‘അരനൂറ്റാണ്ടിൻ്റെ അഭിമാനം’; കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി അമ്പതാം വാർഷികം ആഘോഷിക്കുന്നു
ജിദ്ദ- പ്രവാസിയുടെ സങ്കടങ്ങളിലും കണ്ണീരിലും തണലായ കെ.എം.സി.സിയുടെ അൻപതാം വാർഷികം ആഘോഷിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെയാണ് ആഘോഷം. വിപുലമായ നിരവധി പദ്ധതികൾ ജിദ്ദയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ കമ്മിറ്റി പ്രഖ്യാപിച്ചു.
.
അരനൂറ്റാണ്ടിന്റെ അഭിമാനം, ജിദ്ദ കെ.എം.സി.സി എന്ന പേരിൽ നടത്തുന്ന പരിപാടി കെ.എം.സി.സി എന്ന മഹാപ്രസ്ഥാനം പിന്നിട്ട വഴികൾ ഓരോന്നും അടയാളപ്പെടുത്തുന്നതിനൊപ്പം ഭാവിയിൽ വ്യത്യസ്തമായ പരിപാടികളും പദ്ധതികളും നടപ്പിലാക്കും. ജിദ്ദയിൽ എഴുപതുകളുടെ അവസാനത്തോടെയാണ് കെ.എം.സി.സിയുടെ ആദ്യരൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറം രൂപീകരിച്ചത്. ഇത് പിന്നീട് കെ.എം.സി.സിയുടെ പിറവിയിലേക്ക് നയിക്കുകയായിരുന്നു. 1985 ൽ കെഎംസിസി വ്യവസ്ഥാപിത പ്രസ്ഥാനമായി സംഘടിപ്പിച്ചു.
.
ജീവകാരുണ്യ പ്രവർത്തനങ്ങൾ, സഹജീവികൾക്ക് സഹായകമാകുന്ന പദ്ധതികൾ, സാംസ്കാരിക സായാഹ്നങ്ങൾ, പാർട്ടിക്ക് ഭൗതികമായും അല്ലാതെയും പിന്തുണയേകുന്ന നൂറുകണക്കിന് പ്രവർത്തനങ്ങൾക്കും കെ.എം.സി.സി നേതൃത്വം നൽകി. പിന്നിട്ട വഴികളിലേക്കുള്ള ഓർമ്മകളുടെ മടക്കയാത്രയും പുതിയ കാലത്തെ അടയാളപ്പെടുത്തലുമാണ് ‘അര നൂറ്റാണ്ടിന്റെ അഭിമാനം, ജിദ്ദ കെഎംസിസി എന്ന പേരിലെ പരിപാടിയുടെ കാതൽ.
ആഘോഷത്തിന്റെ ഭാഗമായി 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ആദ്യ ഘട്ട പരിപാടികൾ ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയാണ്. സ്ഥിരമായി നടത്തിവരുന്ന പരിപാടികൾക്ക് പുറമെ, സോവനീർ, മെഗാഷോ, സാംസ്കാരിക സാഹിത്യ സെമിനാർ, കാരുണ്യകൂട്ടം തുടങ്ങീ അൻപതോളം പരിപാടികൾ സംഘടിപ്പിക്കും.
ആദ്യ ഘട്ടം നടക്കുന്ന പരിപാടികൾ:
– ജനുവരി 17 – അന്താരാഷ്ട്രാ വടംവലി ടൂർണമെന്റ്
(ഒരു വർഷത്തെ പരിപാടികളുടെ ഉദ്ഘാടനവും ജനുവരി 17ന് നടക്കും)
– ജനുവരി 23 – സുരക്ഷാ കോഡിനേറ്റർമാർക്കുള്ള സ്നേഹവിരുന്ന്.
– ജനുവരി- 31 – സ്ത്രീ കരുത്ത് – ഏകദിന ശില്പശാലയും പ്രദർശനവും, വനിതാ വിങ് പരിപാടി.
– ജനവരി 31 രാത്രി- ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ്.
– ഫെബ്രുവരി 8 – പാഠശാല (ചരിത്ര പഠന ശാല)
– ഫെബ്രുവരി 13 – ഷട്ടിൽ ടൂർണമെന്റ്.
– ഫെബ്രുവരി 20- അഹ്‌ലൻ റമദാൻ.
– ഫെബ്രുവരി 22 – ജിദ്ദ മാരത്തോൺ (സൗദി സ്ഥാപക ദിനം)
– മാർച്ച് 14 – മെഗാ ഇഫ്‌താർ
– ഏപ്രിൽ- 25 മെഗാ ഫാമിലി ഇവന്റ്.
മോർണിംഗ് ഹെൽത്ത് ക്ലബ്ബ്: അൽ സാമറിൽ ആരംഭിച്ച പ്രഭാത ക്ലബ്ബ് കൂടുതൽ ഏരിയകളിലേക്ക് വ്യാപിപ്പിക്കും.
അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റ്:
ലോക മലയാളികളിക്കിടയിൽ ഫുട്ബോൾ പോലെ സ്വീകാര്യത നേടിയ കായിക ഇനമാണ് വടംവലി. ഈ വരുന്ന ജനുവരി 17 നു ജിദ്ദയിൽ വമ്പൻ വടംവലി മേള നടത്തും. ജിദ്ദ കെഎംസിസി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്റിൽ യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും മാറ്റുരക്കും. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ലോക നിലവാരത്തിലുള്ള വടംവലി കോർട്ടും പിച്ചും ആയിരിക്കും മത്സരങ്ങൾക്ക് ഉപയോഗപ്പെടുത്തുക. ആറായിരം സൗദി റിയാലാണ് ഒന്നാം സ്ഥാനക്കാർക്ക് നൽകുക. നാലായിരം, രണ്ടായിരം, ആയിരം എന്നിങ്ങിനെയാണ് രണ്ടു മുതൽ നാലു വരെ സ്ഥാനക്കാർക്ക്. വടംവലിയുടെ പൊതു നിലവാരവും നിയമങ്ങളും പലപിച്ചുകൊണ്ടായിരിക്കും മേളനടത്തപ്പെടുക. മത്സരം കാണാനെത്തുന്നവർക്ക് വിവിധ ഭക്ഷണ സ്റ്റാളുകളും മറ്റും ഗ്രൗണ്ടിൽ ഒരുക്കും. മേള വിജയിപ്പിക്കുന്നതിനുവേണ്ടി വിപുലമായ സംഘാടകസമിതി രൂപീകരിച്ചതായും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അറിയിച്ചു.
ആക്ടിങ് പ്രസിഡന്റ് സി കെ റസാഖ് മാസ്റ്റർ, ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്‌ഹാഖ് പൂണ്ടോളി, വിപി അബ്ദുറഹിമാൻ, ഇസ്മായിൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, ജലാൽ തേഞ്ഞിപ്പലം, അഷ്‌റഫ് താഴേക്കോട്, നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.