120 കമാൻഡോകൾ, വെറും മൂന്നു മണിക്കൂർ; സിറിയയെ ഞെട്ടിച്ച് മിസൈൽ നിർമാണകേന്ദ്രം തകർത്ത് ഇസ്രയേൽ-വിഡിയോ

ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രതിരോധ സേന 2024 സെപ്റ്റംബറില്‍ സിറിയയില്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 120 ഇസ്രയേലി കമാന്‍ഡോകളുള്‍പ്പെട്ട സംഘം അതിവിദഗ്ദമായാണ് സിറിയയിലെ മിസൈല്‍ നിര്‍മാണ കേന്ദ്രം തകര്‍ത്തത്. വര്‍ഷങ്ങളോളം നടത്തിവന്ന നിരീക്ഷണവും കൃത്യമായ ആസൂത്രണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബര്‍ 8 നാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
.
പശ്ചിമ സിറിയയിലെ മസ്യാഫ് മേഖലയ്ക്ക് സമീപമാണ് മിസൈല്‍ നിര്‍മാണ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്. സിറിയന്‍ പ്രതിരോധസേന ശക്തമായി നിലയുറപ്പിച്ചിരുന്ന മേഖല കൂടിയായിരുന്നു ഇത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇസ്രയേല്‍ സേന മേഖലയില്‍ പദ്ധതി നടപ്പിലാക്കിയത്. ലെബനനിലേക്കുള്‍പ്പെടെ മിസൈല്‍ വിതരണം ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ സേനയിലൊരാള്‍ക്കും പരിക്കേല്‍ക്കാത്ത വിധത്തില്‍ പഴുതടച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സേന അവകാശപ്പെടുകയും ചെയ്തിരുന്നു.

.
2017 ല്‍ സിറിയയിലെ റോക്കറ്റ് എന്‍ജിന്‍ നിര്‍മാണ കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നിര്‍മാണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഭൂമിക്കടിയിലേക്ക് മാറ്റിയിരുന്നു. ഭാവിയിലുണ്ടായേക്കാവുന്ന ആക്രമണസാധ്യത മുന്‍കൂട്ടികണ്ടാണ് ഈ നീക്കം നടത്തിയത്. 2021 ഓടെ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
.

പ്രത്യേകരീതിയിലാണ് ഇത് നിര്‍മിച്ചിരുന്നത്. മൂന്ന് പ്രവേശനകവാടങ്ങളും 16-ഓളം മുറികളുള്‍പ്പെട്ടതായിരുന്നു ഭൂമിക്കടിയിലെ ഈ നിര്‍മാണകേന്ദ്രം. നിര്‍മാണസാമഗ്രികള്‍, പൂര്‍ത്തിയാക്കിയ മിസൈലുകള്‍, ലൊജിസ്റ്റിക്‌സ്, ഓഫീസ് ആവശ്യങ്ങള്‍ എന്നിവയ്ക്കാണ് ഓരോ പ്രവേശനകവാടങ്ങൾ സജ്ജമാക്കിയത്. ഓരോ വര്‍ഷവും 300 വരെ മിസൈലുകള്‍ ഇതുവഴി നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധസേന കണക്കുക്കൂട്ടിയിരുന്നത്.

ഈ നിര്‍മാണകേന്ദ്രത്തില്‍ തിരച്ചില്‍ നടത്തുക ലക്ഷ്യമിട്ട് വര്‍ഷങ്ങളോളം ഇസ്രയേല്‍ സേന ഇത് നിരീക്ഷിച്ചുവന്നിരുന്നു. ഇന്റലിജന്‍സ് ഏജന്‍സികള്‍ കൃത്യമായ വിവരങ്ങളും ശേഖരിച്ചു. എന്നാല്‍ 2023 ഒക്ടോബറിലെ യുദ്ധത്തോടെയാണ് പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ ഇസ്രേയല്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക ഷാല്‍ഡാഗ് സംഘത്തെയാണ് നിയോഗിച്ചത്. രണ്ടുമാസത്തോളം ഇവര്‍ പരിശീലനം നടത്തുകയും ചെയ്തു. അനുകൂലമായ കാലാവസ്ഥ, നിര്‍മാണകേന്ദ്രത്തിന്റെ വ്യക്തമായ ഭൂപടം, സിറിയന്‍ വ്യോമസേനയുടെ ശേഷി, പ്രദേശത്ത് ഉണ്ടാവാനിടയുള്ള മറ്റുസാഹചര്യങ്ങള്‍ എന്നിവ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് പദ്ധതി നടപ്പിലാക്കാനുള്ള തീയ്യതി കണ്ടെത്തിയത്.
.

100 ഷാല്‍ഡാഗ് കമാന്‍ഡോകള്‍, 20 യൂണിറ്റ് ഹെലികോപ്റ്ററുകള്‍ എന്നിവയുള്‍പ്പെട്ട സംഘമാണ് പദ്ധതിയുടെ ആരംഭഘട്ടത്തിലുണ്ടായിരുന്നത്. ഇതിന് പുറമേ 21-ഓളം യുദ്ധവിമാനങ്ങളും അഞ്ച് ഡ്രോണുകളും വിമാനങ്ങളും പദ്ധതിയുടെ ഭാഗമായി. ഇസ്രയേലില്‍ നിന്ന് പുറപ്പെട്ട സംഘം മെഡിറ്ററേനിയന്‍ കടലിന്റെ മുകളിലൂടെയാണ് സഞ്ചരിച്ചത്. സിറിയന്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാനാണ് ഈ വഴി തിരഞ്ഞെടുത്തത്.

താഴ്ന്നുപറന്ന ഹെലികോപ്റ്ററുകള്‍ സിറിയന്‍ കേന്ദ്രത്തിന്റെ ഒരു പ്രവേശനകവാടത്തിന് സമീപമാണ് നിലയുറപ്പിച്ചത്. സൈന്യത്തെ കൃത്യമായി വിന്യസിക്കുകയും ഡ്രോണ്‍ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കുകയും ചെയ്തു. പിന്നാലെ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് മിസൈല്‍ നിര്‍മാണകേന്ദ്രം തകര്‍ക്കുകയായിരുന്നു. സ്ഫോടനം ചെറിയ ഭൂകമ്പത്തിന് സമാനമായ പ്രതീതിയാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ കമാന്‍ഡോകള്‍ പദ്ധതി പൂര്‍ത്തിയാക്കി മടങ്ങി. 30-ഓളം സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ അറിയിച്ചത്. എന്നാല്‍ 14 പേര്‍ മരിച്ചെന്നും 43 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!