കല്യാണം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളുണ്ടായില്ല: വീട്ടിൽ നിന്ന് കടുത്ത സമ്മർദം; ഗർഭം അഭിനയിച്ച് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച് യുവതി, ഒടുവിൽ പിടിയിൽ
സംഭൽപൂർ: കുട്ടിയുണ്ടാവാൻ വീട്ടുകാരിൽ നിന്ന് സമ്മർദം കടുത്തതോടെ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച് യുവതി. ഒഡീഷയിലെ സംഭൽപൂരിലാണ് സംഭവം. ഗർഭിണിയാണെന്ന് അഭിനയിച്ചാണ് ജസ്പഞ്ജലി ഒരം (28) എന്ന യുവതി മോഷണം നടത്തിയത്. ഇവരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
.
കല്യാണം കഴിഞ്ഞ് ഏറെനാളായിട്ടും കുട്ടിയുണ്ടാവാഞ്ഞതിനാൽ ഏറെ സമ്മർദത്തിലായിരുന്നു ജസ്പഞ്ജലി. വീട്ടുകാരിൽ നിന്നുള്ള കുത്തുവാക്കുകൾ കടുത്തതോടെയാണ് കുഞ്ഞിനെ മോഷ്ടിക്കാൻ തുനിയുന്നത്. ഭർത്താവ് അരുണിനോട് പോലും പറയാതെ ആണ് മോഷണത്തിന് യുവതി പദ്ധതിയിടുന്നതും നടപ്പിലാക്കുന്നതും.
പഠിക്കുന്ന സമയം തൊട്ടേ പ്രണയത്തിലായിരുന്നു അരുണും ജസ്പഞ്ജലിയും. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അരുൺ പഠനമുപേക്ഷിച്ചതോടെ യുവതിയെ മറ്റൊരാളുമായി കുടുംബം വിവാഹം കഴിപ്പിച്ചു. ഇതിലൊരു കുട്ടിയുണ്ടായെങ്കിലും കുഞ്ഞുമായി യുവാവ് ഒളിച്ചോടി. പിന്നീട് മാതാപിതാക്കൾക്കൊപ്പം താമസമാരംഭിച്ചതിന് പിന്നാലെയാണ് അരുണും നാട്ടിലുണ്ടെന്ന വിവരം ജസ്പഞ്ജലി അറിയുന്നത്. തുടർന്ന് വീണ്ടും പ്രണയത്തിലായ ഇവർ ഒന്നിച്ച് താമസമാരംഭിച്ചു. ഈ ബന്ധത്തിൽ ജസ്പഞ്ജലി വീണ്ടും ഗർഭിണിയായെങ്കിലും അലസിപ്പോയി. തുടർന്നാണ് ഒരു കുട്ടിയ്ക്കായി വീട്ടുകാരിൽ നിന്ന് സമ്മർദം ശക്തമാകുന്നത്. ഇതോടെ യുവതി ഗർഭം അഭിനയിക്കാനാരംഭിച്ചു.
ജസ്പഞ്ജലി നുണ പറയുകയാണെന്ന് അരുണിന് പോലും അറിവുണ്ടായിരുന്നില്ല. ഇടയ്ക്കിടെ ചെക്കപ്പിന് പോകുന്നതൊക്കെ അരുണിലും മാതാപിതാക്കളിലും വിശ്വാസം വർധിപ്പിച്ചു. ഇത്തരമൊരു ചെക്കപ്പിനായി ഒഡീഷയിലെ വിംസർ ആശുപത്രയിലെത്തിയപ്പോഴാണ് ഛത്തീസ്ഗഢ് സ്വദേശി ഗീതയെ യുവതി പരിചയപ്പെടുന്നത്. യുവതിയുമായി ജസ്പഞ്ജലി അടുത്ത ബന്ധവും സ്ഥാപിച്ചു. പിന്നീട് താൻ ആൺകുഞ്ഞിന് ജന്മം നൽകിയെന്നും കുഞ്ഞ് ഐസിയുവിലാണെന്നും അരുണിനെയും വീട്ടുകാരെയും വിളിച്ചറിയിച്ച യുവതി ആരുമില്ലാതിരുന്ന സമയത്ത് ഗീതയുടെ കുഞ്ഞിനെയുമെടുത്ത് സ്ഥലം വിടുകയായിരുന്നു.
കുഞ്ഞിനെ കാണാതായതിനെ തുടർന്ന് ഗീതയുടെ കുടുംബം ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ജസ്പഞ്ജലിയെ കുടുക്കിയത്. കുഞ്ഞുമായി അപ്പോഴേക്കും രംഗാലിയിലെ വീട്ടിലെത്തിയിരുന്നു യുവതി. പൊലീസ് കുരുക്കിയതോടെ യുവതി കുറ്റം സമ്മതിച്ചു. സംഭവത്തിൽ അരുണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസിൽ ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ വിട്ടയച്ചിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.