ഒരുമിച്ച് പഠനം ആരംഭിച്ചിട്ട് ഒന്നരമാസം, ഒരുരാത്രികൊണ്ട് നഷ്ടമായത് 5 പേരെ; പൊട്ടിക്കരഞ്ഞ് സഹപാഠികൾ
ആലപ്പുഴ: വാഹനാപകടത്തില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ജീവന്‍ പൊലിഞ്ഞതിന്റെ ഞെട്ടല്‍ മാറാതെ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് കഴിഞ്ഞദിവസം ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.
.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.
.
‘സൈലന്റ് പയ്യനായിരുന്നു, ലക്ഷദ്വീപിന് മൊത്തം ഷോക്കായി’
ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ചവരില്‍ ലക്ഷദ്വീപ് സ്വദേശിയും ഉള്‍പ്പെട്ടതായുള്ള വാര്‍ത്ത ഞെട്ടലോടെയാണ് ദ്വീപ് സമൂഹം കേട്ടത്. ആന്ത്രോത്ത് ദ്വീപിലെ പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) ആണ് അപകടത്തില്‍ മരിച്ച ലക്ഷദ്വീപ് സ്വദേശി. അപകടവിവരമറിഞ്ഞയുടന്‍ മുഹമ്മദ് ഇബ്രാഹിമിന്റെ കേരളത്തിലുള്ള കുടുബസുഹൃത്തുക്കളും നാട്ടുകാരായ ചിലരും ആലപ്പുഴയിലേക്ക് ഓടിയെത്തി. ഇബ്രാഹിമിന്റെ മരണം ലക്ഷദ്വീപിന് മൊത്തം ഷോക്കായെന്നായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയ ഒരു കുടുംബസുഹൃത്ത് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്.
.
”ഒരുമാസമേ ആയിട്ടുള്ളൂ അവന്‍ ജോയിന്‍ ചെയ്തിട്ട്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു അവന്‍. കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു. ഇളയകുട്ടി മൂന്നാംക്ലാസില്‍ പഠിക്കുകയാണ്. നല്ല ഉയര്‍ന്ന മാര്‍ക്കോടെയാണ് എം.ബി.ബി.എസ്. പഠനത്തിനെത്തിയത്. ഒരു സൈലന്റ് പയ്യനായിരുന്നു. അവന്റെ മരണം ലക്ഷദ്വീപിന് മൊത്തം ഷോക്കായി”, അദ്ദേഹം പറഞ്ഞു.
ഇബ്രാഹിമിന്റെ മാതാപിതാക്കള്‍ ചൊവ്വാഴ്ച രാവിലെ ആന്ത്രോത്ത് ദ്വീപില്‍നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം അഗത്തിയിലെത്തും. അവിടെനിന്ന് വിമാനമാര്‍ഗം കൊച്ചിയിലേക്ക് തിരിക്കും. മാതാപിതാക്കള്‍ എത്തിയശേഷം എറണാകുളത്തായിരിക്കും ഇബ്രാഹിമിന്റെ കബറടക്കമെന്നും ബന്ധുക്കളും കുടുംബസുഹൃത്തുക്കളും അറിയിച്ചു.
.
ഒരുമിച്ച് പഠിക്കാന്‍ തുടങ്ങിയിട്ട് ഒന്നരമാസം, പൊട്ടിക്കരഞ്ഞ് സഹപാഠികള്‍…
ഒരുരാത്രി കൊണ്ട് അഞ്ച് സഹപാഠികളെ നഷ്ടമായതിന്റെ വേദനയിലാണ് ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍. കോളേജില്‍ ഇവരെല്ലാം ഒരുമിച്ച് പഠനം ആരംഭിച്ചിട്ട് കഷ്ടിച്ച് ഒന്നരമാസം ആകുന്നേയുള്ളൂ. കളിയും ചിരിയും പഠനവുമായി ഇനിയുള്ള അഞ്ചുവര്‍ഷക്കാലം 128-ാം ബാച്ചിന്റെ ഒപ്പമുണ്ടാകേണ്ടിയിരുന്ന അഞ്ചുപേരെയാണ് വാഹനാപകടം തട്ടിയെടുത്തത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് ആറ് സഹപാഠികള്‍ ഇപ്പോഴും ചികിത്സയിലാണ്.
അപകടവിവരമറിഞ്ഞതിന് പിന്നാലെ സഹപാഠികളും കോളേജിലെ മറ്റുവിദ്യാര്‍ഥികളും ആലപ്പുഴ വണ്ടാനം ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് കുതിച്ചെത്തി. പ്രിയപ്പെട്ടവരെ മരണം തട്ടിയെടുത്തെന്ന വിവരമറിഞ്ഞതോടെ പലര്‍ക്കും നിയന്ത്രണംനഷ്ടമായി. പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയും മുഖംകുനിച്ചിരുന്ന് തേങ്ങുന്നവരുടെയും കാഴ്ചകള്‍ മറ്റുള്ളവരെയും കണ്ണീരിലാഴ്ത്തി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെല്ലാം നിലവില്‍ ഐ.സി.യു.വിലാണുള്ളത്. ഈ ഐ.സി.യു.വിന് മുന്നിലും പ്രതീക്ഷയോടെ അവരുടെ സഹപാഠികളുമുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.