ഇന്ത്യ സഖ്യത്തെ നയിക്കാൻ മമത; ലാലുവും പവാറും കോണ്‍ഗ്രസിനെ കൈവിടുന്നോ?

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിന്, പിന്നീട് വന്ന നിര്‍ണായക തിരഞ്ഞെടുപ്പുകളിൽ ഒന്നും തന്നെ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. തിരിച്ചുവരവിന് ഏറെ നിര്‍ണായകമായിരുന്ന മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യം തകര്‍ന്നടിഞ്ഞതാണ് പ്രതിപക്ഷ പാര്‍ട്ടികളെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്‌. ഇന്ത്യ സഖ്യം മത്സരിച്ച പലയിടങ്ങളിലും കോൺഗ്രസിനേക്കാളേറെ സീറ്റുകൾ ഇന്ത്യ സഖ്യത്തിലെ കോൺഗ്രസിതരകക്ഷികൾക്ക് ലഭിച്ചിട്ടുണ്ട്. വിലപേശൽ നടത്തി 101 സീറ്റുകളില്‍ മത്സരിച്ചിട്ടും മഹാരാഷ്ട്രയില്‍ ആകെ കിട്ടിയത് 16 സീറ്റാണ്‌. ഭരണം പിടിക്കുമെന്ന് ഉറപ്പിച്ച ഹരിയാണയില്‍ പടലപ്പിണക്കം വിനയായി. ജമ്മു കശ്മീരിൽ 32 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും ആറ് സീറ്റുകൾ മാത്രം.അധികാരം നിലനിര്‍ത്തിയ ഝാര്‍ഖണ്ഡിലാകട്ടെ ജെഎംഎമ്മിന്റെ കരുത്തിലാണ് രക്ഷപെട്ടത്.
.
ഇന്ത്യ സഖ്യം രൂപവത്കരിക്കുന്നതിന് ചുക്കാന്‍ പിടിച്ചത് മമതയായിരുന്നു. എന്നാല്‍ ബംഗാളില്‍ പരസ്പരം മത്സരിച്ചതോടെ സഖ്യം പൊളിഞ്ഞു. ഒടുവില്‍ രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ അതേ മമതയിലേക്ക് തിരിയുന്നു. ഇന്ത്യ എന്ന പേര് പോലും സഖ്യത്തിന് നിര്‍ദേശിച്ചത് മമതയായിരുന്നു. മമതയുടെ നേതൃത്വത്തെ കോണ്‍ഗ്രസ് അംഗീകരിക്കുമോ അല്ലെങ്കില്‍ അതിന് കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമോ. ഇന്ന് ശരദ് പവാറും കെജ് രിവാളും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച ഇതില്‍ നിര്‍ണായകമാണ്. മാസങ്ങള്‍ക്കപ്പുറം ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അവിടെ സഖ്യമില്ലെന്ന് എഎപിയും കോണ്‍ഗ്രസും നേരത്തെ വ്യക്തമാക്കിയതാണ്. നിതീഷ് ആദ്യം നോക്കി വൈകാതെ എന്‍ഡിഎയിലെത്തി. പ്രധാനമന്ത്രി മോഹമുദിച്ച് സിപിഎമ്മിന്റെ അടക്കം പിന്തുണയില്‍ ദേശീയ പാര്‍ട്ടിയാകാന്‍ മോഹിച്ച് കൈപൊള്ളിയ ബിആര്‍എസ്സും ചന്ദ്രശേഖര റാവും. കെജ് രിവാള്‍ മമതയ്ക്ക് കൈകൊടുക്കുമോ എന്നത് വളരെ നിര്‍ണായകമാണ്. അങ്ങനെയെങ്കില്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് മമതയ്ക്ക് വഴിയൊരുങ്ങും.
.
