പുതുവർഷ പുലരിയിൽ ചങ്ക് തകർന്ന് കേരളം; റോബി ഹൻസ്ദയുടെ ഇൻജറി ടൈം ഗോളിൽ ബംഗാളിന് സന്തോഷ് ട്രോഫി കിരീടം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഈ വർഷം കേരളത്തിന്റെ എല്ലാ ‘സന്തോഷ’ങ്ങൾക്കും ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ വിരാമം. ആവേശം വാനോളമുയർന്ന കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോൾ ജയത്തോടെ ബംഗാളിന് കിരീടം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിന്റെ ഇൻജറി ടൈമിലാണ് കേരളത്തിന്റെ ഹൃദയം തകർത്ത ഗോളിന്റെ പിറവി. ഇത്തവണ ഫൈനലിലേക്കുള്ള ബംഗാളിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച 9–ാം നമ്പർ താരം റോബി ഹൻസ്ദയാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ഇതോടെ 12 ഗോളുകളുമായി റോബി ടൂർണമെന്റിലെ ഗോൾവേട്ടക്കാരിൽ ഒന്നാമനായി.
.
സന്തോഷ് ട്രോഫി ചരിത്രത്തിൽ 47–ാം ഫൈനൽ കളിച്ച ബംഗാളിന്റെ 33–ാം കിരീടനേട്ടമാണിത്. 16–ാം ഫൈനൽ കളിച്ച കേരളത്തിന്റെ 9–ാം തോൽവിയും. മാത്രമല്ല, അവസാനമായി രണ്ടുതവണ കേരളം ജേതാക്കളായപ്പോഴും ഫൈനലിൽ തോൽവിയുടെ ഹൃദയഭാരവും പേറിനിന്ന ബംഗാളിന്റെ മധുരപ്രതികാരം കൂടിയായി ഇത്. 2018ൽ കൊൽക്കത്ത സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ 4–2നും 2021ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 5–4നുമായിരുന്നു കേരളത്തിന്റെ ഷൂട്ടൗട്ട് ജയം.
.
ഗോളില്ലാ ആദ്യ പകുതി
ബംഗാളിന്റെ നീക്കങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ഒന്നാം മിനിറ്റിൽ പൊസഷന്‍ നഷ്ടമാക്കിയ കേരളം ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. തൊട്ടുപിന്നാലെ ബംഗാളിനു രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചിരുന്നില്ല. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിനെ ബംഗാൾ പ്രതിരോധ താരം തടഞ്ഞുനിർത്തി. 11–ാം മിനിറ്റിൽ കേരളത്തിന്റെ നിജോ ഗിൽബർട്ട് നൽകിയ ക്രോസിൽ അജ്സാലിന്റെ മനോഹരമായൊരു ഹെഡർ പുറത്തേക്കു പോയി. ബാറിനു മുകളിലൂടെയാണു പന്ത് പുറത്തേക്കു പറന്നത്.
.
22–ാം മിനിറ്റിൽ ത്രൂ ബോളായി ലഭിച്ച പന്ത് ബംഗാൾ താരം റോബി ഹൻസ്ദ കേരള പോസ്റ്റിലേക്ക് ലക്ഷ്യമിട്ടു. പക്ഷേ ബാറിനു മുകളിലൂടെ പുറത്തേക്കാണു പന്തു പോയത്. 26–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായ കോർണര്‍ മുന്നേറ്റ നിരയ്ക്ക് മുതലാക്കാൻ സാധിക്കുന്നില്ല. മുഹമ്മദ് അജ്സാൽ ബംഗാൾ താരങ്ങളെ വെട്ടിയൊഴിഞ്ഞു കുതിക്കാൻ ശ്രമം നടത്തി. പക്ഷേ നിരാശയായിരുന്നു ഫലം. ആദ്യ പകുതിയിലെ മത്സരം 30 മിനിറ്റു പിന്നിടുമ്പോൾ കളിയുടെ നിയന്ത്രണം ബംഗാളിന്റെ കൈകളിലായിരുന്നു. 30–ാം മിനിറ്റിൽ ബംഗാളിന്റെ കോർണർ കേരളത്തിന്റെ ഗോൾ കീപ്പര്‍ എസ്. ഹജ്മൽ തട്ടിയകറ്റി.
.
40–ാം മിനിറ്റിൽ കേരളത്തിന്റെ മുഹമ്മദ് മുഷറഫ് എടുത്ത ഫ്രീകിക്കിൽ റീബൗണ്ടായി പന്ത് താരത്തിന്റെ കാലുകളിൽ തന്നെ വീണ്ടും എത്തി. പക്ഷേ അപ്പോഴും ലക്ഷ്യം കാണാൻ കേരളത്തിനു സാധിച്ചില്ല. ആദ്യ പകുതിയിൽ രണ്ടു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. പക്ഷേ ഈ സമയത്തും ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല.
കേരളത്തിന്റെ ചങ്കു തകർത്ത രണ്ടാം പകുതി
55–ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ ക്രോസിൽ കേരളത്തിനു സുവർണാവസരം ലഭിച്ചു. നിജോ ഗിൽബർട്ടിന്റെ ക്രോസിൽ മുഹമ്മദ് അജ്സാലിന്റെ ഷോട്ട്. പക്ഷേ പന്തു വരുന്നതു കണക്കുകൂട്ടിനിന്ന ബംഗാൾ ഗോളി സൗരഭ് സമന്ത പന്ത് പിടിച്ചെടുത്തു.58–ാം മിനിറ്റിൽ അപകടകരമായ സ്ഥലത്തുനിന്ന് ബംഗാളിന് ഫ്രീകിക്ക്. ബംഗാൾ താരത്തെ കേരള ക്യാപ്റ്റൻ സഞ്ജു ഫൗള്‍ ചെയ്തു വീഴ്ത്തിയതിനാണു റഫറിയുടെ നടപടി. പക്ഷേ റോബി ഹൻസ്ദയുടെ കിക്ക് കേരളാ ഗോൾ മുഖത്ത് ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. മത്സരം 70 മിനിറ്റു പിന്നിട്ടതോടെ പന്ത് കൂടുതൽ സമയം കൈവശം വച്ച് ബംഗാളിനെ സമ്മർദത്തിലാക്കാൻ കേരളം ശ്രമം തുടങ്ങി. എന്നാൽ 75–ാം മിനിറ്റിൽ കേരളത്തിന്റെ നിജോ ഗിൽബർട്ട് പരുക്കേറ്റ് ഗ്രൗണ്ടിൽ വീണു. നിജോയ്ക്കു പകരം മുഹമ്മദ് റോഷൽ പകരക്കാരനായി ഇറങ്ങി.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.