അബ്ദുൽ റഹീം കേസ് റിയാദ് കോടതി നാളെ പരിഗണിക്കും; മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിൽ റഹീമും കുടുംബവും
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി നാളെ വീണ്ടും പരിഗണിക്കും. ജൂലൈ 2ന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവിറങ്ങിയിരുന്നു. എന്നാൽ പൊതു പെരുമാറ്റചട്ടമനുസരിച്ച് ചുമത്തിയിട്ടുള്ള തടവ് ശിക്ഷയിലാണ് നാളെ വിധി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റിവെച്ചിരുന്നു. അവസാനത്തെ സിറ്റിംഗ് കോടതിയിലെ സാങ്കേതിക തകരാറുകൾ മൂലം മാറ്റി വെച്ചതായിരുന്നു. അതാണ് തിങ്കളാഴ്ച രാവിലെ നടക്കുക. പബ്ലിക് പോസിക്യൂഷൻ ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്നുള്ള നടപടി ക്രമങ്ങൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് റഹീമും കുടുംബവും മലയാളി സമൂഹവും നാളത്തെ കോടതി വിധിക്കായി കാത്തിരിക്കുന്നത്.
.
റഹീം കേസിന്റെ നടപടികൾ ഇന്ത്യൻ എംബസിയും, റഹീമിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും, പ്രതിഭാഗം വക്കീലുമാണ് പിന്തുടരുന്നത്. ഈ മാസം പന്ത്രണ്ടിന് നടക്കേണ്ടിയിരുന്ന സിറ്റിംഗ് സാങ്കേതിക തടസങ്ങൾ മൂലം കോടതി നീട്ടി വെക്കുകയായിരുന്നു. റഹീമിന്റെ കേസിൽ കൊലപാതകത്തിനുള്ള വധശിക്ഷമാത്രമാണ് ഇത് വരെ ഒഴിവായിട്ടുള്ളത്. തടവ് ശിക്ഷയിലാണ് നാളെ കോടതി വിധിപറയുക. എന്നാൽ ഇക്കാര്യത്തിൽ നാളെയേ വ്യക്തത വരൂ. ജയിൽ ശിക്ഷ വിധിച്ചാലും നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ച് കഴിഞ്ഞതിനാൽ റഹീമിന് മോചിതനാകാമെന്നാണ് പ്രതീക്ഷ.
.
നാളത്തെ സിറ്റിങ്ങിൽ ഇതെല്ലാം തീർപ്പാക്കിയാൽ ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള പാസ്സ്പോർട്ട് വിഭാഗം ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കും. ഏതാനും ദിവസങ്ങൾ ഇതിനെടുത്തേക്കുമെന്നാണ് കരുതുന്നത്. റഹീമിന്റെ മടക്ക യാത്രക്കുള്ള രേഖകൾ ഇതിനോടകം എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്. തുടർന്ന് 18 വർഷത്തോളം നീണ്ട ശ്രമത്തിനൊടുവിലാണ് മോചനത്തിലേക്കുള്ള വഴികൾ തെളിഞ്ഞത്. 33 കോടി ഇന്ത്യൻ രൂപക്ക് സമാനമായ സൌദി റിയാൽ കൊല്ലപ്പെട്ട ബാലൻ്റെ കുടുംബത്തിന് ദിയാധനം നൽകിയാണ് വധശിക്ഷയിൽ നിന്ന് മോചനം നേടിയത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.