വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം, പ്രത്യേക പാക്കേജിനെ കുറിച്ച് വ്യക്തമായ ഉത്തരമില്ല; കേരളം ഇന്ത്യക്ക് പുറത്താണോ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലേത് തീവ്രസ്വഭാവമുള്ള ദുരന്തമാണെന്ന് കേന്ദ്രം. ചൂരൽമല ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളം അയച്ച കത്തിന് മറുപടിയായി ആഭ്യന്തരമന്ത്രാലയം ജോയിന്‍ സെക്രട്ടറി രാജേഷ് ഗുപ്ത റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഈ പരാമര്‍ശം.
.
തീവ്രതയും ആഘാതവും കണക്കിലെടുത്ത്, വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലിനെ കേന്ദ്രസംഘം ‘അതിതീവ്രമായ’ ദുരന്തമായി തരംതിരിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. വയനാട് ഉരുള്‍ പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും വയനാട് ജില്ലയിലെ ഉരുള്‍ പൊട്ടല്‍ ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും കേരളം നിരന്തരം ഉന്നയിക്കുന്ന ആവശ്യമാണ്.
.
എന്നാല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചുവെങ്കിലും പ്രത്യേക പുനരധിവാസ പാക്കേജ് വേണമെന്ന ആവശ്യത്തിന് കൃത്യമായ മറുപടി കത്തില്‍ നല്‍കുന്നില്ല. അതിതീവ്രമായ ദുരന്തങ്ങളുണ്ടായാല്‍ നല്‍കുന്ന ധനസഹായം സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് (എസ്ഡിആര്‍എഫ്) മുഖേന ഇതിനകം നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ആവശ്യമെങ്കില്‍, കേന്ദ്രസംഘത്തിന്റെ (ഐഎംസിടി) വിലയിരുത്തല്‍ ഉള്‍പ്പടെ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ (എന്‍ഡിആര്‍എഫ്) നിന്ന് അധിക തുക നല്‍കുമെന്നാണ് കത്തില്‍ പറയുന്നത്.
.
അതേ സമയം മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രസഹായം കിട്ടിയില്ലെങ്കിലും പ്രഖ്യാപിച്ച മുഴുവന്‍ കാര്യങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2018-ലെ അതിജീവന മാതൃകയാണ് കേരളത്തിന് മുന്നിലുള്ളത്. കൃത്യമായ കണക്ക് നല്‍കിയിട്ടും കേന്ദ്രം എന്തിനാണ് കേരളത്തോട് ഇത്രയും പക കാട്ടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പത്തനംതിട്ട സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
.
‘എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ സഹായമുണ്ട്. അതൊന്നും സംസ്ഥാനങ്ങള്‍ കണക്ക് കൊടുത്തിട്ടല്ല. ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസങ്ങളില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് കേരളത്തിനുള്ള കുറവ്. എന്താണ് കേരളത്തിനോട് ഇത്ര വലിയ പക. നാം ഇന്ത്യക്ക് പുറത്താണോ?’- മുഖ്യമന്ത്രി ചോദിച്ചു.
.
കേരളത്തിലെ എല്ലാം എം.പിമാരും ഒന്നിച്ച് കേരളത്തിന്റെ ആവശ്യങ്ങളുയര്‍ത്തി. പച്ച നുണയാണ് ആ എം.പിമാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് കേരളം കൃത്യമായി നടത്തിയില്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. ശുദ്ധ നുണയാണിത്. നമ്മളീ രാജ്യത്തിന്റെ ഭാഗമായ സംസ്ഥാനമല്ലേ. നമ്മളാരോടും യാചിക്കുകയല്ലല്ലോ, നമുക്ക് അര്‍ഹതപ്പെട്ടത് ചോദിക്കുകയല്ലേ’ മുഖ്യമന്ത്രി ചോദിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!