കേരളത്തിലെ മുസ്ലിം സംഘടനകൾക്ക് തീവ്രവാദ ശൈലിയില്ല; മുസ്ലിം സംഘടനകളുടെ മേൽ തീവ്രവാദമാരോപിച്ച് ഫാസിസത്തിന് പിടിച്ച് കൊടുക്കരുത് – ദക്ഷിണ കേരള ജംഇയത്തുൽ ഉലമ
എറണാകുളം: ഇന്ത്യയുടെ ഭരണഘടനയെയും നിയമവാഴ്ചയെയും ദേശീയതയെയും അഖണ്ഡതയെയും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനവും കേരളത്തിലെ മുസ്‍ലിം സമുദായത്തിൽ ഇല്ലെന്ന് ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി പറഞ്ഞു. മുസ്‍ലിം സമുദായത്തിൽപ്പെട്ട പ്രസ്ഥാനങ്ങളുടെ മേലിൽ തീവ്രവാദം ആരോപിക്കുകയും, ആ സംഘടന തീവ്രവാദ പ്രസ്ഥാനമെന്ന് പറഞ്ഞ് ഫാസിസത്തിന് തലവെട്ടാൻ നമ്മുടെ തലകളെ പിടിച്ചുകൊടുക്കുകയും ചെയ്യുന്ന രീതി ചില മുസ്‍ലിം സംഘടന നേതൃത്വങ്ങളിൽ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെ മാനസികമായി പടിക്ക് പുറത്ത് നിർത്താൻ മുസ്‍ലിം സമുദായം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.
ഇന്ത്യയുടെ ഭരണഘടനയെയും നിയമവാഴ്ചയെയും ദേശീയതയെയും അഖണ്ഡതയെയും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനവും മുസ്‍ലിം സമുദായത്തിൽ നിന്ന് കേരളത്തിലോ നമ്മൾ അറിയുന്ന മറ്റുപ്രദേശങ്ങളിലോ ഇല്ല. എന്നിട്ടും മുസ്‍ലിം സമുദായത്തെ ഒറ്റതിരിഞ്ഞ് വർഗീയത ആരോപിക്കുകയും തീവ്രവാദം പറയുകയും ചെയ്യുന്ന മുസ്‍ലിം സമുദായത്തിന്റെ നേതൃത്വത്തോട് പറയാനുള്ളത് നിങ്ങൾ ചെയ്യുന്നത് പ്രവാചകന്റെ മാനസികമായ വ്യവഹാരങ്ങളോടുള്ള അനീതിയാണെന്നാണ്. തൗബ ചെയ്ത് (പശ്ചാത്തപിച്ച്) മടങ്ങേണ്ട കാര്യമാണിതെന്നും മൂസ മൗലവി സമുദായ നേതൃത്വത്തെ ഓർമിപ്പിച്ചു.
.
‘ഉറച്ച ആദർശം ഒരുമയുള്ള ഉമ്മത്ത്’ എന്ന തലക്കെട്ടിൽ നടന്ന ദക്ഷിണ കേരളയുടെ വാർഷിക ഉദ്ഘാടന സമ്മേളനത്തിലും ചേലക്കുളം ഉസ്താദ് അനുസ്മരണത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ സംഘടനയിൽ, ഞാൻ പ്രസിഡന്റായിരിക്കുന്ന പ്രസ്ഥാനത്തിൽ മെംബർഷിപ്പ് ഉള്ളവർക്ക് മാത്രം സ്വർഗം ലഭിക്കുകയുള്ളുവെന്ന് 2024 ലും പ്രസംഗിക്കുന്ന വളരെ ദു:ഖകരമായ പശ്ചാത്തലം നേതൃതലങ്ങളിൽ ഉണ്ടാകുന്നുണ്ട്. അശ്അരി, മാതുരീതി സരണികളെ പിന്തുടരുന്ന മുഴുവനാളുകളും അവരേത് സംസ്ഥാനത്തുള്ളവരാണെങ്കിലും ഏത് ഭാഷപറയുന്നവരാണെങ്കിലും ഏത് രാജ്യത്തുള്ളവരാണെങ്കിലും സുന്നികളാണ് എന്ന ഉറച്ച നിലപാടാണ് ദക്ഷിണ കേരളസ്വീകരിക്കുന്നതെന്നും മൂസ മൗലവി പറഞ്ഞു.
