സിറിയയില്‍ 250 ഓളം വ്യോമാക്രമണങ്ങൾ നടത്തി ഇസ്രായേൽ, ‘ലക്ഷ്യം രാസായുധങ്ങള്‍’; അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യം – വീഡിയോ

ഡമാസ്‌കസ്: വിതമര്‍ നടത്തിയ അട്ടിമറിയിലൂടെ അസദ് ഭരണകൂടം നിലംപൊത്തയതിനു പിന്നാലെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. 48 മണിക്കൂറിനുള്ളിൽ 250-ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് അവകാശവാദം. സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഉഗ്രശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

അസദ് സർക്കാരിന്റെ രാസായുധങ്ങളും ദീർഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളിലാണ് തങ്ങൾ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആയുധങ്ങൾ തീവ്രവാദികളുടെ കൈയിലെത്താതിരിക്കാനാണ് ഇതു ചെയ്തതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദയോൻ സാർ പറഞ്ഞു. രാസായുധശേഖരം ഉപേക്ഷിക്കാമെന്ന് സിറിയ 2013-ൽ സമ്മതിച്ചിരുന്നു.
.


.

സിറിയയുടെ അതിപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റഡാറുകൾ, സൈനിക സിഗ്നൽ സംവിധാനങ്ങൾ, ആയുധശേഖരങ്ങൾ തുടങ്ങിയവ ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ തകർത്തതായും യുദ്ധനിരീക്ഷകർ പറയുന്നു.
.
സിറിയയുമായി അതിർത്തി പങ്കിടുന്ന ഇസ്രയേൽ, അസദിന്റെ പതനത്തിനുപിന്നാലെ അതീവ ജാഗ്രതയിലാണ്. സിറിയ – ഇസ്രയേൽ അതിര്‍ത്തിയിലെ ബഫർസോൺ മേഖലകൂടിയായ ഗൊലാനിൽ കൂടുതൽ സൈന്യത്തെ ഇസ്രയേൽ നിയോഗിച്ചിട്ടുണ്ട്. ഇത് താത്കാലിക സുരക്ഷാനടപടി മാത്രമെന്നാണ് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദയോൻ സാർ പറഞ്ഞത്.

അതേസമയം, വിമത അട്ടിമറിയെത്തുടർന്ന്‌ ഞായറാഴ്ച സിറിയയിൽനിന്നു കടന്ന പ്രസിഡന്റ് ബാഷർ അൽ അസദിന് രാഷ്ട്രീയാഭയം നൽകിയെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാൽ, അസദ് എവിടെയുണ്ടെന്ന് പെസ്കോവ് പറഞ്ഞില്ല.

റഷ്യയിലെ സിറിയൻ സ്ഥാനപതികാര്യാലയത്തിൽ വിമതരുടെ പതാകയുയർത്തി. സിറിയയിലെ റഷ്യയുടെ സേനാതാവളത്തിന്റെ കാര്യം വിമതരുമായി ചർച്ചചെയ്യുമെന്ന് സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചു. 2011 മുതൽ 2016വരെയുള്ള ആഭ്യന്തര യുദ്ധകാലത്തും അതിനുശേഷവും അസദിന്റെ പ്രധാന സംരക്ഷകരായിരുന്നു റഷ്യ.

അസദിനെ വിമതർ അട്ടിമറിച്ചെങ്കിലും സിറിയൻ സർക്കാർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലി തിങ്കളാഴ്ച പറഞ്ഞു. ആഭ്യന്തര യുദ്ധകാലത്ത് പലയാനം ചെയ്തവർ സമാധാനമുള്ള ഭാവി പ്രതീക്ഷിച്ച് അയൽ രാജ്യങ്ങളിൽനിന്ന് സിറിയയിലേക്ക് തിരിച്ചെത്തിത്തുടങ്ങി.
.


.
വിമതർ കൈയടക്കിയ ഡമാസ്കസ് തിങ്കളാഴ്ച പൊതുവേ ശാന്തമായിരുന്നു. ഭൂരിഭാഗം കടകളും സർക്കാർ സ്ഥാപനങ്ങളും തുറന്നില്ല. കവലകളിൽ ആളുകളുടെ ചെറുകൂട്ടങ്ങൾ അസദിന്റെ പതനം ആഘോഷിച്ചു. ഗാതാഗത തടസ്സമുണ്ടായിരുന്നില്ലെങ്കിലും പൊതുഗാതഗത സംവിധാനങ്ങൾ പ്രവർത്തിച്ചില്ല. ചിലയിടങ്ങളിൽ ആയുധമേന്തിയ സംഘങ്ങൾ തെരുവുകളിൽ നിലയുറപ്പിച്ചിരുന്നു.

അതിനിടെ, അസദിന്റെ സഹോദരനും സൈന്യത്തിന്റെ നാലാം ആർമേഡ് ഡിവിഷന്റെ തലവനുമായ മഹെറിന്റെ സഹായി മേജർ ജനറൽ അലി മഹ്‌മൂദിന്റെ മൃതദേഹം ഡമാസ്കസിലെ ഓഫീസിൽ കണ്ടെത്തി. മഹ്‌മൂദ് കൊല്ലപ്പെട്ടതാണോ ആത്മഹത്യചെയ്തതാണോ എന്നു വ്യക്തമല്ലെന്ന് യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. 2011-ൽ അസദിനെതിരേ ഉയർന്ന ബഹുജനപ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് മഹെർ.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!