കോവിഡിന് ശേഷം വീണ്ടും പുതിയ വൈറസ് വ്യാപിക്കുന്നു; ചൈനയിൽ അടിയന്തരാവസ്ഥ? മിണ്ടാതെ ലോകാരോഗ്യ സംഘടന, ഇന്ത്യയിലും ജാഗ്രത
ബെയ്ജിങ്: ലോകത്തെ മുഴുവൻ അടച്ചിടലിലേക്കെത്തിച്ച കോവിഡ് മഹാമാരിക്ക് ശേഷം ചൈനയിൽ വ്യാപിക്കുന്ന പുതിയ വൈറസ് ആരോഗ്യ മേഖലയെ വീണ്ടും ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് ലോകം. ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ചൈനയില്‍ പടർന്നു പിടിക്കുന്നെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നെല്ലാമാണ് റിപ്പോർട്ടുകൾ.
.
എന്നാൽ ചൈനയിൽ വൈറസ് പടർന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന വാർത്തകളും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ചൈനയുടെ അയൽ രാജ്യങ്ങളിൽ കർശന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഹോങ്കോങ്ങിലും എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
.
എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ രോഗം പടരാതിരിക്കാനുള്ള സാധ്യതകൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചത്.
.
എന്താണ് എച്ച്എംപിവി വൈറസ്?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം എല്ലാ പ്രായത്തിലുള്ളവർക്കും പിടിപെടും. എന്നാലും പ്രായമായവരിലും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുക. 2001ലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇതൊരു പുതിയ രോഗമല്ലെന്നും മുൻപ് തന്നെ ലോകത്തിന്റെ പലയിടങ്ങളിലും എച്ച്എംപിവി റിപ്പോർട്ട് ചെയ്തിട്ടിട്ടുണ്ടെന്നും ആരോഗ്യ മേഖലയിലുള്ളവർ പറയുന്നു. അതുകൊണ്ടുതന്നെ എച്ച്എംപിവിയെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല.
.
തണുപ്പ് കാലത്താണ് രോഗം പടരാൻ സാധ്യത. ജലദോഷമോ പനിയോ വരുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് എച്ച്എംപിവിക്കും സാധാരണയായി ഉണ്ടാവുക. കഫകെട്ട്, പനി, ശ്വാസ തടസ്സം, മൂക്കടപ്പ് എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്. പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്രോങ്കൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകും. 3 മുതൽ 6 ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ് ( രോഗാണു ശരീരത്തിൽ കയറിയത് മുതൽ രോഗലക്ഷണം കാണിക്കുന്നതു വരെയുള്ള സമയം).
കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥയും രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ല.
വൈറസ് പടരുന്നത് എങ്ങനെ ?
∙ ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴി
∙ രോഗം ബാധിച്ചവരുമായി നേരിട്ടുള്ള സമ്പർക്കം ( സ്പർശനമോ, കൈ കൊടുക്കുകയോ ചെയ്യുമ്പോൾ)
∙ മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴി
.
പ്രതിരോധ മാർഗങ്ങൾ
∙ കൈകൾ സോപ്പോ വെള്ളമോ ഉപയോഗിച്ച് കഴുകുക.
∙ തൊട്ടടുത്ത് നിന്ന് ആരെങ്കിലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മുഖവും മൂക്കും പൊത്തിപ്പിടിക്കാൻ ശ്രമിക്കുക
∙ മാസ്ക് ഉപയോഗം നിർബന്ധമാക്കാം
∙ കണ്ണുകളോ മൂക്കോ വായോ തൊടുന്നതിന് മുമ്പ് കൈകൾ കഴുകിയെന്ന് ഉറപ്പു വരുത്തുക
.
കോവിഡുമായി ബന്ധമുണ്ടോ?
എച്ച്എംപിവി വൈറസും കോവിഡിന് കാരണമായ സാർസ് കോവ്– 2 വൈറസും വ്യത്യസ്ത വൈറസ് കുടുംബത്തിൽപെട്ടവയാണെങ്കിലും രണ്ടു രോഗങ്ങൾക്കും ചില സമാനതകളുണ്ട്.
∙ രണ്ടു വൈറസും ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ്.
∙ രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുക.
∙ പനി, തൊണ്ടവേദന, ചുമ, വിറയൽ, ശ്വാസതടസ്സം തുടങ്ങി രോഗലക്ഷണങ്ങൾ സമാനം.
∙ കുട്ടികൾ, പ്രായമായവർ തുടങ്ങി രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് രോഗം ബാധിക്കുക
∙ മാസ്ക് ധരിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ് രണ്ടു വൈറസും പടരാതിരിക്കാൻ ചെയ്യേണ്ടത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.