ഇന്ത്യാ സഖ്യ രൂപീകരണ സമയത്ത് ഏറെ പ്രതീക്ഷയോടെയായിരുന്നു കോൺഗ്രസും മറ്റുപാർട്ടികളും മുമ്പോട്ട് പോയത്. നിതീഷ് കുമാറായിരുന്നു അന്ന് കാര്യക്കാരൻ. എന്നാൽ ആദ്യത്തെ പ്രഹരം അതേ നിതീഷ് കുമാറിൽ നിന്ന് ഇന്ത്യാ സഖ്യത്തിനേൽക്കേണ്ടി വന്നു.തേജസ്വിയുമായി തെറ്റി നിതീഷ് കുമാർ എൻ.ഡി.എയിലേക്ക് ചേക്കേറി. ഇടക്കാലത്ത് മമതയും അരവിന്ദ് കെജ്രിവാളും സഖ്യത്തിനുള്ളിൽ ഉടക്കി. പല കോണിൽ നിന്നും അപശ്ശബ്ദങ്ങളുണ്ടായെങ്കിലും ഇന്ത്യ സഖ്യം എന്ന ആശയത്തിൽ തന്നെ കോൺഗ്രസ് മറ്റു പാർട്ടികളേയും ഒരുമിച്ചു നിർത്തി മുമ്പോട്ട് പോയി. ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ശക്തമായ മുന്നേറ്റം രാഹുൽ ഗാന്ധിയെ ഇന്ത്യ സഖ്യ നേതൃത്വം അംഗീകരിക്കുകയും പ്രതിപക്ഷ നേതാവായി അദ്ദേഹം മാറുകയും ചെയ്തു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിളക്കം പിന്നീട് വന്ന സുപ്രധാന തിരഞ്ഞെടുപ്പുകളിലൊന്നും തന്നെ കോൺഗ്രസിന് കൈവരിക്കാനായില്ല. പലയിടങ്ങളിലും പാർട്ടി ചുരുങ്ങി ശോഷിച്ചു കൊണ്ടിരുന്നു. ഇത് സഖ്യത്തിനുള്ളിൽ തന്നെ വിമതശബ്ദങ്ങളുയരാൻ കാരണമായി.
.
മുഖ്യപ്രതിപക്ഷമെന്നോണം കോൺഗ്രസിനെ ചുറ്റിപ്പറ്റിയായിരുന്നു ഇന്ത്യ സഖ്യം പ്രവർത്തിച്ചു പോന്നത്. എന്നാൽ തുടരെത്തുടരെയുള്ള പരാജയത്തിന് പിന്നാലെ ഇന്ത്യ സഖ്യവും പുകയുന്നുണ്ട്. ഇതിന്റെ തുടക്കമെന്നോണമാണ് ഇപ്പോൾ സഖ്യത്തിനകത്ത് നേതൃത്വത്തിൽ നിന്നുയരുന്ന ശബ്ദങ്ങൾ.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ഇന്ത്യ സഖ്യ നേതാവാക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പലതും ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌. താൻ സഖ്യ നേതാവാകാൻ തയ്യാറാണെന്ന് മമതയും സമ്മതിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്നില്ല തൃണമൂല്‍. സുപ്രധാന തിരഞ്ഞെടുപ്പുകളിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിക്കാത്ത കോൺഗ്രസിൽ നിന്ന് ഇന്ത്യ സഖ്യത്തിന്റെ ചുമതല മാറ്റുക എന്നതാണ് ഇപ്പോൾ സഖ്യത്തിലെ മറ്റു പാർട്ടി നേതാക്കളും ലക്ഷ്യം വെക്കുന്നത്.
.

