ഹോട്ടലിനു മുന്നിൽ ‘കോഴിതലയും മന്ത്രവാദവും’; ഫോൺ വിളിയിൽ ദുരൂഹത, ജീപ്പ്– ഓട്ടോ അപകടത്തിലൂടെ കൊലപാതകം, പൊലീസ് കണ്ടെത്തൽ ഞെട്ടിക്കുന്നത്
കൽപ്പറ്റ: നേർദിശയിൽ പോയ ജീപ്പ് അപകടം നടന്ന സ്ഥലത്തിനു തൊട്ടുമുൻപ് എതിർദിശയിലേക്ക് വെട്ടിച്ച് ഓട്ടോറിക്ഷയിൽ ഇടിച്ചത് എന്തിനായിരുക്കും? ഓട്ടോറിക്ഷക്കാരനെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയതാര്? പൊലീസിന്റെ ഈ ചിന്തകൾ വാഹന അപകടത്തെ കൊലപാതകമാക്കി. ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ കാപ്പുംകുന്ന് അബ്ദുൽ നവാസ് മരിച്ച സംഭവത്തിൽ ജീപ്പ് ഓടിച്ച സുമിൽഷാദ് അറസ്റ്റിലായി. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ വിചിത്രമായിരുന്നു. (ചിത്രത്തിൽ സുമിൽഷാദ്, കൊല്ലപ്പെട്ട നവാസ്)
.
നല്ല വീതിയുള്ള റോഡിലാണ് അപകടം നടന്നത്. വളവുകളില്ലാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാൻ കഴിയും. അമിത വേഗത്തിലാണ് സുമിൽഷാദ് ഓടിച്ച ജീപ്പ് സ്ഥലത്തേക്കെത്തിയത്. ഇത് കണ്ടവരുണ്ട്. നേർദിശയിൽപോയ ജീപ്പ് അപകടം നടന്ന സ്ഥലത്തിനു തൊട്ടു മുൻപ് എതിർദിശയിലേക്ക് വെട്ടിച്ച് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ സമീപത്തെ മൺതിട്ടയിലേക്ക് ഇടിച്ചു കയറി.
.
സംശയങ്ങൾക്ക് തുടക്കമായി! അപകടം നടക്കുന്നതിനു മുൻപ് സമീപത്തെ പള്ളിക്കു സമീപം ജീപ്പ് നിർത്തിയിട്ട് സുമിൽ ഷാദ് കാത്തു നിന്നതും മൊബൈൽ ഫോൺ റിങ് ചെയ്തപ്പോൾ പെട്ടെന്ന് വാഹനമെടുത്ത് പോയതും നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. അപകടത്തിനു ശേഷം സുമിൽഷാദ് വാഹനത്തിൽ നിന്നിറങ്ങി ഫോൺ െചയ്തതും കണ്ടവരുണ്ട്. പരുക്കേറ്റ അബ്ദുൽ നവാസിനെ ആശുപത്രിയിൽ എത്തിക്കാനും സുമിൽഷാദ് ശ്രമിച്ചില്ല. ഓടിക്കൂടിയ നാട്ടുകാർ നവാസിനെ പിന്നാലെയെത്തിയ വാഹനത്തിലേക്ക് കയറ്റുമ്പോഴും സുമിൽഷാദ് ഇടപെട്ടില്ല.
.
ഇതോടെ മരണത്തിനു കാരണമായ അപകടത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പൊലീസ് ആരോപണങ്ങൾ പരിശോധിച്ചു. ചുണ്ടേല്‍ ടൗണിൽ ഹോട്ടൽ നടത്തുന്ന സുമിൽഷാദ് എന്തിനാണ് അപകട സ്ഥലത്തേക്ക് എത്തിയത്? ആരോപണങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഫോൺ രേഖകൾ അടക്കം പരിശോധിച്ച് തെളിവുകൾ കണ്ടെത്തി. ചോദ്യംചെയ്യലിനിടെ തെളിവുകൾ നിരത്തിയതോടെ സുമിൽഷാദ് കുറ്റം സമ്മതിച്ചു. വ്യക്തിവൈരാഗ്യവും മന്ത്രവാദവും! രണ്ടു കാരണങ്ങളാണ് കൊലപാതകത്തിന് കാരണമായി പൊലീസ് കണ്ടെത്തിയത്.
.
സുമിൽഷാദിന്റെ ഹോട്ടലിനു മുൻവശത്തായി അബ്ദുൽ നവാസിന് പലചരക്ക് കടയുണ്ടായിരുന്നു. സുമൽഷാദിന്റെ ഹോട്ടലിന് മുന്നിൽ മന്ത്രവാദം ചെയ്ത സംഭവമാണ് നവാസിനെ കൊലപ്പെടുത്താൻ കാരണം. ഹോട്ടലിന് മുൻവശത്തുനിന്നും വാഴയിൽ വച്ചനിലയിൽ കോഴിയുടെ തല, പട്ട്, ഭസ്മം, മഞ്ഞപ്പൊടി, വെറ്റില, പാക്ക് എന്നിവ ലഭിച്ചു. നവംബർ 30നായിരുന്നു സംഭവം.
.
ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നവാസാണ് കോഴിയുടെ തലയുൾപ്പെടെ കടയുടെ മുന്നിൽകൊണ്ടുവച്ചതെന്ന് കണ്ടെത്തി. തുടർന്നാണ് സുമിൽഷാദ് അനുജൻ അജിന്റെ സഹായത്തോടെ നവാസിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. നവാസിനെ കൊലപ്പെടുത്താൻ സുമിൽഷാദ് തിരക്കഥ തയാറാക്കി. അപകടത്തിൽ പരുക്കേറ്റ സുമിൽഷാദ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.