300 പവനും ഒരു കോടിയും കവര്‍ന്നത് അയൽവാസി; ഒളിപ്പിച്ചത് കട്ടിലിലെ അറയിൽ, ‘സാധുവായ’ കള്ളൻ മറ്റു മോഷണ കേസിലും പ്രതി
കണ്ണൂര്‍: വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 300 പവൻ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തിൽ അറസ്റ്റിലായ അയൽവാസി ലിജീഷ് സ്ഥിരം മോഷ്ടാവെന്നു പൊലീസ്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. അന്ന് പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളം ലിജീഷിനെ കുടുക്കി. ഇതോടെയാണ് ഒരു വർഷം മുൻപു നടന്ന കേസിന്റെയും ചുരുളഴിയുന്നത്.
.
കീച്ചേരിയിൽനിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. 3 മാസം മുൻപു ഗള്‍ഫിൽനിന്നു തിരിച്ചുവന്ന ലിജീഷ് വളപട്ടണത്തെ വീട്ടിലെ ജനൽ ഇളക്കിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം കീച്ചേരിയിൽ മോഷണം നടത്തിയതും ജനൽ ഗ്രിൽ ഇളക്കിയായിരുന്നു. സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് സ്വർണവും പണവും സൂക്ഷിച്ചത്. വെൽഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലിനിടയിൽ ലോക്കറുണ്ടാക്കുകയായിരുന്നു.
.
ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതൽ സഹിതം പിടികൂടാനായതിന്‍റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും. പൊലീസുകാർ സ്റ്റേഷനിൽ ലഡു വിതരണം ചെയ്തു. ലിജീഷിനെ പിടികൂടിയത് അറിഞ്ഞ പലർക്കും ആശ്ചര്യമാണ്. ഇങ്ങനെയൊക്കെ ഇയാൾ ചെയ്യുമോയെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ലിജീഷിന്റെ വീട്ടിൽ നിന്നും പണവും സ്വർണവും പൊലീസ് കണ്ടെടുത്തു.
.
അഷ്റഫിന്റെ വീട്ടിൽ പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് ലിജീഷിന്റെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചിരുന്നു. അഷ്റഫിന്‍റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പൊലീസ് ആദ്യം മുതൽ സംശയിച്ചതാണു വഴിത്തിരിവായത്.
.
അഷ്റഫും കുടുംബവും 19ന് രാത്രി തമിഴ്നാട്ടിലെ മധുരയിൽ വിവാഹത്തിനു പോയ തക്കത്തിലായിരുന്നു മോഷണം. 24ന് കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇരുപതംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.
.