.
നമ്മൾ ഒരുമയുള്ള ഉമ്മത്ത് (സമുദായം) എന്ന മനോഹരമായ മുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തിക്കുന്നത്. പ്രവാചകൻ മുഹമ്മദിന്റെ ഉമ്മത്തിനോട് അങ്ങേയറ്റം കരുണയും കൃപയുമുള്ളവരായി നമ്മൾ മാറും. നമ്മൾ മാറിയിട്ടുണ്ട്, ആ നിലപാടിൽ നിൽക്കുന്നവരാണ്. ഉമ്മത്തിന്റെ പൊതുകാര്യങ്ങളിൽ ഉറച്ച് നിൽക്കേണ്ട ഘട്ടത്തിൽ, ഉമ്മത്ത് എന്ന സങ്കൽപ്പത്തെ ഉയർത്തിപ്പിടച്ച പ്രസ്ഥാനമാണ് ദക്ഷിണ. ഉമ്മത്തിനെ ഏകീകൃതമായി കാണുകയും ബിദ്അത്തിനെ അകറ്റേണ്ട ഘട്ടങ്ങളിൽ അകറ്റി നിർത്തുകയും ഉമ്മത്തിനെ ഒരുമിച്ച് നിർത്തുകയും ചെയ്യേണ്ട അതിമഹത്തായ ദൗത്യം ദക്ഷിണകേരള അതിശക്തമായി ഏറ്റെടുത്തുകൊണ്ട് നമ്മുടെ മഹല്ലുകളിലേക്ക് ഇറങ്ങി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.
രാഷ്ട്രീയമായ കാരണങ്ങളാൽ സിപിഎമ്മും അവരോടൊപ്പം ചേർന്ന് കാന്തുപ്പുരം വിഭാഗം സുന്നികളും ജമാഅത്തെ ഇസ്ലാമിക്ക് നേരെ തുടർച്ചയായി വർഗീയ തീവ്രവാദ ആരോപണങ്ങൾ ഉയർത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണ കേരള ജംഇയത്തുൽ ഉലമ നേതാവിൻ്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇപ്പോൾ ആ കാരണങ്ങളാലല്ല കാന്തപ്പുരം വിഭാഗം ജമാഅത്തെ ഇസ്ലാമിക്ക് എതിരെ ശക്തമായ പ്രചരണം നടത്തി വരുന്നത് എന്നതും വ്യക്തമാണ്. സിപിഎമ്മിന് വേണ്ടിയുള്ള പ്രവർത്തനമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
.
പാലക്കാടട് ഉപതെരഞ്ഞെടുപ്പ് സമയത്ത് സിറാജ് പത്രത്തിൽ നൽകിയ വർഗീയചുവയുള്ള സിപിഎമ്മിൻ്റെ വിവാദ പരസ്യം സിപിഎമ്മിനോടുള്ള കാന്തപുരം വിഭാഗത്തിൻ്റെ കൂറും പിന്തുണയും വ്യക്തമാക്കുന്നതാണ്. കൂടാതെ സിപിഎമ്മിനോടൊപ്പം ചേർന്ന് മെക് 7 കൂട്ടായ്മയുടെ പേരിൽ ജമാഅത്തെ ഇസ്ലാമിയെ പ്രതിസ്ഥാനത്ത് നിറുത്തിയതും ജനം വിലയിരുത്തിയതാണ്. ഈ രണ്ട് സാഹചര്യങ്ങളിലും പ്രവർത്തകർ നേതൃത്വത്തെ തിരുത്തുകയും ചെയ്തു. അതിനെ തുടർന്ന് ആദ്യം മെക് 7 ന് എതിരായി നിലപാടെടുത്തിരുന്ന അബ്ദുൽ ഹഖീം അസ്ഹരി പിന്നീട് പിന്തുണച്ചുകൊണ്ട് പ്രസ്താവനയിറക്കുകയായിരുന്നു.
