250ഓളം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പറന്ന ഇൻഡിഗോ വിമാനം റിയാദിലിറക്കി; സാങ്കേതിക കാരണമെന്ന് വിശദീകരണം
റിയാദ്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് ഇന്നലെ പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക കാരണങ്ങളാൽ റിയാദിലിറക്കി. ഇതോടെ ഉംറ തീർഥാടകരുൾപ്പടെ 250ഓളം യാത്രക്കാർ പ്രയാസത്തിലായി.
.
കരിപ്പൂരിൽ നിന്ന് തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 9.10 ന് പുറപ്പെട്ട വിമാനം സൗദി സമയം 12 മണിയോടെ ജിദ്ദയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ അവിചാരിതമായുണ്ടായ സാങ്കേതിക കാരണങ്ങളാൽ ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവൻ വിമാനത്താവളത്തിലെ ടെർമിനലിലേക്ക് മാറ്റുകയും ചെയ്തു. അതിൽ കുറച്ചധികം പേരെ ചൊവ്വാഴ്ച രാവിലെയോടെ ഡൊമസ്റ്റിക് ടെർമിനിലേക്ക് കൊണ്ടുവന്നു.
വിവിധ ആഭ്യന്തര വിമാനങ്ങളിൽ ജിദ്ദയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇൻഡിഗോയുടെ റിയാദിലെ അധികൃതർ. പുലർച്ചെ ഒരു കേക്കും ജ്യൂസും മാത്രമാണ് കിട്ടിയതെന്നും ഭക്ഷണം കിട്ടാത്തത് പ്രയാസത്തിലാക്കിയെന്നും യാത്രക്കാർ പറഞ്ഞു. ആറ് ഉംറ ഗ്രൂപ്പുകള്‍ക്ക് കീഴിൽ പുറപ്പെട്ട തീർഥാടകരും ജിദ്ദയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് യാത്രക്കാരായുള്ളത്.
.
സമയത്തിന് ഭക്ഷണം കിട്ടാത്തതിനാൽ കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പടെയുള്ളവർ പ്രയാസം അനുഭവിക്കുകയാണ്. എന്നാൽ അവർക്ക് ആവശ്യമായ ഭക്ഷണമെത്തിക്കാനും ലഭ്യമായ വിമാനങ്ങളിലും ബസ് മാർഗവും യാത്രക്കാരെ ജിദ്ദയിലെത്തിക്കാൻ ശ്രമം നടത്തുകയാണെന്നും ഇൻഡിഗോ വൃത്തങ്ങൾ അറിയിച്ചു.
.