ഗസ്സയിലെ യുദ്ധഭൂമിയില്‍ കുഞ്ഞനിയത്തിയെയും ഒക്കത്തേറ്റി ഖമര്‍ അലഞ്ഞുനടന്നു, വൈദ്യസഹായം തേടി – വീഡിയോ

ഏഴു വയസ്സുകാരി ഖമര്‍ സുബഹ് തന്റെ പിഞ്ചുസഹോദരിയെയും ഒക്കത്തേറ്റി ഗാസയിലെ സംഘര്‍ഷഭൂമിയിലൂടെ വൈദ്യസഹായത്തിനായി നടന്നത് ഒരു മണിക്കൂര്‍. ഖമര്‍ കുഞ്ഞനുജത്തിയെ ഒക്കത്തേറ്റി നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സഹായഹസ്തവുമായി യു.എ.ഇയിലെ സന്നദ്ധസംഘടന ഗാസയിലെത്തി ഖമാറിനെയും കുടുംബത്തെയും തേടിപ്പിടിച്ചു. ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3 എന്ന സംഘടനയാണ് ഖമറും സഹോദരിയും മാതാവും താമസിക്കുന്ന ടെന്റ് കണ്ടെത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്.
.
കാറിടിച്ച് പരിക്കേറ്റ കുഞ്ഞനുജത്തിയെയും ഒക്കത്തെടുത്ത് ഖമര്‍ നടന്നുപോകുന്ന ദൃശ്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ നിരവധി പേര്‍ പ്രതികരണവുമായി എത്തിയിരുന്നു. ഖമറും കുടുംബവും താമസിക്കുന്ന ടെന്റിലേക്ക് ഓപ്പറേഷന്‍ ഗാലന്റ നൈറ്റ് ടീം എത്തിയപ്പോള്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. കീറിപ്പറഞ്ഞ ടെന്റില്‍ അടിസ്ഥാന ആവശ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. കുഞ്ഞനുജത്തിയെയും കൊണ്ട് എങ്ങനെയാണ് അത്രയും ദൂരം വൈദ്യസഹായം തേടി പോയതെന്ന് ഖമര്‍ സംഘടനാപ്രതിനിധികള്‍ക്ക് വിശദമാക്കി കൊടുത്തു. ഖമറിന്റെ മാതാവുമായി സംസാരിച്ച സംഘടന കുടുംബത്തിനായി പുതിയൊരു ടെന്റ് നിര്‍മിച്ചു നല്‍കി. അവശ്യസാധനങ്ങളടങ്ങിയ പെട്ടികളും അവര്‍ കൈമാറി. യു.എ.ഇയോടുള്ള സ്‌നേഹവും കൃതജ്ഞതയും ‘ഐ ലവ് യു യു.എ.ഇ’ എന്ന് ഖമര്‍ ഉറക്കെപ്പറഞ്ഞുകൊണ്ടാണ് പ്രകടിപ്പിച്ചത്. തന്റെ കുടുംബത്തിന് വളരെ അത്യാവശ്യമായതെല്ലാം നല്‍കിയ സംഘത്തെ മാറിനിന്ന് നിരീക്ഷിക്കുകയായിരുന്നു ഖമര്‍.
.


.
ഗാസയുടെ ഛിന്നഭിന്നമായ തെരുവിലൂടെ തന്റെ സഹോദരിയെയും എടുത്തുകൊണ്ട് നടന്നുപോകുന്ന ഖമര്‍ സുബഹിന്റെ വീഡിയോ തിങ്കളാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എത്ര യാതനകള്‍ സഹിച്ചാലും വൈദ്യസഹായം ലഭിക്കണമെന്ന ദൃഢനിശ്ചയത്തോടെ അനിയത്തിയെയും ഒക്കത്തേറ്റി നടന്നുപോകുന്ന ഖമറിന്റെ ദൃശ്യം അതീവവൈകാരികതയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അനിയത്തിയുടെ ഒരു കാല്‍ പ്ലാസ്റ്ററില്‍ പൊതിഞ്ഞായിരുന്നു ഉളളത്. പരിക്ക് കാരണം നടക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോഴാണ് അനിയത്തിയെയും എടുത്ത് ഖമര്‍ നടക്കാന്‍ തീരുമാനിച്ചത്.
.

.

എന്തിനാണ് അനിയത്തിയെ എടുത്തത് എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ ‘അവളെ ഒരു കാറിടിച്ചു’ എന്നായിരുന്നു ഖമറിന്റെ മറുപടി. വൈദ്യസഹായം ലഭിക്കുന്നിടത്തേക്ക് എത്താനായി ഒരു മണിക്കൂറായി നടന്നുകൊണ്ടിരിക്കുകയായിരുന്നു ഖമര്‍.
.


.

അനിയത്തിയെയും എടുത്തുകൊണ്ട് നടക്കുമ്പോള്‍ ക്ഷീണിതയാവുന്നില്ലേ എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ ഖമര്‍ പറയുന്നുണ്ട്: ‘ഞാന്‍ ക്ഷീണിതയാണ്. ഒരു മണിക്കൂറായി ഇവളെയും എടുത്ത് നടക്കുന്നു, പക്ഷേ ഇവള്‍ക്ക് നടക്കാനാവില്ലല്ലോ’ ഗാസയില്‍ താല്‍ക്കാലിക വൈദ്യസഹായം ലഭ്യമാക്കിയിരുന്ന അല്‍ ബുറൈജ് പാര്‍ക് ലക്ഷ്യമാക്കിയാണ് ഖമര്‍ നടന്നിരുന്നത്.
.


.

നെഞ്ചുതുളയ്ക്കുന്ന ജീവിതകഥകള്‍ക്കാണ് ഗസ്സ സാക്ഷ്യം വഹിക്കുന്നത്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമാവുമ്പോള്‍ ജീവിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെട്ട് കഴിയുന്ന കൊച്ചുകുട്ടികളും മാതാപിതാക്കളും ഒരുപോലെ ഉറ്റുനോക്കുന്നത് അടുത്ത നിമിഷം തങ്ങള്‍ക്ക് ജീവനുണ്ടാവുമോ എന്നുമാത്രമാണ്. 2023 ഒക്ടോബര്‍ ഏഴിനു തുടങ്ങിയ സംഘര്‍ഷം ബോംബുകളായും ഷെല്ലുകളായും വെടിയുണ്ടകളായും ഒരു വര്‍ഷമായി ചിന്നിച്ചിതറിച്ചുകൊണ്ടിരിക്കുന്നത് എണ്ണമറ്റ ജീവനുകളെയാണ്. ഖമറിനെപ്പോലുള്ളവര്‍ സ്വന്തം മണ്ണില്‍നിന്നു വലിച്ചെറിയപ്പെടുന്നത് അനാഥത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ്.
.

Share
error: Content is protected !!