എട്ടുതവണ മലക്കംമറിഞ്ഞ് വാഹനം, പൂര്‍ണമായും തകര്‍ന്നു; പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് യാത്രക്കാര്‍ – വീഡിയോ

ബിക്കാനിര്‍ (രാജസ്ഥാന്‍): നിയന്ത്രണംവിട്ട് എട്ടുതവണ മലക്കംമറിഞ്ഞ എസ്.യു.വിയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍. വെള്ളിയാഴ്ച രാജസ്ഥാനിലെ നാഗൗര്‍ ഹൈവേയിലായിരുന്നു സംഭവം. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എട്ടുതവണ മലക്കംമറിഞ്ഞ കാര്‍ വഴിയരികിലെ കാര്‍ ഷോറൂമിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. എന്നാല്‍, തകര്‍ന്ന് തരിപ്പണമായി തലകീഴായി കിടന്ന കാറില്‍നിന്ന് അഞ്ച് യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു.

അമിതവേഗത്തിലായിരുന്ന വാഹനം ഹൈവേയില്‍ യു-ടേണ്‍ എടുക്കുമ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കാര്‍ മലക്കംമറിയുന്നതിനിടെ തന്നെ ഡ്രൈവര്‍ ഡോറിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി. മറ്റ് നാലുപേരും കാര്‍ ഇടിച്ചുനിന്ന ശേഷമാണ് പുറത്തിറങ്ങിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഷോറൂമിന്റെ ഗേറ്റ് ഭാഗീകമായി തകര്‍ന്നു. ഇടിയുടെ ദൃശ്യം ഭീകരമാണെങ്കിലും അകത്തുണ്ടായിരുന്നവര്‍ക്ക് ഒരു പോറല്‍പോലും സംഭവിച്ചില്ല എന്നത് അദ്ഭുതമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടത്തിന്റെ ആഘാതത്തില്‍ എസ്.യു.വി. തകര്‍ന്ന് തരിപ്പണമായി. തലകീഴായി മറിഞ്ഞ വാഹനത്തില്‍നിന്നും ആരുടെയും സഹായമില്ലാതെ തന്നെയാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. എന്നാല്‍, ആശുപത്രിയിലേക്ക് പോകുന്നതിന് പകരം അവര്‍ നേരെ കാര്‍ ഷോറൂമിന്റെ ഉള്ളിലേക്കാണ് പോയത്. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ കടയില്‍ കയറിവന്ന്, ചായ തരാമോ, എന്നാണ് അവര്‍ ചോദിച്ചതെന്ന് ഷോറൂമിലുള്ളവര്‍ പറയുന്നു.
.
‘ഞങ്ങളൊക്കെ ആകെ ഭയന്നുപോയി. പക്ഷേ യാത്രക്കാര്‍ക്ക് ആര്‍ക്കുംതന്നെ ഒരു പോറല്‍ പോലും ഇല്ലായിരുന്നു. ഷോറൂമിലേക്ക് കയറിവന്ന് അവര്‍ ചോദിച്ചത്, ‘ഞങ്ങള്‍ക്ക് ചായ തരാമോ, എന്നാണ്,’ കാര്‍ ഷോറൂമിലെ ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷോറൂമിന്റെ ഗേറ്റില്‍ കൊരുത്ത് കിടക്കുന്ന രീതിയിലായിരുന്നു കാര്‍. നാഗൗറില്‍ നിന്നും ബീകാനെറിലേക്ക് യാത്ര ചെയ്തിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു.

.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!