പകൽ ചെറിയ ജോലികൾ, രാത്രിയിൽ മുഖം മറച്ച് അർധനഗ്നരായി മോഷണത്തിനെത്തും, എതിർത്താൽ ആക്രമണം; ഭീതി വിതച്ച് വീണ്ടും കുറുവ സംഘം

കലവൂർ: തമിഴ്നാട്ടിലെ കുറുവ മോഷണസംഘം ജില്ലയിൽ എത്തിയെന്നു സൂചന; ജാഗ്രത പാലിക്കണമെന്നു പൊലീസിന്റെ മുന്നറിയിപ്പ്. മണ്ണഞ്ചേരി നേതാജി ജംക്‌ഷനു സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടിൽ നടന്ന മോഷണ ശ്രമത്തെ തുടർന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങൾ ലഭിച്ചത്. മുഖം മറച്ച് അർധ നഗ്നരായാണു കുറുവ സംഘം എത്താറുള്ളതെന്നു പൊലീസ് പറഞ്ഞു. പൊലീസിനു ലഭിച്ച ദൃശ്യങ്ങളിൽ രണ്ടു പേരുണ്ട്. ഇവർ മുഖം മറച്ചിട്ടുണ്ട്.
.

ഇവരുടെ വേഷത്തിൽ നിന്നും ശരീരഭാഷയിൽനിന്നുമാണു ഇതു കുറുവ സംഘമാണെന്നു പൊലീസ് ഉറപ്പിക്കുന്നത്. രേണുകയുടെ വീടിന്റെ അടുക്കള വാതിൽ തുറന്നു മോഷ്ടാക്കൾ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അടുത്ത ദിവസം പുലർച്ചെയാണു രേണുക മോഷണശ്രമം അറിഞ്ഞത്. തുടർന്ന് മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സമീപത്തെ വീട്ടിലെ സിസിടിവിയിൽനിന്നു മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു. പ്രദേശത്തു പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം റസിഡന്റ്സ് അസോസിയേഷനുകളോടും ജാഗ്രത പുലർത്താൻ പൊലീസ് നിർദേശിച്ചു.
.

പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന ഈ സംഘം രാത്രി മോഷണത്തിനെത്തും, എതിർത്താൽ ആക്രമിക്കും. കുറുവ സംഘത്തിന്റെ രീതി ഇങ്ങനെയെന്നു പൊലീസ് വിശദീകരിച്ചു. സംസ്ഥാനത്തു പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള തമിഴ്നാട് അതിർത്തിയിലാണ് ഇവരുടെ ഒരു താവളം. കുറുവ എന്നു കേരളത്തിൽ അറിയപ്പെടുന്ന ഇവരെ തമിഴ്നാട്ടിൽ നരിക്കുറുവ എന്നാണു വിളിക്കുന്നത്. കമ്പം, ബോഡിനായ്ക്കന്നൂർ, കോയമ്പത്തൂർ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളുണ്ട്. മോഷണമെന്ന കുലത്തൊഴിലിൽ നിന്ന് ഇവരെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ വീടുകൾ ഉൾപ്പെടെ നൽകിയെങ്കിലും പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
.

വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. പലപ്പോഴും മൂന്നുപേർ ഒന്നിച്ചാണു മോഷണത്തിന് എത്തുന്നത്. കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന വിധത്തിൽ തോർത്ത് തലയിൽ കെട്ടും. ഷർട്ടും ലുങ്കിയും അരയിൽ ചുരുട്ടിവച്ച് അതിനു മീതേ നിക്കർ ധരിക്കും. ശരീരത്തിൽ എണ്ണയും കരിയും പുരട്ടും. പിടികൂടിയാൽ വഴുതി രക്ഷപ്പെടാനാണിത്. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതിൽ തുറക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കും. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് ഇരച്ചുകയറുകയാണ് ഇവരുടെ ഒരു രീതി.
.

വീട്ടിൽ കയറുന്ന സംഘത്തിലെ ഒരാൾക്കു മാത്രമാകും സ്ഥലത്തെക്കുറിച്ചു പരിചയമുണ്ടാകുക. ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുന്ന രീതിയുമുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാൻ പ്രത്യേക കത്രിക ഉപയോഗിക്കും. ഇവർ നന്നായി മലയാളം സംസാരിക്കും. മോഷണം നടത്തുന്ന സ്ഥലങ്ങളിൽ മലയാളം മാത്രമേ സംസാരിക്കൂ. ആറു മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവർ മോഷണത്തിന് എത്തുന്നതെന്നും പറയപ്പെടുന്നു. മോഷണം ആസൂത്രണം ചെയ്താലുടൻ താമസസ്ഥലം മാറും. മോഷണ സ്ഥലത്തിനു കിലോമീറ്ററുകൾ അകലെയായിരിക്കും ആ സമയത്തു താമസിക്കുക. ഇവർ പതിവായി മോഷണത്തിനെത്തുന്ന ജില്ലകളിലൊന്ന് ആലപ്പുഴയാണെന്നാണു വിവരം.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!