കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു

തൃശൂർ: കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂർ, കാസര്‍കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മലപ്പുറത്ത് പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധിയുണ്ടാവുക.

കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അത് സംബന്ധിച്ച അറിയിപ്പുകൾ വരും മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ചങ്ങനാശേരിയിൽ വ്യാപക മടവീഴ്ച. പായിപ്പാട്, കുറിച്ചി കൃഷിഭവൻ പരിധികളിലെ പാടശേഖരങ്ങളിലാണ് മടവീണത്. പുഞ്ചക്കൃഷിക്ക് വിത പൂർത്തിയായി നെല്ല് കിളിർത്ത് തുടങ്ങിയ പാടങ്ങളെല്ലാം വെള്ളത്തിലായി.  പായിപ്പാട് പഞ്ചായത്തിലെ കുന്നംപള്ളി, കാപ്പോണപ്പുറം, എട്ട്യാകരി, കാവാലിക്കരി, പൂവത്ത് തൊള്ളായിരം, പൂവത്ത് കിഴക്ക്, മൂല ആലഞ്ചേരി, കൈപ്പുഴാക്കൽ, നക്രാപുതുവൽ തുടങ്ങിയ ഭാഗങ്ങളിലെ 1500ലധികം ഏക്കർ കൃഷി വെള്ളത്തിലായി. കാപ്പോണപ്പുറം ഭാഗത്ത് 4 ഇടങ്ങളിലാണ് മടവീണത്. കുറിച്ചി പ‍ഞ്ചായത്തിലെ കരിക്കണ്ടം പാടശേഖരത്തിലും മടവീണു.

തമിഴ്നാട് നീലഗിരി മേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് പുന്നപ്പുഴയിൽ വെള്ളം ഉയർന്നു. നീലഗിരി വനമേഖലയിലാണ് മഴയുണ്ടായത്. വനത്തിൽനിന്ന് ഉദ്ഭവിച്ച് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന പുന്നപ്പുഴയിൽ മലവെള്ളപ്പാച്ചിൽ കണക്കെ പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. പുഴയിൽ വെള്ളം കൂടിയതോടെ വഴിക്കടവ് വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ ആദിവാസി ഊരുകളിലെ കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പുഴയിൽ ചങ്ങാടം ഉപയോഗിച്ചാണ് ഇവർ മറുകരയിലെത്തുന്നത്. ചങ്ങാടം ഇറക്കുന്ന പുഞ്ചക്കൊല്ലിക്കടവിൽ ശക്തമായ കുത്തൊഴുക്കാണ്. പുഞ്ചക്കൊല്ലി കടവിലുണ്ടായിരുന്ന ഇരുമ്പുപാലം 2019 ലെ പ്രളയത്തിൽ തകർന്നതാണ്. 5 വർഷം പിന്നിട്ടിട്ടും പുതിയ പാലം നിർമിക്കാനായിട്ടില്ല.

.
അതേസമയം, സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദ്ദേശം നൽകി.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!