ദമ്മാം ആസ്ഥാനമായി വരുന്നു സൗദിയിലെ മൂന്നാമത്തെ ദേശീയ വിമാന കമ്പനി; ഗതാഗത മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കും
റിയാദ്: അടുത്ത വർഷം മൂന്നാമത്തെ ദേശീയ വിമാന കമ്പനി പ്രഖ്യാപിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. ധനമന്ത്രാലയത്തിന്റെ 2025 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കിഴക്കൻ പ്രവിശ്യയിലെ ദമാം നഗരം ആസ്ഥാനമായാണ് പുതിയ വിമാനക്കമ്പനി പ്രവർത്തിക്കുക. രാജ്യത്തെ രണ്ടാമാത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ അടുത്ത വർഷം (2025) ൽ പ്രവർത്തനമാരംഭിക്കും. റിയാദ് എയറിൻ്റെ പ്രഖ്യാപനവേളയിൽ തന്നെ ദമാം ആസ്ഥാനമായുള്ള മൂന്നാമത്തെ ദേശീയ വിമാന കമ്പനിയെ കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു.
നിലവിൽ ദേശീയ വിമാന കമ്പനിയായ സൌദി എയർലൈൻസ് ജിദ്ദ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. അടുത്ത വർഷം പ്രവർത്തനമാരംഭിക്കാനിരിക്കുന്ന റിയാദ് എയറിൻ്റെ ആസ്ഥാനം റിയാദ് ആയിരിക്കും.
അല് ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം, അല് ബഹ അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗത്ത് ടെര് മിനൽ എന്നിവയുൾപ്പെടെ രാജ്യത്തെ നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സൌകര്യങ്ങൾ വിപുലീകരിക്കാനും തീരുമാനമുണ്ട്. ഇതിൻ്റെ ഭാഗമായി ഈ വിമാനത്താവളങ്ങളിൽ നിരവധി ലോഞ്ചുകള് ആരംഭിക്കും.
നിരവധി തുറമുഖങ്ങളിലായി 6 ലോജിസ്റ്റിക് സോണുകൾ ആരംഭിക്കുമെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സൗദിയിലെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബസുകൾ വഴിയുള്ള പൊതുഗതാഗത പദ്ധതികൾ നിരവധി ഗവർണറേറ്റുകളിൽ വ്യാപകമായി നടപ്പാക്കുമെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.