പ്ലസ് ടു വിദ്യാർഥിനി ഗർഭിണിയായിരിക്കെ മരിച്ച കേസ്: ഗർഭസ്ഥ ശിശുവിൻ്റെ പിതൃത്വം സഹപാഠിയുടേതു തന്നെയെന്ന് ഡിഎൻഎ ഫലം
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം പിടിയിലായ സഹപാഠിയുടേതു തന്നെയെന്നു സ്ഥിരീകരണം. തിരുവനന്തപുരം സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയിലാണ് പെൺകുട്ടിയുടെ സഹപാഠിയായ യുവാവിന്റെ പിതൃത്വം സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ സഹപാഠി നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ.അഖിലിനെ (18), പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
.
പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി നവംബർ 25നു പുലർച്ചെയാണു മരിച്ചത്. 26ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോക്സോ കേസും റജിസ്റ്റർ ചെയ്തത്. നവംബർ 19നു സ്കൂളിൽ നിന്ന് ഉല്ലാസ യാത്രയ്ക്ക് പോകാൻ വേണ്ടി വീട്ടുകാർ പെൺകുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടിരുന്നു. സ്കൂളിൽ നിന്ന് ബസ് പുറപ്പെട്ട് അൽപ്പദൂരം ചെന്നതോടെ താൻ വരുന്നില്ലെന്നു പറഞ്ഞു പെൺകുട്ടി ബഹളമുണ്ടാക്കി. തുടർന്നു സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടുകാർ വന്നു പെൺകുട്ടിയെ വിളിച്ചു കൊണ്ടു പോയി. പിന്നീട് പനി ബാധിച്ച പെൺകുട്ടിയെ ആദ്യം അടൂരിലുള്ള ജനറൽ മെഡിസിൻ വിഭാഗത്തിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വൈകാതെ മരണം സംഭവിക്കുകയും ചെയ്തു.
.
ഇതിനിടെ പെൺകുട്ടിയുെടതെന്നു കരുതുന്ന കത്ത് പൊലീസ് കണ്ടെത്തി. കുട്ടിയുടെ ബാഗിൽ നിന്നാണു കത്തു കണ്ടെത്തിയത്. മാതാപിതാക്കളോടുള്ള ക്ഷമാപണത്തിന്റെ സ്വഭാവം കത്തിലുണ്ടായിരുന്നു. കത്തിൽ മറ്റാരുടെയും പേരും പരാമർശിച്ചിരുന്നില്ല. മരിച്ച പതിനേഴുകാരി, സഹപാഠിയായ അഖിലുമായി അടുപ്പത്തിലായിരുന്നുവെന്ന സൂചന ലഭിച്ചതോടെ ഇയാളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടി. തുടർന്ന് കുറ്റം സമ്മതം നടത്തിയതോടെ 29ന് അഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ തകാറിലായിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, ആന്തരികാവയവങ്ങളുടെ സാംപിളുകൾ പരിശോധനയ്ക്കായി പൊലീസ് അയച്ചു.
വൈകാതെ കുഞ്ഞിന്റെ പിതൃത്വം ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ഡിഎൻഎ പരിശോധനയ്ക്കായി അറസ്റ്റിലായ അഖിലിന്റെ രക്തസാംപിൾ ശേഖരിച്ച പൊലീസ്, ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ സാംപിളുകളും പരിശോധനയ്ക്കായി അയച്ചു. ഈ ഡിഎൻഎ പരിശോധനയിൽ നിന്നാണ് പിതൃത്വം അഖിലിന്റെതാണെന്നു സ്ഥിരീകരിച്ചത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.