സൗദിയിൽ ഹുറൂബ് കേസിൽപ്പെട്ടവർക്ക് ആശ്വാസം; പദവി ശരിയാക്കാൻ 60 ദിവസം ഇളവ് പ്രഖ്യാപിച്ചു

റിയാദ്: ജോലിക്ക് ഹാജരാകാത്ത കാരണത്താൽ ‘ഹുറൂബ്’ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികൾക്ക് ആശ്വാസവാർത്ത. ഇത്തരത്തിൽ പ്രതിസന്ധിയിലായ വിദേശികൾക്ക് സൗദി അറേബ്യയിലെ ജവാസത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) 60 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചു. ഇളവ് കാലയളവിൽ തൊഴിലാളികൾക്ക് തങ്ങളുടെ ഹുറൂബ് നീക്കി പദവി ശരിയാക്കി ജോലിക്ക് ഹാജരാകാൻ അനുവദിച്ചുകൊണ്ടാണ് ജവാസാത്തിൻ്റെ പ്രഖ്യപാനം. മറ്റൊരു തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറാനും അവസരം ലഭിക്കും.  വിദേശ രാജ്യങ്ങളുടെ എംബസികൾക്ക്​ ബന്ധപ്പെട്ട സൗദി വകുപ്പിൽ നിന്ന് ലഭിച്ച​ സർക്കുലറിലാണ് ഈ വിവരം.

2024 ഡിസംബർ 1 മുതൽ 2025 ജനുവരി 29 വരെയാണ് ഈ ഇളവ് കാലയളവ്. തൊഴിലാളികൾക്ക് ‘ഖിവ’ പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കാം. ഇന്നലെ വരെ (നവംബർ 30) ഹുറൂബ് കേസിലകപ്പെട്ടവർക്കാണ് ഈ അവസരം. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

എന്താണ് ഹുറൂബ്?

‘ഹുറൂബ്’ എന്നത് ഒരു തൊഴിലാളി തന്റെ തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന അവസ്ഥയാണ്. ഇത് സൗദി അറേബ്യയിൽ ഗുരുതരമായ നിയമലംഘനമായി കണക്കാക്കപ്പെടുന്നു. തൊഴിലാളി ജോലിക്ക് ഹാജരാകുന്നില്ലെന്നോ, ഒഴിച്ചോടിയെന്നോ കാണിച്ച് തൊഴിലുടമ പരാതി നൽകുന്നതോടെയാണ് തൊഴിലാളിയെ ഹുറൂബ് അഥവാ ഒളിച്ചോടിയതായി പ്രഖ്യാപിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് പിന്നീട് ഇഖാമ പുതുക്കാനോ മറ്റൊരു തൊഴിലുടമയിലേക്ക് ജോലി മാറാനോ നാട്ടിൽ പോകാനോ സാധ്യമല്ലാതെ വരും. ഇത്തരക്കാർക്ക് ഏറെ ആശ്വാസമേകുന്നതാണ് 60 ദിവസത്തേക്ക് അനുവദിച്ച പുതിയ ഇളവ്.

ഇളവിന്റെ ലക്ഷ്യം:

  • തൊഴിലുടമ-തൊഴിലാളി ബന്ധം മെച്ചപ്പെടുത്തുക.
  • തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക.
  • തൊഴിലാളികൾക്ക് മികച്ച ജോലി അവസരങ്ങൾ നൽകുക.

പ്രധാന പോയിന്റുകൾ:

  • 60 ദിവസമാണ് ഇളവ് കാലയളവ്
  • ഖിവ പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കാം.
  • 2024 നവംബർ 30 വരെ ഹുറൂബിലകപ്പെട്ടവർക്കാണ് ഇളവ് ലഭിക്കുക.
  • 2025 ജനുവരി 29 വരെയാണ് ഇളവ് ലഭിക്കുക.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!