ദിവ്യ ചികിത്സതേടി ആശുപത്രിയിലെത്തി; ചോദ്യം ചെയ്യാതെ പൊലീസ് ഒളിച്ചുകളി തുടരുന്നു, പാർട്ടി സംരക്ഷണമെന്ന് ആക്ഷേപം
കണ്ണൂർ: എഡിഎം കെ. നവീൻ ബാബു മരിച്ച് 12 ദിവസം പിന്നിടുമ്പോഴും കേസിലെ ഏക പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ തൊടാതെ പൊലീസ്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതികൂടി പരിഗണിച്ച് ദിവ്യയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചേർത്ത് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടും മൊഴിയെടുക്കാൻ പോലും പൊലീസ് തുനിഞ്ഞിട്ടില്ല.
.
ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷയിൽ ഉത്തരവ് പറയുക. മുൻകൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജറാകില്ലെന്നു ദിവ്യയോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു.
കളക്ടർ മുതൽ ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ വരെയുള്ളവരുടെ മൊഴി എടുത്തെങ്കിലും കേസിൽ ഏറ്റവും നിർണായകമായ, ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുടെ മൊഴി രേഖപ്പെടുത്താനോ ചോദ്യം ചെയ്യാനോ, പ്രതി ചേർത്ത് പതിനൊന്നം ദിവസവും പൊലീസ് തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ദിവ്യ ചികിത്സ തേടിയെന്ന് വിവരമുണ്ട്.അതേ സമയം ചൊവ്വാഴ്ചയിലെ കോടതി തീരുമാനം വന്ന ശേഷം കണ്ണൂർ ജില്ലാ കമ്മിറ്റി ദിവ്യക്കെതിരെ സംഘടന നടപടിയിലേക്ക് കടന്നേക്കും. പരമാവധി തരം താഴത്തൽ നടപടിയെടുത്ത് ഒതുക്കാനും ശ്രമമുണ്ട്. ബുധനാഴ്ച നേതൃയോഗങ്ങൾ ചേരുന്നുണ്ട്.
.
കണ്ണൂരിലെ സിപിഎമ്മിന്റെ മനസ്സറിഞ്ഞാണ് പൊലീസ് അറസ്റ്റ് പരമാവധി വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. റവന്യു വകുപ്പും ആരോഗ്യവകുപ്പും ഉന്നതോദ്യോഗസ്ഥരെ നിയോഗിച്ച് വകുപ്പുതല അന്വേഷണങ്ങൾ നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്തിട്ടും പൊലീസ് ഒളിച്ചുകളി തുടരുന്നത് പാർട്ടി ഇടപെടൽമൂലമാണെന്നാണ് ആക്ഷേപം. അന്വേഷണം ടൗൺ എസ്എച്ച്ഒയിൽനിന്ന് സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കൈമാറിയതുപോലും ഉപതിരഞ്ഞെടുപ്പുകളിൽ ഇതു പ്രതിഫലിക്കുമെന്ന് ഉറപ്പായതോടെയാണ്.
.
കോടതിയിലോ അന്വേഷണസംഘത്തിനു മുന്നിലോ കീഴടങ്ങാൻ ഉദ്ദേശ്യമില്ലെന്ന് ദിവ്യയുമായി അടുപ്പമുള്ളവരും വ്യക്തമാക്കുന്നു. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ പഞ്ചായത്ത് ഓഫിസ് ജീവനക്കാരിൽനിന്നു മൊഴിയെടുത്തു. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം ഇന്നലെ ജില്ലാ വികസനസമിതി യോഗം അംഗീകരിച്ചു. പതിവായി വേദിയിലുണ്ടാകാറുള്ള ദിവ്യയ്ക്കെതിരെയുള്ള പ്രമേയം എതിരില്ലാതെയാണ് അംഗീകരിച്ചത്.
.