സമസ്ത മുശാവറയിൽ പൊട്ടിത്തെറി; ‘നേതാക്കളെ കള്ളന്മാർ’ എന്ന് വിളിച്ച് ഉമർ ഫൈസി, ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി, പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് സമസ്ത നേതാക്കൾ

കോഴിക്കോട്: സമസ്ത മുശാവറയിൽ നേതാക്കൾ തമ്മിൽ വാക്കേറ്റം. ഉമർ ഫൈസി മുക്കത്തെ ചൊല്ലിയുള്ള ചർച്ചക്കിടെയാണ് ചൂടേറിയ വാക്കുതർക്കമുണ്ടായത്. ഉമർ ഫൈസിയെ കുറിച്ചുള്ള ചർച്ചയായതിനാൽ അദ്ദേഹം മാറിനിൽക്കണമെന്ന് ജിഫ്രി തങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിക്കാൻ ഉമർ ഫൈസി തയ്യാറായില്ല. പ്രസിഡന്റ് പറഞ്ഞത് അംഗീകരിക്കണമെന്ന് ബഹാഉദ്ദീൻ നദ്‌വി പറഞ്ഞപ്പോൾ നിങ്ങൾ കള്ളൻമാർ പറയുമ്പോൾ മാറിനിൽക്കാനാവില്ല എന്നായിരുന്നു ഉമർ ഫൈസിയുടെ മറുപടി. അപ്പോഴാണ് എല്ലാവരും കള്ളൻമാരെന്ന് പറയുമ്പോൾ താനും കള്ളനാണോ എന്ന് ചോദിച്ച് ജിഫ്രി തങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാൻ മുസ്‌ലിയാരാണ് പ്രാർഥന നടത്തി യോഗം അവസാനിപ്പിച്ചത്.
.
കള്ളൻമാരാണ് എന്ന ഉമർ ഫൈസിയുടെ പരാമർശം യോഗത്തിൽ അസ്വസ്ഥതയുണ്ടാക്കി. താൻ എന്താണ് നിങ്ങളുടേത് മോഷ്ടിച്ചത് എന്നായിരുന്നു ബഹാഉദ്ദീൻ നദ്‌വിയുടെ ചോദ്യം. കള്ളം പറയുന്ന ആളുകളാണ് എന്നാണ് ഉദ്ദേശിച്ചത് എന്നായിരുന്നു ഉമർ ഫൈസിയുടെ മറുപടി. നിങ്ങളുടെ വിഷയങ്ങൾ ചർച്ച നടത്തിയപ്പോൾ നിങ്ങൾ മാറിയിട്ടില്ലല്ലോ എന്നും ഉമർ ഫൈസി ചോദിച്ചു. എന്നാൽ അന്ന് തന്നോട് മാറിനിൽക്കാൻ പ്രസിഡന്റ് പറഞ്ഞിരുന്നില്ലെന്നും പറഞ്ഞാൽ മാറിനിൽക്കുമായിരുന്നു എന്നുമായിരുന്നുവെന്നും നദ്‌വി പറഞ്ഞു.
.
ഉമർ ഫൈസിയുടെ നിലപാടുകളുമായി ബന്ധപ്പെട്ട് സമസ്തയിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. സാദിഖലി തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ പരാമർശം വലിയ വിവാദമായിരുന്നു. ഉമർ ഫൈസി സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടക്കുമ്പോഴാണ് മുശാവറയിൽ അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറിയത്. ഉമർ ഫൈസിയെ മുശാവറയിൽനിന്ന് നീക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ലീഗ് അനുകൂല വിഭാഗം ഉന്നയിച്ചിരുന്നു.
.
സാദിഖലി തങ്ങൾക്കും ലീഗിനും എതിരായ നീക്കം നടത്തുന്നു എന്നതായിരുന്നു ഇതുവരെയുള്ള ആരോപണമെങ്കിൽ ഇപ്പോൾ ജിഫ്രി തങ്ങൾക്കെതിരെയും അദ്ദേഹം നിലപാടെടുത്തു എന്നതാണ് ശ്രദ്ധേയം. ഉമർ ഫൈസിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ സമവായത്തിന്റെ രീതിയിലാണ് ജിഫ്രി തങ്ങൾ ഇതുവരെ പ്രതികരിച്ചിരുന്നത്. പ്രസിഡന്റിനെയും അംഗീകരിക്കാൻ ഉമർ ഫൈസി തയ്യാറാവുന്നില്ല എന്ന രീതിയിലേക്ക് ചർച്ചകൾ മാറിയ സാഹചര്യത്തിൽ സമസ്തയിൽ തർക്കം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
.