സോണിയ ഗാന്ധിക്കൊപ്പം എന്നും അടിയുറച്ച് നിന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് പോലും മമതയെ പിന്തുണച്ച് രംഗത്തെത്തിയത് വളരെ നിര്‍ണായകമാണ്‌. ഇന്ത്യ സഖ്യത്തിന് നേതൃത്വം നൽകേണ്ടത് മമതാ ബാനർജിയാണെന്നും കോൺഗ്രസിനുള്ള എതിർപ്പ് കണക്കാക്കേണ്ടതില്ലെന്നുമാണ് ലാലുപ്രസാദ് യാദവിന്റെ പക്ഷം. നേരത്തെ സമാന ആവശ്യം എൻ.സി.പി. നേതാവ് ശരദ് പവാർ ഉന്നയിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന് നേതൃത്വം നൽകാൻ മമതയ്ക്ക് പ്രാപ്തിയുണ്ടെന്നായിരുന്നു ശരദ് പവാർ പറഞ്ഞത്. ഭായ് ഭായ് ബന്ധമായിരുന്ന അഖിലേഷ് യാദവും ഉപതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന്‌ ഏറെ അസ്വസ്ഥരാണ്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ, കോൺഗ്രസിന്റെ അമിതപ്രതീക്ഷയാണ് തോൽവിക്ക് കാരണമെന്ന് കുറ്റപ്പെടുത്തി ശിവസേന ഉദ്ധതാക്കറെ വിഭാഗം രംഗത്തെത്തിയിരുന്നു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ അസ്വസ്ഥപ്പെടുത്തുന്ന വാക്കുകളാണ് സഖ്യത്തിൽ നിന്ന് ഉയരുന്നത്. കോൺഗ്രസിനാണ് ഇന്ത്യ സഖ്യത്തിന് നേതൃത്വം നൽകാൻ സാധിക്കുക എന്നും മറ്റുള്ള പാർട്ടികൾക്ക് ഇന്ത്യയിലെമ്പാടും പ്രവർത്തിക്കാനുള്ള ശക്തിയില്ല എന്നുമായിരുന്നു കോൺഗ്രസ് പറഞ്ഞിരുന്നത്. എന്നാൽ പുറത്തുവരുന്ന അഭിപ്രായങ്ങൾ കോൺഗ്രസിനെ തള്ളുകയാണ്.
.
ഏറെ പ്രതീക്ഷയോടെയായിരുന്നു ഇന്ത്യ സഖ്യം മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. വിജയം സുനിശ്ചിതമെന്ന് കരുതിയിരുന്നിടത്ത് നിന്ന് പ്രതിപക്ഷം പോലുമാകാൻ സാധിക്കാത്ത തരത്തിലേക്ക് ഇന്ത്യ സഖ്യത്തിന് തോൽവിയേൽക്കേണ്ടി വന്നു. എൻ.സി.പി. – കോൺഗ്രസ്- ശിവസേന ഉദ്ധവ് വിഭാഗം അടക്കമുള്ള പാർട്ടികൾ ഒന്നിച്ചിട്ടും മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി നേരിട്ടു. എൻ.ഡി.എ. സഖ്യം അധികാരത്തിലേറി. ഹരിയാണയിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. അമിതപ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് ഭരണമാറ്റത്തിലെത്തിക്കാനായില്ല. തുടര്‍ച്ചയായ മൂന്നാം തവണയും കോൺഗ്രസിനെ ഹരിയാണ കൈവിട്ടു. ഇതിനിടെ ഏക ആശ്വാസം ജാർഖണ്ഡ് മാത്രമാണ്. ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിൽ വീണ്ടും ഇന്ത്യ സഖ്യം അധികാരത്തിൽ എത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി ശക്തമായ ഉയിർത്തെഴുന്നേൽപ് നടത്തി തിരിച്ചുവരവിന്റെ സൂചന കാട്ടിയെങ്കിലും തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലൊന്നും തന്നെ കോൺഗ്രസിന് തനിച്ച് നേട്ടം കൊയ്യാൻ സാധിച്ചിട്ടില്ല. ഝാർഖണ്ഡിൽ 30 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് നേടാനായത് 16 സീറ്റുകൾ മാത്രമാണ്. 41 സീറ്റുകളിൽ മത്സരിച്ച ജെ.എം.എം. 34 സീറ്റ് നേടിയതാണ് ഭരണം ഇന്ത്യയ്ക്ക് കിട്ടാൻ കാരണം. ജെ.എം.എമ്മിന്റെ ഓരം പറ്റിയാണ് ഝാർഖണ്ഡിൽ കോൺഗ്രസ് സഞ്ചാരം. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി നേരിട്ടേറ്റുമുട്ടിയ ഇടങ്ങളിലും പാർട്ടിക്ക് കാലിടറി. ഝാർഖണ്ഡിൽ ഭരണം പിടിക്കാനായില്ലെങ്കിലും 33.25 ശതമാനം വോട്ടുമായി ബി.ജെ.പി.യാണ് ബഹുദൂരം മുന്നിൽ. ജെ.എം.എമ്മിന് 23.23 ശതമാനവും കോൺഗ്രസിന് 15.49 ശതമാനവും വോട്ടാണ് നേടാനായത്.