.
സിപിഎമ്മിൻ്റെ പ്രത്യേക രാഷ്ട്രീയ അജണ്ടക്ക് വേണ്ടി കാന്തപ്പുരം വിഭാഗം ചെയ്യുന്ന കാര്യങ്ങളെല്ലാം ഉത്തരേന്ത്യയിൽ ബിജെപിക്ക് ഗുണം ചെയ്യുന്നു എന്ന വിലയിരുത്തൽ പൊതുവെ കേരളത്തിലെ മുസ്ലിം സംഘടനകൾക്കുണ്ട്. മെക് 7 വിവാദവും പ്രിയങ്കാ ഗാന്ധിയുടെ വിജയത്തെ കുറിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ നടത്തിയ വർഗീയ പരാമർശങ്ങളും ബിജെപിക്ക് സഹായകരമായി എന്നാണ് കേരളത്തിലെ മുസ്ലിംങ്ങളുടെ പൊതു വിലയിരുത്തൽ. മാത്രവുമല്ല മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മുസ്ലീംങ്ങൾക്കെതിലെ സിപിഎം പ്രത്യക അജണ്ട നിശ്ചയിച്ച് പ്രവർത്തനം മാറ്റിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ‘ഉറച്ച ആദർശം ഒരുമയുള്ള ഉമ്മത്ത്’ എന്ന തലക്കെട്ടിൽ ദക്ഷിണ കേരള ജംഇയത്തുൽ ഉലമ വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
.
മുസ്‌ലിം സമുദായത്തിന്റെ ആത്മീയ-വിദ്യാഭ്യാസ-സാമൂഹിക വളര്‍ച്ചയില്‍ അനല്‍പമായ പങ്കുവഹിക്കുന്ന, തെക്കന്‍ കേരളത്തിലെ പ്രമുഖ പണ്ഡിത സംഘടനയാണ് ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ. മലബാറിലെ സമസ്തക്ക് സമാനമായ രീതിയിൽ തെക്കൻ കേരളത്തിൽ പ്രവർത്തിക്കൂന്ന ഈ പണ്ഡിത സഭക്ക് സമുദായ സംസ്‌കരണം, ദീനീ വിദ്യാഭ്യാസം, മുസ്‌ലിം ഐക്യം, അവകാശ പോരാട്ടം, മഹല്ല് ജമാഅത്ത് ശാക്തീകരണം, മതസൗഹാര്‍ദ്ദം, പണ്ഡിതന്മാരുടെ സംഘാടനം, ഇസ്‌ലാം വിമര്‍ശനങ്ങളുടെ പ്രതിരോധം, അനാഥ-അഗതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പിക്കാന്‍ കഴിഞ്ഞ 57 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രത്യേകം പോഷക സംഘടനകള്‍ രൂപീകരിച്ചുകൊണ്ട് ബഹുമുഖ ദീനീപ്രവര്‍ത്തനങ്ങളാണ് ജംഇയത്തുല്‍ ഉലമ നടത്തിവരുന്നത്.
.
