നവീൻ ബാബു അസ്വസ്ഥനായി നാലരമണിക്കൂർ റെയിൽവേ സ്റ്റേഷനിൽ ചെലവഴിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ തന്നെയെന്നും കണ്ടെത്തി, ദിവ്യ കൂടുതൽ കുരുക്കിൽ

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻ ബാബു ആത്മഹത്യ ചെയ്യുന്നതിന് മുൻപ് നാലരമണിക്കൂർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചെലവഴിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇത് മനസ്സിലായത്. മാനസികനില തകർത്ത യാത്രയയപ്പ് യോഗത്തിനുശേഷം വൈകീട്ട് ആറോടെ ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ട അദ്ദേഹം 200 മീറ്റർ ദൂരെ മുനീശ്വരൻ കോവിലിന് സമീപം ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് കാറിൽനിന്ന് ഇറങ്ങിയിരുന്നു. കോവിൽ പരിസരത്ത് കുറച്ച് സമയം ചെലവഴിച്ചശേഷം 6.45-ഓടെ ഓട്ടോറിക്ഷയിൽ താമസസ്ഥലമായ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പിന്നീട് ഭാര്യ ഉൾപ്പെടെ മൂന്നുപേർക്ക്‌ ഫോൺ ചെയ്തു. നേരത്തേ ബുക്ക് ചെയ്ത മലബാർ എക്സ്പ്രസിന് നാട്ടിലേക്ക് പോകാനായി 8.35-ഓടെ ക്വാർട്ടേഴ്സ് പൂട്ടിയിറങ്ങി. പള്ളിക്കുന്നിൽനിന്ന്‌ ഓട്ടോറിക്ഷയിൽ നേരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും തീവണ്ടി സ്റ്റേഷൻ വിട്ടിരുന്നു. അതോടെ ബാഗുമായി പ്ലാറ്റ്‌ഫോമിലെ കസേരയിൽ തലചായ്ച്ച്‌ അരമണിക്കൂറോളം ഇരുന്നു. വീണ്ടും ഫോൺ വിളിച്ചു. പിന്നീട് ഇരിപ്പിടത്തിൽ ബാഗ് വെച്ചശേഷം പ്ലാറ്റ്ഫോമിലൂടെ കൂറെദൂരം നടന്നു. അതിനിടയിൽ പാളത്തിൽ ഇറങ്ങുന്നതായും സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.

അസ്വസ്ഥനായി പ്ളാറ്റ്‌ഫോമിൽ

സ്റ്റേഷനകത്ത് നടക്കുകയും ഇരിക്കുകയും ചെയ്യുന്നതിനിടയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ഇടയ്ക്ക് ഫോൺ ചെയ്തു. പിന്നീട് വീണ്ടും സീറ്റിലെത്തിയശേഷം മണിക്കൂറുകളോളം സാമൂഹികമാധ്യമങ്ങളിൽ നോക്കിയിരുന്നു. പുലർച്ചെ ഒന്നോടെ ബാഗുമായി സ്റ്റേഷന് പുറത്തിറങ്ങി. റോഡിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ വീണ്ടും പള്ളിക്കുന്നിലെ താമസസ്ഥലത്തേക്ക് പോയി. പുലർച്ചെ 1.30 വരെ ഓൺലൈനിൽ ‌ഉണ്ടായതായി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പുലർച്ചെ നാലിനും ആറിനും ഇടയിലുള്ള സമയത്താണ് ജീവനൊടുക്കിയത്.

പ്രതി പി പി ദിവ്യ കൂടുതൽ കുരുക്കിൽ.

നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് കണ്ടെത്തല്‍. ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാദേശിക ചാനലില്‍ നിന്ന് ദിവ്യ യാത്രയയപ്പിന്‍റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും മൊഴിയുണ്ട്. പല മാധ്യമങ്ങള്‍ക്കും ദൃശ്യങ്ങള്‍ നല്‍കിയത് ദിവ്യയാണെന്നും വ്യക്തമായി. ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.

കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവ്വം ഫയൽ വൈകിപ്പിച്ചെന്ന ആരോപണത്തിൽ ഒരു തെളിവും മൊഴികളും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീൻ ബാബു കോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. റോഡിൽ വളവ് ഉണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിഎം ടൗൺ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോർട്ട് തേടുക ആയിരുന്നു. ഭാവിയിൽ വീതി കൂട്ടും എന്ന അടിസ്ഥാനത്തിൽ പ്ലാനിങ് വിഭാഗം അനുകൂലിച്ചു. എഡിഎം നിയമ പരിധിക്കുള്ളിൽ നിന്നാണ് ഇടപെട്ടത് എന്നാണ് മൊഴികൾ. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ സംഭവത്തില്‍ ഇതുവരെ മൊഴി കൊടുത്തിട്ടുമില്ല.

.

Share
error: Content is protected !!