‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്, ​ഗുഡ് ബൈ’; ആത്മഹത്യ ചെയ്ത പോലീസുകാരൻ്റെ അവസാന സന്ദേശം, മേലുദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം

മലപ്പുറം: അരീക്കോട്ടെ സ്പെഷ്യൽ ഓപ്പറേഷൻ പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പോലീസ് മേധാവികൾ ഉൾപ്പടെയുള്ളവരുടെ കൊടുംപീഡനമാണ് വിനീതിന്റെ മരണത്തിന് കാരണമെന്ന് ടി.സിദ്ധിഖ് എം.എൽ.എ ആരോപിച്ചു. ‘കൂടെ ജോലി ചെയ്യുന്നവർ പണിതന്നു’  എന്നാണ്, ആത്മഹത്യ ചെയ്ത സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കമാൻഡോ വിനീതിന്റെ (36) അവസാന സന്ദേശം. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളും ബന്ധുവിന് അയച്ച വാട്‌സാപ് സന്ദേശത്തിലുണ്ട്. ആത്മഹത്യക്കുറിപ്പിലും ഇതേ കാര്യങ്ങൾ വ്യക്തമാക്കി.

പോലീസിനുള്ളിൽ വലിയ പീഡനവും അടിച്ചമർത്തലും അടിച്ചേൽപ്പിക്കലും നടക്കുന്നുണ്ടെന്നും വിനീതിന്റെ മരണമൊഴിയായി കണക്കാക്കാവുന്ന വാട്സാപ്പ് സന്ദേശങ്ങളും റിഫ്രഷറർ കോഴ്സിന് വീണ്ടും പറഞ്ഞയക്കാനുള്ള ഉത്തരവിന്റെ പകർപ്പും തങ്ങളുടെ കൈയിലുണ്ടെന്നും ടി.സിദ്ദീഖ് പറഞ്ഞു. ‘മരണത്തിന് ഉത്തരവാദികളായവരുടെ പേര് ഉൾപ്പെടെ സന്ദേശത്തിലുണ്ട്. തീർച്ചയായും ഇതൊരു കൊലപാതകമാണ്. വിനീതിന്റെ ഭാര്യ ​ഗർഭിണിയാണ്. മൂന്ന് തവണ അദ്ദേഹം അവധിക്ക് അപേക്ഷിച്ചെങ്കിലും കൊടുത്തില്ല. ​ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവായ പോലീസുകാരന് അവധി കൊടുക്കാത്ത സമീപനം. വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണം. കുറ്റക്കാരായ ഉദ്യോ​ഗസ്ഥരെ പദവിയിൽ തുടരാൻ അനുവദിക്കരുത്. ഇതിന് മുഖ്യമന്ത്രി നടപടി സ്വീകരിക്കണം’, സിദ്ദിഖ് ആവശ്യപ്പെട്ടു.

മരിക്കുന്നതിന് തൊട്ടുമുൻപ് വിനീത് സുഹൃത്തുമായി നടത്തിയതെന്നു പറയുന്ന വാട്സാപ് ചാറ്റിന്റെ വിശദാംശങ്ങളും അദ്ദേഹം മാധ്യമങ്ങളോടു പങ്കുവെച്ചു. രാഹുലിനേയും അസി.കമാൻഡന്റ് അജിത്തിനേയും സന്ദേശം കാണിക്കണമെന്നാണ് ഇതിലുള്ളത്. പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്ന് വിമർശനരൂപേണ വിനീത് പറയുന്നുമുണ്ട്. ‘എന്റെ ജീവൻ അതിനായി സമർപ്പിക്കുന്നു, ​ഗുഡ് ബൈ’ എന്നാണ് സന്ദേശത്തിന്റെ അവസാന ഭാ​ഗത്തുള്ളത്.
.
പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയിൽ വിനീത് പരാജയപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് വിനീതിന്റെ ആത്മഹത്യക്കുറിപ്പിലും വാട്‌സാപ്  സന്ദേശത്തിലും പറയുന്നത്. കൂടെ ജോലിചെയ്യുന്നവർ ചതിച്ചതായും വിനീത് പറയുന്നുണ്ട്. ‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണു സന്ദേശത്തിൽ ആരോപിക്കുന്നത്.
.
പരിശീലനത്തിന്റെ ഭാഗമായുള്ള ഓട്ടത്തിലാണു വിനീത് പരാജയപ്പെട്ടത്. ഓട്ടത്തിൽ പരാജയപ്പെട്ടതിനാൽ അവധി ലഭിച്ചില്ലെന്നാണു വിവരം. ശാരീരിക പ്രശ്നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തതെന്നും, ട്രാക്ക് മാറിയെന്നും വിനീത് അവസാന സന്ദേശത്തിൽ പറയുന്നു.
.
അമിത ജോലിഭാരം പോലീസുകാരുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കണമെന്നും മുൻ ആഭ്യന്തര മന്ത്രികൂടിയായ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.

ദൗർഭാ​ഗ്യകരമായ സംഭവമാണ് അരീക്കോട് പോലീസ് ക്യാമ്പിൽ ഉണ്ടായത്. സേനയിൽ ധാരാളംപേർ ആത്മഹത്യ ചെയ്യുന്നുണ്ട്. ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണിത്. ട്രെയിനിങ് ക്യാമ്പുകളിൽ വലിയ പ്രശ്നങ്ങളാണുള്ളത്. ഇവിടെ നടക്കുന്ന പ്രവർത്തനം ആഭ്യന്തര വകുപ്പ് വിലയിരുത്തണം, അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി പോലീസിൽ നിയമനം നടത്തണമെന്നും പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് (36) ആണ് ഞായറാഴ്ച ആത്മഹത്യചെയ്തത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്നാണ് സഹപ്രവർത്തകരുടെ ആരോപണം. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്.

തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു. അതേസമയം, വിനീതിന്റെ മരണത്തിൽ ഔദ്യോ​ഗിക വിശദീകരണം നൽകാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!