുക), 191 (2) (കലാപം-ജാമ്യം ലഭിക്കാവുന്ന കുറ്റം), 329(3) (അതിക്രമിച്ച് കടക്കുക- ജാമ്യം ലഭിക്കാവുന്ന കുറ്റം), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക-ജാമ്യം ലഭിക്കാവുന്ന കുറ്റം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിന്റെ 3 (1) വകുപ്പ് അനുസരിച്ച് ജാമ്യമില്ലാക്കുറ്റവും അന്‍വറിനെതിരെ ചുമത്തി. അന്‍വറിന് പുറമേ പത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ ഫോറസ്റ്റ് ഓഫീസ് ആക്രമണം നടക്കുന്ന സമയത്ത് പി.വി അൻവർ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ഡിഎംകെ നേതാക്കൾ പറയുന്നത്.

 

UPDATING…

 


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!