ഐക്യകേരളം പിറക്കുന്നതിനു മുമ്പ് മലബാറും തിരു-കൊച്ചിയുമായി കേരളം വിഭജിക്കപ്പെട്ടിരുന്നകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍. തിരു-കൊച്ചി സ്വതന്ത്ര സംസ്ഥാനവുമായിരുന്നു. 1920കളില്‍ മലബാറില്‍ ആരംഭിച്ച സംഘടിത ദീനീപ്രവര്‍ത്തനങ്ങള്‍ 1950കളോടെ സജീവമായിത്തുടങ്ങി. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി രൂപം കൊണ്ട ‘കേരള മുസ്‌ലിം ഐക്യസംഘ’വും പിന്നീട് വന്ന ‘കേരള ജംഇയത്തുല്‍ ഉലമ’യും അവിടെനിന്ന് വടക്കോട്ടാണ് കാര്യമായി പ്രവര്‍ത്തിച്ചിരുന്നത്. ‘കേരള ജംഇയത്തുല്‍ ഉലമ’യെ പ്രതിരോധിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ‘സമസ്ത കേരള ജംഇയത്തുല്‍ ഉലമ’യുടെ പ്രവര്‍ത്തനങ്ങളും മലബാറില്‍ മാത്രമായി ഒതുങ്ങി. അതിനാൽ സമാന സ്വഭാവമുള്ള സംഘടിത ദീനീപ്രവര്‍ത്തനങ്ങള്‍ ആ ഘട്ടത്തില്‍ തിരു-കൊച്ചിയില്‍ ഉണ്ടായിരുന്നില്ല.
.
മതവിദ്യാഭ്യാസത്തിലും ദീനീബോധത്തിലും മറ്റും ആപേക്ഷികമായി തെക്കന്‍ കേരളം അല്‍പം പിന്നിലായിരുന്നു. പ്രസ്താവ്യമായ രീതിയില്‍ മദ്‌റസകളും അറബിക് കോളേജുകളും ഏറെയൊന്നും തെക്കൻ കേരളത്തിൽ അക്കാലത്ത് നിലവിലുണ്ടായിരുന്നില്ല. മതപണ്ഡിതന്മാരുടെയും മഹല്ല് ജമാഅത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത രൂപമോ, വ്യവസ്ഥാപിതത്വമോ വേണ്ടത്ര ഇല്ലായിരുന്നു. ഇതിന്റെ പ്രയാസങ്ങള്‍ തിരുകൊച്ചിയിലെ മുസ്‌ലിങ്ങളുടെ ജീവിതത്തില്‍ ദൃശ്യമായിരുന്നു. എന്നാല്‍, പത്രപ്രസിദ്ധീകരണരംഗത്തും രാഷ്ട്രീയ മേഖലയിലും ഭൗതിക വിദ്യാഭ്യാസത്തിലും മറ്റും ആശാവഹമായ ചുവടുവെപ്പുകള്‍ ഉണ്ടായിരുന്നുതാനും.
.
ദീനീപ്രവര്‍ത്തന രംഗത്തെ പോരായ്മകള്‍ പരിഹരിക്കാനായി ‘സമസ്ത കേരള ജംഇയത്തുല്‍ ഉലമാ’യുടെ പ്രവര്‍ത്തനങ്ങള്‍ തെക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അവിടുത്തെ പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടെങ്കിലും തിരു-കൊച്ചിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായിരുന്നു ‘സമസ്ത’യുടെ നിര്‍ദേശം. ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തിലാണ് ഒരു പണ്ഡിതസംഘടനയെക്കുറിച്ച് തെക്കന്‍ കേരളത്തിലെ മതപണ്ഡിതര്‍ ചര്‍ച്ചയാരംഭിച്ചത്.
.
അതിൻ്റെ തുടർച്ചയായി 1955 ജൂണ്‍ 26 നു കൊല്ലം ജോനകപ്പുറം കൊച്ചു പള്ളിയില്‍ ചേര്‍ന്ന പണ്ഡിതന്മാരുടെ യോഗത്തിലാണ് ‘തിരു-കൊച്ചി ജംഇയത്തുല്‍ ഉലമാ’ രൂപീകരണത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നത്. ആ യോഗത്തില്‍വെച്ച് എം. ശിഹാബുദ്ദീന്‍ മൗലവി കണ്‍വീനറായി 53 അംഗ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചുകൊണ്ട്, ‘തിരുകൊച്ചി ജംഇയത്തുല്‍ ഉലമ’ പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് ഐക്യകേരളത്തിന്റെ പിറവിയോടെ, ‘തിരു-കൊച്ചി’ എന്ന പേരുമാറ്റി, ‘ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ’ എന്ന് പുനര്‍നാമകരണം ചെയ്തു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.