‘രണ്ടാംഘട്ട തുക സമയത്തു നൽകിയിരുന്നെങ്കിൽ നിമിഷ മോചിതയാകുമായിരുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രം
കൊച്ചി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനു രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നൽകിയിരുന്നെങ്കിൽ ചർച്ച മുന്നോട്ടുപോകുമായിരുന്നെന്നും നിമിഷ ഇതിനകം മോചിതയാകുമായിരുന്നെന്നും മോചനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യഘട്ടത്തിൽ കൊല്ലപ്പെട്ട തലാൽ അഹ്മദിയുടെ ഏതാനും അടുത്ത കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു.
.
2021മുതൽ ആക്‌ഷൻ കൗൺസിൽ പ്രവർത്തിച്ചിരുന്നു. ബ്ലഡ്മണി സ്വീകരിച്ചു നിമിഷയോടു ക്ഷമിച്ചതായി കുടുംബം അറിയിച്ചാൽ ശിക്ഷ ഒഴിവാകുമായിരുന്നു. തലാലിന്റെ കുടുംബവുമായി അയാൾ ഉൾപ്പെടുന്ന ഗോത്രസമൂഹത്തിന്റെ പ്രതിനിധികളെ മധ്യസ്ഥരാക്കി ചർച്ചയാരംഭിക്കാൻ 40,000 യുഎസ് ഡോളർ വേണമെന്നു സാമുവൽ ജെറോമും യെമനിലെ അഭിഭാഷകരും അറിയിച്ചിരുന്നു.
.
ഇതനുസരിച്ച് ആദ്യഘട്ടമായി നൽകേണ്ട 20,000 ഡോളറിൽ 19,871 ഡോളർ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു 2024 ജൂലൈയിൽ കൈമാറി. എന്നാൽ രണ്ടാം ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. ആദ്യഘട്ടം നൽകിയ തുകയുടെ വിനിയോഗം സംബന്ധിച്ചു കൃത്യമായ വിവരം വേണമെന്നു കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടതോടെയാണ് മോചന ശ്രമങ്ങൾ നിശ്ചലമായത്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം മാപ്പ് നൽകുക എന്നത് മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക മാർഗം. അതിന് ദിയാധനം സ്വീകരിക്കാൻ അവർ തയ്യാറായതുമായിരുന്നു. എന്നാൽ തുക കൈമാറുന്നതിൽ നിമിഷ പ്രിയ ആക്ഷൻ കൌണ്സിൽ അലംഭാവം കാണിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ ദയാഹർജി യെമൻ പ്രസിഡണ്ട് തള്ളുന്നതും വധശിക്ഷക്ക് അനുമതി നൽകിയതും.
.
എന്നാൽ നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ശരിവച്ചെന്നതടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
‘‘യെമനിൽ നിമിഷപ്രിയ ശിക്ഷിക്കപ്പെട്ട കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. നിമിഷപ്രിയയുടെ കുടുംബം സാധ്യമാകുന്ന വഴികൾ തേടുന്നതായും മനസിലാക്കുന്നു. ഈ വിഷയത്തിൽ സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും’’– വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
.
2009ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്സായി യെമനിൽ ജോലിക്കെത്തിയത്. 2012ൽ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെ വെൽഡറായി ജോലി ചെയ്യുകയായിരുന്നു ടോമി. അവിടെവച്ചു മകൾ മിഷേൽ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകൾക്കായി 2014ൽ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തുകൂടിയായിരുന്ന തലാൽ അബ്ദുമഹ്ദിയും നാട്ടിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്പോൺസറാക്കി യെമനിൽ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭർത്താവിനുമുണ്ടായിരുന്നു.
.
മകളുടെ മാമോദീസ ചടങ്ങുകൾക്ക് ശേഷം നിമിഷയും യെമൻ പൌരൻ തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനിൽ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല. 2015ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ ക്ലിനിക് ആരംഭിച്ചു.
യെമനിലെ ആഭ്യന്തരയുദ്ധ കാലഘട്ടത്തിൽ നിമിഷപ്രിയ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ പ്രതിനിധികൾ പറയുന്നു. തലാലിൽ നിന്ന് പലതരത്തിലുള്ള പീഡനങ്ങളുമുണ്ടായി. തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. ക്ലിനിക്കിലെ യെമൻ പൗരയായ ഹനാൻ എന്ന മറ്റൊരു ജീവനക്കാരിയുമായി ചേർന്നു തലാൽ അബ്ദു മെഹ്ദിയെ മയക്ക് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയും, മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കർ ഒളിപ്പിക്കുകയും ചെയ്തുവെന്നാണ് നിമിഷപ്രിയക്കെതിരായ കേസ്.
.
ദിവസങ്ങള്‍ പിന്നിട്ടതോടെ വാട്ടര്‍ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വന്നു. ഇതോടെ പ്രദേശവാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ നിമിഷപ്രിയ അവിടെ നിന്നും പോയി ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്ക് ചേർന്നു. തലാലിൻ്റെ മൃതദേഹം വാട്ടർ ടാങ്കിൽ നിന്ന് കണ്ടെടുക്കുകയും നിമിഷ പ്രിയയെ കാണാതായതും അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം വർധിപ്പിച്ചു. സംഭവത്തെ കുറിച്ച് പ്രാദേശിക പത്രങ്ങളിൽ വാർത്തകൾ വന്നു. ഈ വാർത്തയും നിമിഷപ്രിയയുടെ ചിത്രവും ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതരാണ് നിമിഷ പ്രിയ തങ്ങളുടെ ആശുപത്രിയിൽ ജോലിക്ക് ചേർന്നിട്ടുണ്ടെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.