അന്ന് പ്രായം 19, പ്രിയതമനെ വെട്ടിത്തുണ്ടമാക്കിയവർക്കുനേരെ ചൂണ്ടി ഹരിതക്ക് ഇപ്പോഴും പറയാനുള്ളത് അതേ വാക്കുകൾ

തേങ്കുറിശ്ശി (പാലക്കാട്): ജീവനിലേറെ സ്‌നേഹിച്ചവനൊപ്പം എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടവളാണ് ഹരിത. പ്രിയപ്പെട്ടവൻ ഒപ്പമില്ലെന്ന തിരിച്ചറിവിലും ഹരിത പോരാടി. പ്രിയതമന്റെ വിയോഗത്തിന് കാരണമായവർക്കെതിരേ ശക്തമായ മൊഴി നൽകി. ഒടുവിൽ ശിക്ഷാ വിധി വന്നപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് ഹരിത പറഞ്ഞു, ‘വിധിയിൽ തൃപ്തമല്ല, പേടിയുണ്ട്, പുറത്തിറങ്ങിയാൽ അവര് എന്നേയും അനീഷേട്ടന്റെ വീട്ടുകാരേയും കൊല്ലും’.
.
ബി.ബി.എ.യ്‌ക്ക്‌ രണ്ടാംവർഷം പഠിക്കുമ്പോഴായിരുന്നു ഹരിതയുടേയും അനീഷിന്റെയും വിവാഹം. പെയിന്റിങ്ങും കൂലിപ്പണിയുമൊക്കെയാണ് അനീഷിന്റെ കുടുംബാംഗങ്ങളുടെ ജീവിതോപാധി. പണിതീരാത്ത ചെറിയ വീട്ടിലാണ് പത്തംഗ കുടുംബം താമസിച്ചിരുന്നത്. പ്രണയവിവാഹമായതുകൊണ്ട് തന്നെ ഇരുവർക്കുമെതിരേ ഹരിതയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് വലിയ തോതിൽ ഭീഷണികളുണ്ടായിരുന്നു.

ഒന്നിച്ച് മൂന്നുമാസം തികച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഹരിതയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് ബന്ധുക്കളുടെ മൊഴി. ഒക്ടോബർ 27-നാണ് ഹരിത അനീഷിനൊപ്പം വീടുവിട്ട് ഇറങ്ങിവന്നത്. അന്നുതന്നെ ഇവർ കുഴൽമന്ദം പോലീസ് സ്‌റ്റേഷനിൽ ഹാജരായി. അനീഷിനൊപ്പം പോകാൻ അനുവദിക്കണമെന്ന 18 വയസ് പൂർത്തിയായ ഹരിതയുടെ നിയമപരമായ ആവശ്യം പോലീസ് അംഗീകരിച്ചു. ഇവർ ക്ഷേത്രത്തിൽവെച്ച് താലികെട്ട് നടത്തുകയും ചെയ്തു. ഇവർ തമ്മിലുള്ള അടുപ്പത്തിന്റെ പേരിൽ ഇരുകുടുംബവും തമ്മിൽ നേരത്തേ അസ്വാരസ്യമുണ്ടായതായി അയൽവാസികൾ പറഞ്ഞു.
ഇരുവരുടെയും വീടുകൾതമ്മിൽ ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ. വിവാഹശേഷം ഹരിതയുടെ അച്ഛൻ പ്രഭുകുമാർ മകളുടെ സർട്ടിഫിക്കറ്റുകളും രേഖകളും കൊണ്ടുവന്ന് കൊടുത്തിരുന്നു. ഒരു വാടകവീട് എടുത്തുകൊടുക്കാമെന്നും അവിടേക്ക് താമസം മാറണമെന്നും ആവശ്യപ്പെട്ടതായും ഇവർ അത് തള്ളിക്കളഞ്ഞതായും പറയുന്നു. അമ്മാവൻ സുരേഷ് ഇടയ്‌ക്കിടെ അനീഷിന്റെ വീട്ടിലെത്തി ചിലപ്പോൾ സ്‌നേഹത്തോടെയും മറ്റു ചിലപ്പോൾ ഭീഷണിയുടെ സ്വരത്തിലും സംസാരിച്ചിരുന്നുതായും സഹോദരൻ അരുൺ പറയുന്നു.

അനീഷ് കൊല്ലപ്പെടുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന സഹോദരൻ അരുണിന്റെ മൊഴിയും ഭാര്യ ഹരിതയുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. അരുണുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ ആണ് ഹരിതയുടെ പിതാവും അമ്മാവനും ചേർന്ന് തടഞ്ഞു നിർത്തി കൊലപ്പെടുത്തുന്നത്.

പിതാവിന്റേയും അമ്മാവന്റേയും ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിരുന്നു എന്ന് ഹരിത മൊഴി നൽകി. പോലീസ് സ്റ്റേഷനിൽ വെച്ച് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മൂന്നുമാസത്തിനുള്ളിൽ തങ്ങളെ കൊല്ലുമെന്ന് ഇവർ പറഞ്ഞതായും ഹരിത മൊഴി നൽകിയിരുന്നു. ഈ മൊഴികൾ കേസിൽ നിർണായകമായി.

‘അനീഷേട്ടന് നീതികിട്ടുംവരെ ഞാനിവിടെ ഉണ്ടാകും’ എന്നായിരുന്നു ഹരിത അനീഷിന്റെ വിയോഗത്തിന് പിന്നാലെ പറഞ്ഞത്. അന്നുമുതൽ അനീഷിന്റെ വീട്ടിൽ തന്നെയായിരുന്നു ഹരിത താമസിച്ചു വരുന്നത്. സ്വന്തം മകളെപ്പോലെയാണ് ഹരിതയേയും അനീഷിന്റെ വീട്ടുകാർ നോക്കിയിരുന്നത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!