വ്യക്തിഗത വാഹനങ്ങൾ വ്യക്തികൾക്ക് തന്നെ സൗദിയിലേക്ക് ഇറക്കുമതി ചെയ്യാം; പുതിയ സേവനവുമായി കസ്റ്റംസ് ടാക്സ് അതോറിറ്റി
റിയാദ്: സൗദിയിൽ വ്യക്തിഗത വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ വ്യക്തികൾക്ക് അനുവാദം നൽകുന്നതായി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കര, കടൽ കസ്റ്റംസ് പോർട്ടുകൾ വഴിയാണ് വ്യക്തിഗത വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള സേവനം ആരംഭിച്ചത്. അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ ആവശ്യമായ രേഖകൾ സമർപ്പിച്ച് നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും.
ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തി അതോറിറ്റിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് ഇറക്കുമതി എന്ന സേവനം തിരഞ്ഞെടുത്ത് വാഹന വിവരങ്ങളും കസ്റ്റംസ് ഡിക്ലറേഷനും പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തുകൊണ്ടാണ് പുതിയ അപേക്ഷ സമർപ്പിക്കേണ്ടത്. ഇത് സംബന്ധിച്ച വിശദമായ ഗൈഡും വിശദീകരണങ്ങളും വെബ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നൽകുന്ന സേവനങ്ങളുടെ നിലവാരത്തിലും കാര്യക്ഷമതയിലും വർദ്ധനവ് കൈവരിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. വ്യക്തിഗത കസ്റ്റംസ് ക്ലിയറൻസിൻ്റെ എളുപ്പവും വഴക്കവും ഉറപ്പാക്കുന്ന വിധത്തിൽ, കസ്റ്റംസ് നടപടിക്രമങ്ങൾ വിപുലീകരിക്കാനുള്ള അതോറിറ്റിയുടെ ശ്രമത്തിൻ്റെ ഭാഗമായാണ് വ്യക്തിഗത വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ വ്യക്തികൾക്ക് അനുവാദം നൽകുന്നത്.
വിശദമായ വിവരങ്ങൾക്കും സംശയദൂരീകരണത്തിനും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ 19993 എന്ന ഏകീകൃത കോൾ സെൻ്റർ നമ്പറിൽ ബന്ധപ്പെടാം മുഴുസമയവും ഈ നമ്പറിൽ സേവനം ലഭ്യമാണ്. അല്ലെങ്കിൽ X പ്ലാറ്റ് ഫോമിലൂടെയോ അതോറിറ്റിയുടെ വെബ്സൈറ്റിലെ തൽക്ഷണ ചാറ്റുകൾ വഴിയോ സംശയം ദൂരീകരിക്കാമെന്നും അതോറിറ്റി അറിയിച്ചു.
പുതിയ സേവനത്തിലൂടെ വിദേശികൾക്കും തങ്ങളുടെ നാട്ടിലുള്ള വ്യക്തിഗത വാഹനങ്ങൾ സൌദിയിലെത്തിക്കാമെന്നാണ് ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളോ വിവരങ്ങളോ ഇപ്പോൾ ലഭ്യമായിട്ടില്ല.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.