പത്താംക്ലാസ് വിദ്യാർഥി വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച സംഭവം: അയൽവാസികളായ ദമ്പതികൾ അറസ്റ്റിൽ
കുന്നത്തൂർ: കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതികൾ അറസ്റ്റിൽ. കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ഓഫാക്കിയ ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ ബന്ധുവീടുകളിലും ഇവർ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽനിന്നു എസ്എച്ച്ഒ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
.
കുന്നത്തൂർ പടിഞ്ഞാറ് ഗോപി വിലാസം (ശിവരഞ്ജിനി) ഗോപുവിന്റെയും രഞ്ജിനിയുടെയും മകനും നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ ആദികൃഷ്ണനെ (15) ഡിസംബർ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
.
പ്രതികളുടെ വിദ്യാർഥിയായ മകൾക്ക് ഇൻസ്റ്റയിൽ സന്ദേശം അയച്ചു എന്നാരോപിച്ച് നവംബർ 30ന് രാത്രിയിൽ ഇവർ ആദി കൃഷ്ണൻ്റെ വീട്ടിൽ കയറി കുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നു. ഒന്നാം പ്രതി ഗീതു മുഖത്ത് അടിച്ചതിനെ തുടർന്ന് കുട്ടിക്ക് പരിക്കേറ്റിരുന്നു. ക്രൂരമായി മർദനമേറ്റ ആദി കൃഷ്ണൻ്റെ മുഖത്തു നീരും ചെവിയിൽനിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ബാലാവകാശ കമ്മിഷനു പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണു കുട്ടി ജീവനൊടുക്കിയത്.
.
പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികളുണ്ടായില്ല. രാഷ്ട്രീയ ഇടപെടലിനെത്തുടർന്നു പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കുന്നതു വരെ പൊലീസ് കാത്തിരിക്കുകയാണെന്നു പരാതി ഉയർന്നിരുന്നു. രോഗിയായ പിതാവും ഭിന്നശേഷിക്കാരനായ സഹോദരനും ഉൾപ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു ആദികൃഷ്ണൻ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുമിടുക്കനായിരുന്നു ആദികൃഷ്ണൻ.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.