അബ്ദുറഹീമിൻ്റെ കേസ് ജനുവരി 15ലേക്ക് മാറ്റി; കേസിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് കോടതി
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിൻ്റെ മോചനത്തിൽ ഇന്നും കോടതി വിധിയുണ്ടായില്ല. ഇന്ന് രാവിലെ 11.30ന് റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുർന്ന് മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ജനുവരി 15നാണ് ഇനി ഈ കേസ് പരിഗണിക്കുക. ഇത് നാലാം തവണയാണ് കേസ് നീട്ടിവെക്കുന്നത്. ഡിസംബർ 12ന് നടക്കേണ്ടതായിരുന്നു ഈ സിറ്റിംങ്. എന്നാൽ കോടതിയിലെ സാങ്കേതിക തകരാർ മൂലം അന്ന് പരിഗണിക്കേണ്ടിയിരുന്ന എല്ലാ കേസുകളും മാറ്റി വെക്കുകയായിരുന്നു.
.
18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. മോചനത്തിനായി നടത്തിവരുന്ന ശ്രമങ്ങളെല്ലാം ഫലം കാണുന്നുണ്ട്. ദിയാധനം സ്വീകരിച്ച് കൊല്ലപ്പെട്ട ബാലൻ്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നൽകാൻ തയ്യാറായത് തന്നെ അതിന് ഏറ്റവു വലിയ ഉദാഹരണമാണ്. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസിൽ പൊലീസ് അബ്ദുൽ റഹീമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത്. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. റിയാദ് ഇസ്കാനിലെ ജയിലിലാണ് അബ്ദുൽ റഹീമുള്ളത്. റഹീം ജയിലിലായത് മുതൽ നിമയസഹായവുമായി സജീവമായി രംഗത്തുണ്ട് റിയാദിലെ നിയമസഹായ സമിതി.
.
34 കോടിയിലേറെ ഇന്ത്യൻ രൂപക്ക് സമാനമായ ഒന്നര കോടി സൗദി റിയാൽ ദിയാധനം സ്വീകരിച്ചുകൊണ്ടാണ് കൊല്ലപ്പെട്ട ബാലൻ്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നൽകിയത്. ഇതോടെ റിയാദ് ക്രിമനൽ കോടതി അബ്ദു റഹീമിൻ്റെ വധശിക്ഷ റദ്ദാക്കി. എന്നാൽ പൊതു ധാർമിക നിയമ പ്രകാരമുള്ള തടവ് ശിക്ഷ നിലവിലുണ്ട്. അതിലാണ് ഇനി തീരുമാനമുണ്ടാകേണ്ടത്. അതിന് വേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ധ് ചെയ്ത റിയാദ് ക്രിമിനൽ കോടതി തന്നെ ഈ കേസും ഏറ്റെടുത്തത്.
.
എന്നാൽ അബ്ദു റഹീമിൻ്റെ കേസിൽ വിശദമായ പഠനം ആവശ്യമുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. അതിന് ശേഷം തീരുമാനം പ്രഖ്യാപിക്കും. ജനുവരി 15 രാവിലെ 8 മണിക്ക് കേസ് പരിഗണിക്കുമ്പോൾ അന്തിമ തീരുമാനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിനെട്ട് വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞതിനാൽ അത് തടവ് കാലയളവായി പരിഗണിച്ച് കേസ് അവസാനിപ്പിക്കാനും അബ്ദു റഹീമിനെ മോചിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിയാദിലെ നിയമസഹായ സമിതിയുടെ പ്രതീക്ഷ. കേസ് വീണ്ടും വീണ്ടും മാറ്റിവെക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സ്വാഭാവിക നടപടിക്രമങ്ങളാണ് നടന്ന് വരുന്നതെന്നും നിയമസാഹയ സമിതി അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.