ജീപ്പുമായെത്തി ഓട്ടോ ഇടിച്ചുതെറിപ്പിച്ചു; നവാസിൻ്റേത് അപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് കണ്ടെത്തി; പ്രതികൾ പിടിയിൽ
വൈത്തിരി (വയനാട്): ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ ചുണ്ടേല്‍ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കല്‍ അബ്ദുല്‍ നവാസ്(44) മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിനെയും ഇയാളുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സുമില്‍ ഷാദിന് നവാസിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന.
.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ അമ്മാറ-ആനോത്ത് റോഡില്‍ ചുണ്ടേല്‍ എസ്റ്റേറ്റ് ഫാക്ടറിക്കുസമീപമായിരുന്നു നവാസിന്റെ മരണത്തിനിടയാക്കിയ അപകടം. ചുണ്ടേല്‍ എസ്റ്റേറ്റ് ഭാഗത്തേക്കുപോവുകയായിരുന്ന നവാസ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എതിരേവരികയായിരുന്ന ഥാര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിരക്ക് വളരെ കുറവായ, നേരേയുള്ള റോഡില്‍ അപകടസാധ്യത തീരേയില്ലെന്നും ഇത് മനഃപൂര്‍വമുണ്ടാക്കിയ അപകടമാണെന്നും നാട്ടുകാര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി നവാസിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കണ്ടെത്തിയത്.
.
മുഖ്യപ്രതിയായ സുമില്‍ ഷാദ് സംഭവത്തിന് മുന്‍പ് ചുണ്ടേല്‍ എസ്റ്റേറ്റ് പള്ളിക്ക് സമീപം ഒരുമണിക്കൂറോളം ജീപ്പുമായി നവാസിനെ കാത്ത് റോഡില്‍നിന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. നവാസ് ഓട്ടോയില്‍ വരുന്നതായുള്ള ഫോണ്‍കോള്‍ ലഭിച്ചതിന് പിന്നാലെയാണ് സുമില്‍ ഷാദ് ജീപ്പുമായി മുന്നോട്ടുപോയത്. തുടര്‍ന്ന് ജീപ്പുമായെത്തി എതിരെവരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സുമില്‍ ഷാദിനും പരിക്കേറ്റിരുന്നു.
.
നവാസിന്റെ മരണത്തിനിടയാക്കിയ അപകടം വെറും വാഹനാപകടമല്ലെന്നും ആസൂത്രിതമായ കൊലപാതമാണെന്നും ചൂണ്ടിക്കാട്ടി നവാസിന്റെ പിതൃസഹോദരന്‍ കെ.പി. റഷീദ് ആണ് വൈത്തിരി പോലീസില്‍ പരാതി നല്‍കിയത്. അപകടത്തിനിടയാക്കിയ ജീപ്പോടിച്ചിരുന്ന സുമില്‍ ഷാദും നവാസും തമ്മില്‍ നേരത്തേയുള്ള വൈരാഗ്യത്തിന്റെ പുറത്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു റഷീദിന്റെ ആരോപണം. നവാസിനെ വിളിച്ചുവരുത്തി അപകടത്തില്‍പ്പെടുത്തിയതാണ്. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.
ചൊവ്വാഴ്ച വൈകീട്ടാണ് നവാസിന്റെ കബറടക്കം നടന്നത്. അതിനുശേഷം ബൈക്കിലെത്തിയ രണ്ടുപേര്‍ സുമില്‍ ഷാദിന്റെ പിതാവ് നടത്തുന്ന ചുണ്ടേല്‍ വെള്ളംകൊല്ലിയിലെ മജ് ലിസ് റസ്റ്ററന്റിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞുതകര്‍ത്തു. മുന്‍ഭാഗത്തെ രണ്ടുവശത്തെ ചില്ലുകളും തകര്‍ന്നു. ചില്ല് കൂടാതെ ഹോട്ടലിലെ കുറച്ചുമേശകളും തകര്‍ത്തിട്ടുണ്ട്. അപ്പോഴേക്കും ചുണ്ടേല്‍, ചുണ്ടേല്‍ എസ്റ്റേറ്റ് ഭാഗത്തുള്ളവരും അവിടേക്കെത്തി. വൈത്തിരിയില്‍നിന്ന് പോലീസുമെത്തി. നവാസിന്റെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഏറെനേരം ഹോട്ടലിനുമുന്നില്‍ തടിച്ചുകൂടി. കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പറഞ്ഞാണ് പോലീസ് ഇവരെ ശാന്തരാക്കിയത്.
തുടക്കംമുതലേ സംശയം, നിര്‍ണായക മൊഴി…
അപകടത്തിനിടയാക്കിയ ജീപ്പ് ചുണ്ടേല്‍ എസ്റ്റേറ്റ് പള്ളിക്കുസമീപം തിങ്കളാഴ്ച രാവിലെ ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. അവിടെനിന്നുപോയ ജീപ്പാണ് നവാസിന്റെ ഓട്ടോറിക്ഷയിലിടിച്ചതെന്ന് ചുണ്ടേലില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ബേബി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഓട്ടോറിക്ഷയിലിരുന്ന് താന്‍ പത്രംവായിക്കുമ്പോഴാണ് പള്ളിക്കുമുന്‍പില്‍നിന്ന് ജീപ്പ് പോയത് -ബേബി പറഞ്ഞു. തൊട്ടുപിന്നാലെ യാത്രക്കാരുമായി ബേബിയും അതേറൂട്ടില്‍ പോയി. അറുന്നൂറോളം മീറ്റര്‍ കഴിഞ്ഞപ്പോഴേക്കും അപകടം നടന്നിരുന്നുവെന്നും ബേബി പറഞ്ഞു. വളവില്ലാത്ത റോഡാണിത്. രണ്ടുവാഹനങ്ങള്‍ക്കും സൈഡ് നല്‍കിപ്പോകാനുള്ള വീതിയുമുണ്ട്. എന്നിട്ടും ഒരാളുടെ മരണത്തിനിടയാക്കുന്ന അപകടമുണ്ടായിട്ടുണ്ടെങ്കില്‍ ദുരൂഹതയുണ്ടെന്നും ബേബി പറഞ്ഞിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.