.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഹരിയാണയിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന് കരുതിയെങ്കിലും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും വിമത ശല്യവും സ്വതന്ത്രരുടെ കടന്നുവരവും കോൺഗ്രസിന്റെ തോൽവിക്കിടയാക്കി. ജമ്മു-കശ്മീരിൽ ഇന്ത്യ സഖ്യത്തിന് അധികാരം ലഭിച്ചെങ്കിലും പ്രാദേശികപ്പാർട്ടിയായ നാഷണൽ കോൺഫറൻസിന്റെ കാരുണ്യത്തിലാണ് കോൺഗ്രസിന് ആറു സീറ്റ്‌ ലഭിച്ചത്. അതും 32 സീറ്റിൽ മത്സരിച്ച് വെറും ആറ് സീറ്റ് മാത്രം.

ഏറ്റവും കൂടുൽ വിലപേശൽ നടന്നത് മഹാരാഷ്ട്രയിലായിരുന്നു. വിലപേശി ഏറ്റവും കൂടുതൽ സീറ്റ് വാങ്ങിയെങ്കിലും പ്രതീക്ഷയുണ്ടായിരുന്ന വിദർഭ മേഖലയിൽപ്പോലും കാര്യമായ ജനപിന്തുണയാർജിക്കാൻ കോൺഗ്രസിനായില്ല. 101 സീറ്റിലായിരുന്നു കോൺഗ്രസ് മത്സരിച്ചത്. എന്നാൽ വെറും 16 സീറ്റുകളിൽ മാത്രമായിരുന്നു ജയിക്കാനായത്. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന 20 സീറ്റുകളിൽ ജയിച്ചു. എൻ.സി.പി. ശരദ് പവാർ വിഭാഗം 10 സീറ്റുകളിൽ ഒതുങ്ങി. മുഖ്യപ്രതിപക്ഷമാകാൻ 29 സീറ്റെങ്കിലും വേണമെന്നിരിക്കെ ഇന്ത്യ സഖ്യത്തിലെ ഒരു പാർട്ടിക്കു പോലും ആ സംഖ്യ ലഭിച്ചില്ല

ഇന്ത്യ സഖ്യത്തിൽ കോൺഗ്രസിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നതരത്തിലാണ് ഇപ്പോൾ സഖ്യകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ. അതില്‍ മുഖ്യ പ്രതിപക്ഷ സ്ഥാനം ഉറപ്പിക്കാന്‍ രാഹുലിനൊപ്പം പ്രിയങ്കയും കൂടി വരുമ്പോള്‍ കോണ്‍ഗ്രസിന് കഴിയുമോ

ഇവിടെ ഏറെ നിര്‍ണായകമാകുക ഇടതുകക്ഷികളുടെ നിലപാടാണ്. സിപിഎമ്മില്‍ പ്രത്യേകിച്ച് കേരള നേതൃത്വം കോണ്‍ഗ്രസ് ചങ്ങാത്തത്തിനും സഖ്യത്തിനും എതിരാണ്. പക്ഷേ മമതയ്‌ക്കൊപ്പം ചേരാനും പറ്റില്ല.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!