‘ഞങ്ങൾക്കെന്താണ് സംഭവിച്ചത്?’; വിമാനത്തിൻ്റെ വാൽഭാഗത്തായതിനാൽമാത്രം രക്ഷപ്പെട്ടവർ ഇപ്പോഴും ഞെട്ടലില്‍

സോള്‍: ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നില്‍ 179 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി മാറുകയായിരുന്നു. വിമാന ജീവനക്കാരായ രണ്ടുപേര്‍ മാത്രമാണ് ആ ദുരന്തം അതിജീവിച്ചത്. 32-കാരിയായ ലീയ്ക്കും 25-കാരിയായ ക്വനിനുമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. അപകടം നടക്കുമ്പോള്‍ വിമാനത്തിന്റെ വാല്‍ഭാഗത്താണ് ഇരുവരും ഉണ്ടായിരുന്നത്. അപകടം നടന്നപ്പോള്‍ തെറിച്ചുവീണ ഇരുവരും ഇപ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളിലാണ്.
.
ലാന്‍ഡിങ് സമയത്ത് യാത്രക്കാരെ സഹായിക്കാന്‍ വിമാനത്തിന്റെ പിന്നില്‍ നിലയുറപ്പിച്ചിരുന്ന ലീ നിലവില്‍ മൊക്‌പോ കൊറിയന്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഇപ്പോഴും എന്താണ് സംഭവിച്ചതെന്ന് ലീയ്ക്ക് മനസിലായിട്ടില്ല. ‘ഞാന്‍ എങ്ങനെ ഇവിടെ എത്തി?’ എന്നാണ് ലീ ഉറക്കമുണരുമ്പോഴെല്ലാം ചോദിക്കുന്നതെന്ന് കൊറിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
.
ഇപ്പോഴും ദുരന്തത്തിന്റെ ആഘാതത്തിലുള്ള ലീയ്ക്ക് തന്റെ പരിക്കുകളെ കുറിച്ച് അറിയില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ദുരന്തം ലീയെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നും അതില്‍നിന്ന് മുക്തയാകാന്‍ സമയമെടുക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലീയുടെ ഇടത് തോള്‍ പൊട്ടുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
.
മാക്‌പോ സെന്‍ട്രല്‍ ആശുപത്രിയിലാണ് ക്വാണ്‍ ചികിത്സയിലുള്ളത്. ലീയെപ്പോലെ തന്നെ ക്വാണിന് അപകടവുമായി ബന്ധപ്പെട്ട ഓര്‍മകളൊന്നുമില്ല. തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവും കണങ്കാലിന് പൊട്ടലുമുള്ള ലീയുടെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 29-ന് പ്രാദേശിക സമയം രാവിലെ 09.07-ഓടെയായിരുന്നു അപകടം.
.
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്ലന്‍ഡ് സ്വദേശികളുമായിരുന്നു.

ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. പക്ഷി ഇടിച്ചാതാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2005-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജെജു കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ദുരന്തമായിരുന്നു ഇത്. 2007-ല്‍ നടന്ന ഒരു അപകടത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!