സതീശൻ്റെ നാക്ക് മോശം, വെറുപ്പ് വിലക്കുവാങ്ങും; ചെന്നിത്തല പക്വതയുള്ള നേതാവ് – വെള്ളാപ്പള്ളി
ആലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിച്ചും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മന്നം ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതിന് പിന്നാലെയാണിത്.
.
ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചെന്നിത്തല കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി എന്‍.എസ്.എസ്. ചെന്നിത്തലയെ ക്ഷണിക്കുകയും ചെയ്തു.
.
ഇതിനെ പിന്തുണച്ചുകൊണ്ടാണ് വെള്ളാപ്പള്ളി ഇന്ന് (ഡിസംബര്‍ 20 വെള്ളിയാഴ്ച) സംസാരിച്ചത്. ‘സമുദായ സംഘടനകളോട് രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും അടുപ്പം പുലര്‍ത്തണം. സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം. അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം,’ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നും അത്തരത്തിലാണ് ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
.
.
‘പ്രതിപക്ഷ നേതാവിനുവേണ്ട മെയ്‌വഴക്കം വി.ഡി. സതീശനില്ല. അദ്ദേഹത്തിന്റെ നാക്ക് മോശമാണ്. പക്വതയില്ലാതെ, വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണ് പ്രതിപക്ഷ നേതാവ്’, എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. എസ്.എന്‍.ഡി.പി., എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിമാരുമായി ഇപ്പോള്‍ വി.ഡി. സതീശന്‍ അത്ര നല്ല ബന്ധത്തിലല്ല. മാത്രമല്ല, എതിര്‍പക്ഷത്ത് നിന്നുകൊണ്ട് ഇരുസംഘടകള്‍ക്കും എതിരെ പരസ്യമായ പ്രസ്താവനകള്‍ നടത്തുന്നുമുണ്ട്. പ്രതിപക്ഷ നേതാവിനോട് ഇരുസംഘടനകള്‍ക്കുമുള്ള താല്‍പര്യമില്ലായ്മ കൂടിയാവാം രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ നല്‍കുന്ന പരസ്യപിന്തുണയ്ക്ക് പിന്നിലുള്ള കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റുകയും വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിലെ അതൃപ്തി അന്ന് തന്നെ ചെന്നിത്തല പ്രകടിപ്പിക്കുകയും ചെയ്തി്രുന്നു. എന്നാൽ തദ്ധേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ കയ്യെത്തും ദൂരത്ത് എത്തിയിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും നേതൃസ്ഥാനത്തേക്ക് കടന്ന് വരാനുള്ള ചെന്നിത്തലയുടെ തന്ത്രപരമായ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് വിലയിരുത്തുന്നവരും കുറവല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചെന്നിത്തല നായരാണെന്നും താക്കോൽസ്ഥാനം നൽകണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു. ഇത് ഏറെ ചൂടേറിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. അതിന് ശേഷം സുകുമാരൻ നായരുമായി ഇടഞ്ഞ ചെന്നിത്തല തെരഞ്ഞെടുപ്പടുത്തപ്പോൾ വീണ്ടും സമുദായ നേതാക്കളുമായി ബന്ധം സ്ഥാപിച്ച് മുഖ്യമന്ത്രി കസേര ഉറപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് പല രാഷ്ട്രീയ നിരീക്ഷണകരുടേയും വിലയിരുത്തൽ. സുകുമാരൻ നായർക്കും, വെള്ളാപ്പള്ളിക്കും പിന്നാലെ ഇനിയും മറ്റു പല നേതാക്കളും ചെന്നിത്തലക്ക് പിന്തുണയുമായി രംഗത്തെത്തുമെന്നും പലരും അഭിപ്രായപ്പെട്ടു.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.