‘എട്ടാംക്ലാസില്‍ പഠിക്കുമ്പോൾ പിതാവ് മരിച്ചു. പെങ്ങന്മാരെ കെട്ടിക്കാനും കുടുംബം പുലർത്താനും അന്ന് തൊട്ടുള്ള ഓട്ടമാണ്’; പുലർച്ചെ മൂന്ന് മണിക്ക് ഓര്‍ഡറുമായെത്തിയ ഡെലിവറി ബോയിയുടെ ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവെച്ച് ഉദ്യോഗസ്ഥൻ
സൊമാറ്റോ ജോലിക്കാരന്റെ ഹൃദയസ്പര്‍ശിയായ അനുഭവം ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച് ഉദ്യോഗസ്ഥന്‍. കുടുംബം പോറ്റാന്‍ വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന, കാഴ്ചയില്‍ പ്രായം ഇരുപതുകളിലെന്ന് തോന്നിപ്പിക്കുന്ന യുവാവിന്റെ അനുഭവങ്ങളാണ് പങ്കുവെച്ചത്. പാതിരാത്രി മൂന്നുമണിക്ക് സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതായിരുന്നു ഹിമാന്‍ഷു ബോറ എന്ന ഉദ്യോഗസ്ഥന്‍. ഭക്ഷണവുമായെത്തിയ യുവാവിന്റെ കഥയും കഷ്ടപ്പാടും കേട്ടതോടെ ഹിമാന്‍ഷു, സൊമാറ്റോ സി.ഇ.ഒ. ദീപീന്ദര്‍ ഗോയലിനോട് നേരിട്ട് സംസാരിച്ചു.
.
കഴിഞ്ഞദിവസമാണ് സംഭവം. ഹിമാന്‍ഷുവിന്റെ ജോലികഴിഞ്ഞപ്പോള്‍, സമയം അര്‍ധരാത്രി മൂന്നുമണിയായി. വിശപ്പകറ്റാന്‍ സൊമാറ്റോ വഴി ഭക്ഷണം ഓഡര്‍ ചെയ്തു. അല്പസമയം കഴിഞ്ഞ് കോളിങ് ബെല്‍ കേട്ട് എഴുന്നേറ്റ് വാതില്‍ തുറന്നതായിരുന്നു. ചെറുചിരിയോടെ ഡെലിവറി എക്‌സിക്യുട്ടീവ് അതാ ഭക്ഷണപ്പൊതിയുമായി മുന്നില്‍. പുറത്ത് മരം കോച്ചുന്ന തണുപ്പ്!
.
പക്ഷേ, അവന്റെ തിളങ്ങുന്ന കണ്ണുകള്‍ക്കപ്പുറത്ത് എന്തോ ഒളിപ്പിച്ചുവെച്ചതായി ഹിമാന്‍ഷുവിന് സംശയം. പറയാത്ത ഏതോ കഥയുടെ ഭാരം ആ കണ്ണുകള്‍ക്ക് പിന്നിലുണ്ടോ! സംശയം ദൂരീകരിക്കാന്‍ തന്നെ തീരുമാനിച്ചു. പയ്യനെ മുറിയിലേക്ക് ക്ഷണിച്ച ശേഷം കുറച്ചു വെള്ളം നല്‍കി. തുടര്‍ന്ന് അവന്റെ പശ്ചാത്തലം അന്വേഷിച്ചു.
.
ശിവ സര്‍ക്കാറെന്നാണ് പേര്. 20 വയസ്സ് തോന്നിക്കും. എട്ടാംക്ലാസില്‍ പഠിക്കുമ്പോൾ അവന്റെ പിതാവ് മരിച്ചു. അതില്‍പ്പിന്നെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ അവന്റെ ചുമലിലായി. കല്യാണപ്രായം കഴിഞ്ഞ സഹോദരിമാരുടെ വിവാഹച്ചെലവുകള്‍ വഹിക്കേണ്ട ബാധ്യതയും അവനായി. ഭാരിച്ച ചെലവ് കണ്ടെത്താന്‍, കഷ്ടപ്പെടുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലിയെടുക്കാന്‍ തുടങ്ങി. അങ്ങനെയാണ് പാതിരാത്രി മൂന്ന് മണിക്ക് വന്ന ആ ഓര്‍ഡറും ഏറ്റെടുത്തത്.
കൂട്ടത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ചും മനോഹരമായ യൗവ്വനത്തെക്കുറിച്ചുമുള്ള സ്വപ്‌നങ്ങള്‍ കൂടി അവന്‍ പങ്കുവെച്ചതോടെ ഹിമാന്‍ഷുവിന് നിയന്ത്രണമടക്കാനായില്ല. അടിച്ചുപൊളിച്ച് ജീവിക്കേണ്ട കാലത്ത്, ജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്ന അവന്റെ ശക്തിയില്‍ അതിശയിച്ച് അയാള്‍ അവിടെ ഇരുന്നുപോയി. ഒരുവേള, അയാളുടെ കണ്ണും നിറഞ്ഞൊഴുകി.
.
അന്നേരം അയാളോര്‍ത്തു, തിരക്കുപിടിച്ച നഗരത്തില്‍ കണ്ണോടിച്ചാല്‍ ഇതുപോലെ എത്രയെത്ര ഡെലിവറി എക്‌സിക്യുട്ടീവുമാരുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ പ്രതിദിനം എത്രയോ പേരെ കാണാം. പ്രാരബ്ധത്തിന്റെ പല കഥകള്‍ പറയാനുണ്ടാവും, അവരില്‍ ഓരോരുത്തര്‍ക്കും. ചെറുപ്പത്തിലേ കുടുംബത്തെ ചുമലില്‍ കയറ്റിവെച്ചവര്‍, അതിനായി പഠിപ്പും സ്വപ്‌നവും ത്യജിച്ച് വിയര്‍പ്പു ചിന്തുന്നവര്‍… നന്ദിയും ഒരു പുഞ്ചിരിയും നല്‍കി ശിവ അപ്പോഴേക്കും അവിടെനിന്ന് പോയിരുന്നു.
പക്ഷേ, അയാളുടെ മനസ്സില്‍നിന്ന് അവന്‍ പോയിരുന്നില്ല. അവര്‍ക്കായി എന്തു ചെയ്യാന്‍ കഴിയുമെന്നായിരുന്നു ഹിമാന്‍ഷുവിന്റെ ചിന്ത. ഇവര്‍ക്കായി സ്‌കോളര്‍ഷിപ്പുകളോ എളുപ്പത്തിലുള്ള വായ്പകളോ നല്‍കാന്‍ സൊമാറ്റോയ്ക്ക് സാധിക്കില്ലേ എന്ന് മനസ്സിലുദിച്ചു. ഉടന്‍തന്നെ സൊമാറ്റോ സി.ഇ.ഒ. ദീപിന്ദര്‍ ഗോയലിനെ വിളിച്ച് സംഭവിച്ച കാര്യം വിശദീകരിച്ചു. ഇത്തരക്കാര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നതായിരുന്നു ചോദ്യം.
.
ഇക്കാര്യങ്ങള്‍ ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചതോടെ സൊമാറ്റോയുടെ ഔദ്യോഗിക മറുപടിയെത്തി. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി പറഞ്ഞ അവര്‍, ഇത് വളരെ പ്രചോദനാത്മകമാണെന്നും പോസ്റ്റില്‍ വിശദീകരിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.