പുല്ലുചെത്താനെന്ന പേരിൽ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ബംഗാള്‍ സ്വദേശിയുടെ ഉടുതുണിയടക്കം മോഷ്ടിച്ചു; യുവാവ് പിടിയില്‍

ഹരിപ്പാട്: പുല്ലുചെത്താനുള്ള ജോലിക്കെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയ പശ്ചിമബംഗാള്‍ സ്വദേശിയുടെ ഉടുതുണിയും 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 5,000 രൂപയും അപഹരിച്ചുകടന്നയാള്‍ പിടിയില്‍. അമ്പലപ്പുഴ പുറക്കാട് വൈപ്പിന്‍പാടത്തില്‍ കൈതവളപ്പില്‍ അന്‍വര്‍ (35) ആണ് വീയപുരം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മണിക്കൂറുകള്‍ക്കകം വീടിനടുത്തുനിന്ന് ഇയാളെ പിടിച്ച പോലീസ് പശ്ചിമബംഗാള്‍ സ്വദേശിയുടെ പാന്റും ഷര്‍ട്ടും മൊബൈല്‍ ഫോണും പണവും വീണ്ടെടുത്തു. ഡാണാപ്പടിയില്‍ വാടകയ്ക്കു താമസിച്ച് പലവിധ ജോലികള്‍ ചെയ്തുവരുന്ന പശ്ചിമബംഗാളിലെ മാള്‍ഡാ സ്വദേശി അബു കലാമാണ് (27) തട്ടിപ്പിനിരയായത്.
.
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ അബു കലാം ഹരിപ്പാട് കച്ചേരി ജങ്ഷനിലെ എ.ടി.എമ്മില്‍നിന്ന് 5,000 രൂപയെടുത്ത് പുറത്തിറങ്ങി. ഈ സമയം സ്‌കൂട്ടറില്‍ പുറത്തുനിന്നിരുന്ന അന്‍വര്‍ തന്റെ പാടത്ത് പുല്ലുചെത്താന്‍ രണ്ടുമണിക്കൂറിന്റെ ജോലിയുണ്ടെന്നും ഒപ്പംവരാനും പറഞ്ഞു. ഇതു വിശ്വസിച്ച അബു കലാം സ്‌കൂട്ടറില്‍ കയറി. വീയപുരം മങ്കോട്ടച്ചിറ ഭാഗത്തെത്തിയപ്പോള്‍ വണ്ടിനിര്‍ത്തി. സമീപത്തെ പാടത്തെ പുല്ലുചെത്താന്‍ പറഞ്ഞു.

അബു കലാം ധരിച്ചിരുന്ന നല്ലവസ്ത്രങ്ങള്‍ മാറ്റി ധരിക്കാന്‍ പഴകിയ വസ്ത്രങ്ങള്‍ നല്‍കിയിട്ട് കൈവശമുള്ള സാധനങ്ങള്‍ സ്‌കൂട്ടറില്‍ സൂക്ഷിക്കാനും ആവശ്യപ്പെട്ടു. അബു കലാം ജോലി തുടങ്ങിയപ്പോഴേക്കും അന്‍വര്‍ സ്ഥലംവിട്ടു. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ആകെ തകര്‍ന്നുപോയ അബു നാട്ടുകാരോട് വിവരം പറഞ്ഞു. അവരാണ് പോലീസില്‍ അറിയിച്ചത്.

പോലീസെത്തി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇരുവരും സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. സ്‌കൂട്ടറിന്റെ ആര്‍.സി. ഉടമ അമ്പലപ്പുഴ സ്വദേശിനിയായ യുവതിയാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവിന്റെ സുഹൃത്തായ അന്‍വറാണ് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതെന്ന് മനസ്സിലായത്. മോഷണത്തിനുശേഷം വീട്ടിലെത്തിയിട്ട് പുറത്തേക്കിറങ്ങുന്നതിനിടെ പ്രതിയെ പിടികൂടുകയും ചെയ്തു.

മലപ്പുറത്തും സമാനതട്ടിപ്പ്

മലപ്പുറം ജില്ലയിലെ വാഴക്കാല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒക്ടോബര്‍ ഏഴിന് പ്രതി സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. അവിടെയും ഇതരസംസ്ഥാന തൊഴിലാളിയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുത്തു. ഈ കേസില്‍ പോലീസ് അന്വേഷണം നടത്തിവരുകയാണ്. ഗള്‍ഫിലായിരുന്ന അന്‍വര്‍ അഞ്ചുമാസം മുന്‍പാണ് നാട്ടിലെത്തിയത്. കോഴിക്കോട്ടുനിന്ന് 22,000 രൂപയ്ക്കു വാങ്ങിയ പഴയ സ്‌കൂട്ടറില്‍ കറങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്.

സ്‌കൂട്ടര്‍ അന്‍വര്‍ വാങ്ങിയതാണെങ്കിലും സുഹൃത്തിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് പറയുന്നു. തനിക്ക് ആധാര്‍ കാര്‍ഡില്ലാത്തതിനാലാണിതെന്നും പ്രതി മൊഴിനല്‍കി. എസ്.എച്ച്.ഒ. ഷെഫീക്കിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ. കെ. രാജീവ്, സിവില്‍പോലീസ് ഓഫീസര്‍മാരായ പ്രതാപ് മേനോന്‍, അനീഷ് അനിരുദ്ധന്‍, വിപിന്‍ വിക്രമന്‍, രഞ്ജിത്ത്, സുനില്‍, ദീപക് ഹരികുമാര്‍, ഷുക്കൂര്‍, സുനില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
.

 

Share
error: Content is protected !!