‘സിപിഎം അവസരത്തിനൊത്ത് വർഗീയ രാഷ്ട്രീയം കളിക്കുന്നു’; എ.വിജയരാഘവനെതിരെ സമസ്ത എപി വിഭാഗവും ‘സുപ്രഭാതം’ പത്രവും

കോഴിക്കോട്: വർഗീയ പരാമർശത്തിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെതിരെ വിമർശനവുമായി സുന്നി സംഘനടകളും രംഗത്ത്. സിപിഎമ്മിനൊപ്പം സഞ്ചരിക്കുന്ന കാന്തപ്പുരം വിഭാഗവും, സമസ്ത മുഖപത്രമായ സുപ്രഭാതവുമാണ് പരസ്യമായി സിപിഎമ്മിനെതിരെ രംഗത്തെത്തിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി വിവാദ പരസ്യം നൽകിയവരായിരുന്നു ഇരു കൂട്ടരും എന്നത് ശ്രദ്ധേയമാണ്. എന്നാൽ മെക് 7 വിവാദത്തിന് പിന്നാലെ വിജയരാഘവൻ്റെ വർഗീയ പരമാർശം കൂടി വന്നതോടെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഇരു സുന്നി സംഘടനകളും.

മുസ്‌ലിം സമുദായം മൊത്തം വർഗീയ വാദികളാണ് എന്നല്ലെ വിജയരാഘവന്റെ പ്രസ്താവനയുടെ അർഥമെന്ന് കാന്തപ്പുരം വിഭാഗം എസ്‌വൈഎസ്‌ നേതാവ് റഹ്മത്തുല്ല സഖാഫി എളമരം ചോദിച്ചു. വിജരാഘവന്റെ പ്രസ്താവന ആരെ സന്തോഷിപ്പിക്കാനാണ്. പ്രസ്താവനയിലൂടെ വിജയരാഘവൻ തന്റെ പാരമ്പര്യം നിലനിർത്തുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ റഹ്മത്തുല്ല സഖാഫി എളമരം വിമര്‍ശിക്കുന്നു.
.
വിജയരാഘവൻ നേരത്തെയും വർഗീയ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഹഹ്മത്തുല്ല സഖാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടികൾ വർഗീയ പരമാർശം നടത്തുന്നത് അപകടകരമാണ്. രാഷ്ട്രീയം പറഞ്ഞ് പ്രവർത്തിക്കണമെന്നും, വർഗീയത പറയുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

“മുസ്‌ലിം വർഗീയവാദികളുടെ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധിയും, പ്രിയങ്കഗാന്ധിയും എങ്ങിനെയാണ് പാർലിമെന്റിലെത്തുക?”- സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവന്റെ വാക്കുകളാണിത്. 

സ്വബോധത്തോടെ തന്നെയാണോ അദ്ദേഹം ഇത് പറഞ്ഞത്? അങ്ങനെയെങ്കിൽ മുസ്ലിം സമുദായം മൊത്തം വർഗീയ വാദികളാണ് എന്നല്ലേ ഇതിനർത്ഥം!. നാലുലക്ഷത്തിനു മുകളിൽ വോട്ടിനു പ്രിയങ്ക വിജയിച്ചെങ്കിൽ മുസ്ലിംകളിൽ വർഗീയ വാദികൾ മാത്രമേ ഉള്ളൂ എന്നുവരില്ലേ?

ഇത് ആരെസന്തോഷിപ്പിക്കാനാണ്?. ഈ പ്രസ്താവനയിലൂടെ വിജയരാഘവൻതന്റെ പാരമ്പര്യം നിലനിർത്തി എന്നേയുള്ളു”

.
അതേസമയം എ. വിജയരാഘവന്റെ വർഗീയ പരാമർശത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശവുമായി സമസ്ത മുഖപത്രം ‘സുപ്രഭാതം’ രംഗത്ത് എത്തി. വർഗ രാഷ്ട്രീയം വിട്ട് സിപിഎം അവസരത്തിനൊത്ത് വർഗീയ രാഷ്ട്രീയത്തെ ഉപയോഗിക്കുകയാണെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തിൽ വിമർശിച്ചു. സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധതയും വെറുപ്പുമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കുറ്റപ്പെടുത്തലുണ്ട്.

വിഭജനത്തിന്റെയും വർഗീയതയുടെയും ബി ടീം ആവാൻ കേരളത്തിലെ സിപിഎം നേതാക്കൾ ശ്രമിക്കരുതെന്നാണ് സുപ്രഭാതത്തിൽ വിമർശനം. വിജയരാഘവൻമാരെ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിച്ചു പോകുന്നത് സംഘപരിവാറിലേക്ക് ആയിരിക്കും. പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ മുസ്ലീം വിരോധം പ്രചരിപ്പിക്കുകയും, പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് സിപിഎം നേതാക്കൾ. മുസ്ലീം സമുദായത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വർഗീയത പറയുന്ന സിപിഎം നേതാക്കളുടെ എണ്ണം വർദ്ധിക്കുന്നു. മുസ്ലീങ്ങൾ സംഘടിച്ചാലോ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ വിജയിച്ചാലോ സിപിഎം അതിനെ വർഗീയതയിലേക്ക് എത്തിക്കുന്നു. സംഘപരിവാറിനെ നോർമലൈസ് ചെയ്യുന്ന നിലപാടുകൾ ജനം കാണുന്നുണ്ടെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
.
രാഹുല്‍ ഗാന്ധി എംപി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണ് എന്നായിരുന്നു എ. വിജയരാഘവന്റെ പരാമര്‍ശം. പ്രിയങ്കാ ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും കണ്ടത് ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

.

.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!