ഇന്ന് ചേർന്ന സമസ്ത മുശാവറയിൽ നേതാക്കൾ തമ്മിൽ വാക്കേറ്റവും തർക്കവും തുടർന്നതോടെ, പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മുശാവറ യോഗം വിളിക്കുമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. രണ്ടാഴ്ചയ്ക്കകം യോഗം ചേരും. ഇന്നുചേർന്ന മുശാവറ യോഗത്തിന് മുൻപാകെ ഇരുപക്ഷത്തിന്റെയും പരാതികൾ എത്തിയിട്ടുണ്ട്. സി.ഐ.സി വിഷയത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലെ നിബന്ധനകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഉമർ ഫൈസി, സമസ്തക്ക് നൽകിയ വിശദീകരണ കത്ത് ജിഫ്രി തങ്ങൾ യോഗത്തിൽ വായിക്കുകയും ചെയ്തു.
.
അതേ സമയം മുശാവറ യോ​ഗത്തിൽ തർക്കുമുണ്ടായെന്ന വാർത്ത നിഷേധിച്ച് സമസ്ത രം​ഗത്തെത്തി. കോഴിക്കോട് ചേർന്ന സമസ്ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട് യോഗത്തിൽ നിന്ന് ഉറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത നേതാക്കൾ പറഞ്ഞു.

‘ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന യോഗത്തിൽ സമയക്കുറവ് മൂലം മറ്റു അജണ്ടകൾ ചർച്ച ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ ഒരു സ്പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്. മാത്രമല്ല യോഗത്തിലെ തീരുമാനങ്ങൾ മാധ്യമ പ്രവർത്തകരെ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തത്സമയം നേരിട്ട് അറിയിച്ചതുമാണ്. യോഗ തീരുമാനങ്ങൾ പൂർണമായും ഔദ്യോഗിക റിലീസായി പതിവ് പ്രകാരം അയച്ചു കൊടുത്തിട്ടുമുണ്ട്. ചില മാധ്യമങ്ങൾ തെറ്റായി കൊടുത്ത വാർത്തകളിൽ ആരും വഞ്ചിതരാവരുത്’, ഔദ്യോ​ഗിക വാർത്താ കുറിപ്പിൽ സമസ്ത ഭാരവാഹികൾ അറിയിച്ചു.
.
സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ കഴിഞ്ഞദിവസം വിളിച്ചുചേർത്ത സമവായചർച്ച അലസിയിരുന്നു. സമസ്ത – മുസ്‌ലിംലീഗ് നേതൃത്വം തിങ്കളാഴ്ച മലപ്പുറത്ത് വിളിച്ച യോഗത്തിൽ ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാത്തതാണ് അനുരഞ്ജന നീക്കങ്ങൾക്ക് തടസ്സമായത്.അതേസമയം, അബ്ദുസമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിലുള്ള ലീഗ് അനുകൂലവിഭാഗം ചർച്ചയിൽ പങ്കെടുത്ത് പരാതികൾ എഴുതിനൽകി. ലീഗ് അനുകൂലവിഭാഗം ’ആദർശ സംരക്ഷണ സമിതി’ എന്ന പേരിൽ സംഘടനയുണ്ടാക്കി മുന്നോട്ടു പോകുന്നതിനിടെയാണ് നേതൃത്വം അടിയന്തരമായി സമവായ ചർച്ച വിളിച്ചത്. ബുധനാഴ്ച കോഴിക്കോട് മുശാവറ യോഗം ചേരുന്നതിനു മുൻപ് തർക്കം തീർക്കാനായിരുന്നു ശ്രമം.
.
നേതാക്കൾക്കിടയിൽ ഭിന്നത മറനീക്കിയതോടെ പ്രശ്‌നപരിഹാരത്തിന് സമസ്ത അഞ്ചംഗ സമിതിയുണ്ടാക്കിയിരുന്നു. സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ജിഫ്രി തങ്ങൾ, എം.ടി. അബ്ദുല്ല മുസ്‌ലിയാർ, പി.പി. ഉമർ മുസ്‌ലിയാർ കൊയ്യോട് എന്നിവരാണ് സമിതിയംഗങ്ങൾ. ഇവരുടെ നേതൃത്വത്തിലായിരുന്നു ഇരുകൂട്ടരെയും ചർച്ചയ്ക്കു വിളിച്ചത്. ചില നേതാക്കളുടെ അസൗകര്യം കാരണമാണ് ഒരു വിഭാഗം ചർച്ചയിൽ പങ്കെടുക്കാത്തതെന്നും അവരെക്കൂടി ഉൾപ്പെടുത്തി ഉടൻ ചർച്ച നടത്തുമെന്നും ആയിരുന്നു സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും യോ​ഗശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!